20 April Saturday

വഖഫ് ബോർഡ് പിഎസ്‌സി നിയമനം; അവസാനിക്കുന്നത്‌ മുസ്ലിംലീഗിന്റെ അധികാരക്കൊതി

സി പ്രജോഷ്‌കുമാർUpdated: Wednesday Nov 17, 2021

മലപ്പുറം > വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക്‌ വിടുന്നതോടെ അവസാനിക്കുന്നത്‌ മുസ്ലിംലീഗിന്റെ അധികാരക്കൊതി. ബോർഡിൽ രജിസ്‌റ്റർചെയ്‌ത സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയസ്വാധീനം നിലനിർത്തുകയാണ്‌ ലീഗ്‌ രീതി. നിയമനം പിഎസ്‌സി മുഖേനയാകുമ്പോൾ  ഈ അഭ്യാസം അവസാനിക്കും‌. വഖഫ് ബോർഡിൽ നിലവിലെ നിയമമനുസരിച്ച് രണ്ട് അംഗങ്ങളെ ബോർഡിൽ രജിസ്റ്റർചെയ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക്‌ (മുതവല്ലികൾ) വോട്ടുചെയ്‌ത്‌ തെരഞ്ഞെടുക്കാം. കാലങ്ങളായി ലീഗാണ് ഈ സീറ്റുകളിൽ വിജയിക്കാറുള്ളത്‌‌.  കഴിഞ്ഞ 25 വർഷമായി ലീഗ് നേതാക്കളായ എം സി മായിൻ ഹാജിയും അഡ്വ. സൈനുദ്ദീനുമാണ് തെരഞ്ഞെടുക്കപ്പെടുന്നത്‌. ഒരു മുസ്ലിം പണ്ഡിതനെപ്പോലും ലീഗ് മത്സരിപ്പിച്ചിട്ടില്ല.

ലീഗിനോട് ആഭിമുഖ്യമില്ലാത്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ മുടക്കുന്നതും പതിവാണ്. എൽഡിഎഫ്‌ ഭരണത്തിൽ രജിസ്ട്രേഷൻ നൽകാൻ തീരുമാനമെടുത്താൽപ്പോലും ജീവനക്കാരെ ഉപയോഗിച്ച് അട്ടിമറിക്കും. എ പി വിഭാഗം എതിർകക്ഷികളായ പരാതികൾക്ക്‌ ലീഗ്‌ അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി തടയിടും. പരാതികളിൽ പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കുന്നത് ജീവനക്കാരാണ്. ബോർഡിൽ ലീഗനുകൂല ജീവനക്കാരെ കുത്തിനിറയ്‌ക്കാനും അടവുകളുണ്ട്‌. ഭരണമാറ്റം മുന്നിൽക്കണ്ട്‌ യുഡിഎഫ് കാലത്ത്‌  ജീവനക്കാരുടെ നീണ്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണ്‌ ചെയ്യുന്നത്‌. പിന്നീട്‌ ഈ റാങ്ക് ലിസ്റ്റിൽനിന്നേ നിയമനം നടത്താനാകൂ.

കെട്ടിക്കിടക്കുന്ന രജിസ്ട്രേഷൻ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ കഴിഞ്ഞ എൽഡിഎഫ്‌ ഭരണത്തിൽ തീരുമാനിച്ചിരുന്നു. അദാലത്തുകളിലൂടെ  ഇതിന്‌ വേഗംകൂട്ടാൻ മന്ത്രി വി അബ്ദുറഹ്മാൻ നിർദേശം നൽകിയിട്ടുണ്ട്‌. അന്യാധീനപ്പെട്ടുകിടക്കുന്ന വഖഫ് സ്വത്തുക്കൾ കണ്ടെത്താൻ സർവേ കമീഷണറെയും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ചുമതലപ്പെടുത്തി. 75 ശതമാനം സർവേ ഇതിനകം പൂർത്തിയായി. അത്‌ പൂർണമാകുന്നതോടെ സമുദായ പ്രമാണിമാർ കാലങ്ങളായി കൈയടക്കിയ, കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുവകകളാണ്‌ ബോർഡിന്‌ ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top