26 April Friday

4 ജലമെട്രോ ബോട്ടുകൂടി കപ്പൽശാലയിൽ തയ്യാർ

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022

കൊച്ചി കായലിൽ ട്രയൽ പൂർത്തിയാക്കുന്ന ജലമെട്രോ ബോട്ടുകൾ കപ്പൽശാലയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ വിക്രാന്തിനുസമീപം

കൊച്ചി> രാജ്യത്തെ ആദ്യ ജലമെട്രോയായി മാറുന്ന കൊച്ചി ജലമെട്രോയ്‌ക്കുള്ള നാല്‌ ബോട്ടുകൾ കെഎംആർഎല്ലിന്‌ കൈമാറാൻ കൊച്ചി കപ്പൽശാലയിൽ തയ്യാർ. ജൂലൈ ആദ്യം രണ്ട്‌ ബോട്ടും അവസാനവാരത്തോടെ ശേഷിക്കുന്നവയും ജലമെട്രോയുടെ ഭാഗമാകും. ഇതോടെ ജലമെട്രോയിൽ ആകെ അഞ്ച്‌ ബോട്ടുകളാകും. ജൂലൈയിൽത്തന്നെ ജലമെട്രോയുടെ ആദ്യഘട്ട സർവീസ്‌ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ കെഎംആർഎൽ.

നിർമാണം പൂർത്തിയായ നാല്‌ ബോട്ടുകളുടെ കാര്യക്ഷമതാപരിശോധനയുടെ ഭാഗമായ ട്രയൽ അന്തിമഘട്ടത്തിലാണ്‌. വിവിധ സാങ്കേതികപരിശോധനകളും ഭാരപരിശോധന ഉൾപ്പെടെയുള്ളവയുമാണ്‌ നടക്കുന്നത്‌. ബാറ്ററിയിലും ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളായതിനാൽ നിർമാണവും പരിശോധനകളും ശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതുണ്ട്‌. രണ്ട്‌ സംവിധാനങ്ങളിലും പ്രവർത്തിപ്പിക്കാവുന്ന അത്യാധുനിക ബോട്ടുകളുടെ നിർമാണം കപ്പൽശാലയിൽ ആദ്യമാണ്‌. ഓസ്‌ട്രേലിയയിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത അലുമിനിയം കട്ടമരൻ ഹള്ളിലാണ്‌ നിർമാണം. മണിക്കൂറിൽ എട്ട്‌ നോട്ടിക്കൽ മൈലാണ്‌ ബോട്ടുകളുടെ വേഗം.

ബോട്ടുകളിൽ ആദ്യത്തേത്‌ കഴിഞ്ഞ ഡിസംബറിൽ കൈമാറിയിരുന്നു. മുസിരിസ്‌ എന്നുപേരിട്ട ബോട്ട്‌ ഇപ്പോൾ വൈറ്റില- കാക്കനാട്‌ ജലമെട്രോ പാതയിൽ ട്രയൽ നടത്തിവരികയാണ്‌. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ്‌ ഈ റൂട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌. കൊച്ചി ദ്വീപസമൂഹങ്ങളെ ബന്ധിപ്പിച്ചുള്ള റൂട്ടിലാകും ആദ്യ സർവീസുകൾ. ഹൈക്കോടതി ജെട്ടിയിൽനിന്ന്‌ വൈപ്പിൻ ദ്വീപുകളെ ആദ്യഘട്ടത്തിൽ ജലമെട്രോയുടെ ഭാഗമാക്കുന്നതോടെ അവിടത്തെ യാത്രാപ്രശ്‌നങ്ങൾക്കും വലിയ പരിഹാരമാകും. ബോട്ടുകളുടെ യാത്ര നിരീക്ഷിക്കാൻ വൈറ്റില ഹബ്ബിൽ ഓപ്പറേറ്റിങ്‌ കൺട്രോൾ സെന്ററും സജ്ജമാണ്‌.

ആകെയുള്ള 38 ടെർമിനലുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകളാണ് പൂർത്തിയായത്. വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോർട്ട്‌, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ  എന്നിവയുടെ നിർമാണം പൂർത്തീകരണഘട്ടത്തിലാണ്‌. ഹൈക്കോർട്ട്- വൈറ്റില റൂട്ടിൽ ഡ്രഡ്ജിങ്ങും പുരോഗമിക്കുന്നു. ബോട്ടും ടെർമിനലും പ്രവർത്തിപ്പിക്കാൻ ജീവനക്കാരുടെ പരിശീലനവും തുടങ്ങിക്കഴിഞ്ഞു. നവംബറോടെ ജലമെട്രോ പൂർണസജ്ജമാകും. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളിൽ 78 ബോട്ടുകൾ സർവീസ്‌ നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top