02 May Thursday

ലീഗിന്റേത് സംഘപരിവാറിനുള്ള പച്ചക്കൊടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 

തിരുവനന്തപുരം  
പള്ളികളെ രാഷ്‌ട്രീയ പ്രചാരണ കേന്ദ്രമാക്കാനുള്ള മുസ്ലിം ലീഗ്‌ തീരുമാനം സംഘപരിവാറിനുള്ള പച്ചക്കൊടി കാണിക്കലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിട്ട കളിയാണ്‌ ലീഗിന്റേത്‌. വെള്ളിയാഴ്‌ച പള്ളികളിൽ സർക്കാരിനെതിരെ പ്രചാരണം നടത്താനുള്ള ലീഗ്‌ ആഹ്വാനം എല്ലാ പ്രബല മുസ്ലിം സംഘടനകളും തള്ളിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം നേമം ഏരിയ കമ്മിറ്റി ഓഫീസ്‌–- അവണാകുഴി സദാശിവൻ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി. 

വഖഫ്‌ ബോർഡ്‌ നിയമത്തിന്റെ പേരിൽ ലീഗ്‌ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്‌. പണ്ടത്തെപ്പോലെ ഇക്കാലത്ത്‌ തെറ്റായ കാര്യങ്ങൾ പറഞ്ഞ്‌  ജനങ്ങളെ  പറ്റിക്കാനാകില്ല. 

നിയമനം പിഎസ്‌സിക്ക്‌ വിടാൻ തീരുമാനിച്ചത്‌ വഖഫ്‌ ബോർഡാണ്‌. തീരുമാനം വന്നതോടെ ഒരവസരം കിട്ടിയെന്നനിലയ്‌ക്ക്‌ മുസ്ലിങ്ങളല്ലാത്തവരെ വഖഫ്‌ ബോർഡിൽ നിയമിക്കാൻ പോകുന്നുവെന്ന്‌ പ്രചാരണം നടത്തി. മുസ്ലിങ്ങൾക്ക്‌ എതിരാണ്‌ തീരുമാനമെന്നും പ്രചരിപ്പിച്ചു. ദേവസ്വം ബോർഡിൽ ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ്‌ ബോർഡിൽ  മുസ്ലിങ്ങളെ മാത്രമേ നിയമിക്കൂവെന്ന്‌ വ്യക്തമായിട്ടും പള്ളികൾ ഉപയോഗിച്ച്‌ സർക്കാരിനെതിരെ രാഷ്‌ട്രീയ പ്രചാരണം നടത്താൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ സ്വീകരിക്കേണ്ട നിലപാടല്ലിത്‌. എല്ലാ  രാഷ്‌ട്രീയ കക്ഷികളിൽപ്പെട്ട വിശ്വാസികളും ആരാധനാലയങ്ങളിൽ പോകും. സംഘപരിവാറിന്‌ ആരാധനാലയങ്ങൾ ഉപയോഗിക്കാനുള്ള ലൈസൻസ്‌ നൽകുന്ന ലീഗ്‌  നിലപാട്‌ എല്ലാവരും തിരിച്ചറിയും. മതനിരപേക്ഷതയ്‌ക്ക്‌ പോറലേൽക്കുന്ന ഒരു നിലപാടും ആരിൽനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കും
ഏതെങ്കിലും വിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യം സംഘപരിവാർ തടഞ്ഞാൽ അതിനെ ചെറുക്കാൻ സിപിഐ എം മുമ്പിലുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവനും രക്തവും നൽകിയാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം മതനിരപേക്ഷത സംരക്ഷിച്ചത്‌.  ഹീനമായ വർഗീയ ചേരിതിരിവുണ്ടാക്കാനാണ്‌ സംഘപരിവാർ ശ്രമം.

കഴിഞ്ഞദിവസം ഒരു പ്രകടനത്തിൽ സംഘപരിവാർ വിളിച്ച മുദ്രാവാക്യം വിദ്വേഷം നിറഞ്ഞതാണ്‌. വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ഹീനമായ നീക്കമാണിത്‌.  അതിന്റെ ഭാഗംതന്നെയാണ്‌ ഹലാൽ വിവാദം.  ശബരിമലയിലെ ശർക്കരയുടെ പേരിലായിരുന്നു ആദ്യ വിവാദം. ശർക്കര കമ്പനി മുസ്ലിമിന്റേതല്ലെന്ന്‌ വ്യക്തമായി. എന്നിട്ടും വിവാദം അവസാനിപ്പിച്ചില്ല. കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top