19 December Friday

പുത്തരിക്കണ്ടത്ത്‌ എത്തും കൊച്ചി വാട്ടർ മെട്രോ

സ്വന്തം ലേഖകൻUpdated: Friday Sep 29, 2023
തിരുവനന്തപുരം> സംസ്ഥാനത്തെ ജലഗതാഗത സംവിധാനത്തിൽ ആധുനിക പാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ പ്രദർശനത്തിന്‌ എത്തിക്കുന്നത്. കേരളീയത്തിന്റെ പ്രധാന തീമുകളിലൊന്നായ ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണിത്. 
 
പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം  മൈതാനിയിലാകും വാട്ടർ മെട്രോയുടെ പ്രദർശനം. ജനങ്ങൾക്ക് മെട്രോയിൽ കയറാൻ അവസരമൊരുക്കും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ടാണ്‌ എത്തിക്കുക. ജലപാത നവീകരിച്ചുള്ള വികസനമുന്നേറ്റത്തിന്റെ സാക്ഷ്യപത്രം എന്നനിലയിൽ കൂടിയാണ് നൂറു ശതമാനം ഹരിത ഊർജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോ പ്രദർശിപ്പിക്കുന്നത്‌.
 
ജലസംരക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഇൻസ്റ്റലേഷനും പ്രദർശനവുമുണ്ടാകും. സെൻട്രൽ സ്റ്റേഡിയത്തിലും കനകക്കുന്നിലും യൂണിവേഴ്സിറ്റി കോളേജിലും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റലേഷനുകൾ ഉണ്ടാകും. കനകക്കുന്നിലെ ഭക്ഷ്യമേളയിൽ മലിനജലം സ്വഭാവികരീതിയിൽ ശുദ്ധീകരിക്കുന്ന ഡിവാട്ട്സ് (ഡീസെൻട്രലൈസ്ഡ് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ്) സംവിധാനത്തിന്റെ മാതൃകാപ്രദർശനവും ഉണ്ടാകും. ജലം സംരക്ഷിക്കൂ, ഹരിതമായിരിക്കൂ (സേവ് വാട്ടർ, സ്റ്റേ ഗ്രീൻ) എന്ന മുദ്രാവാക്യത്തിലൂന്നിയാകും ക്യാമ്പയിൻ. ജലസംരക്ഷണക്യാമ്പയിന്റെ വിജയത്തിനായി നവകേരളം മിഷൻ കോ- ഓർഡിനേറ്റർ ഡോ. ടി എൻ സീമ അധ്യക്ഷയായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top