20 April Saturday

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാളെ നാടിന്‌ സമർപ്പിക്കും

പ്രത്യേക ലേഖകൻUpdated: Friday Jan 8, 2021


ദേശീയപാത 66ൽ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. വൈറ്റില മേൽപ്പാലം രാവിലെ 9.30നും കുണ്ടന്നൂർ മേൽപ്പാലം പകൽ 11നും ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും ഉദ്‌ഘാടനം. രണ്ടിടത്തും നേരിട്ട്‌ നടക്കുന്ന ചടങ്ങുകളിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. മന്ത്രി ടി എം തോമസ്‌ ഐസക്‌ മുഖ്യാതിഥിയാകും.

എൽഡിഎഫ്‌ സർക്കാർ കിഫ്‌ബി ഫണ്ടിൽനിന്ന്‌ 152.81 കോടി രൂപ ചെലവഴിച്ചാണ്‌ ദേശീയപാതയിലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിന്‌‌ പരിഹാരമാവുന്ന ഏറ്റവും പുതിയ സാങ്കേതികത്തികവോടെയുള്ള രണ്ടുപാലങ്ങളും നിർമിച്ചത്‌. ഇരുവശങ്ങളിലും മൂന്നുവരി ഗതാഗതത്തിനുതകുന്നതാണ്‌ പാലങ്ങൾ. എസ്‌റ്റിമേറ്റ്‌ തുകയേക്കാൾ 15.02 കോടി രൂപയും ലാഭിച്ചു. ദേശീയപാത അതോറിറ്റിയിൽനിന്ന്‌ നിർമാണം ഏറ്റെടുത്തതിനാൽ‌ ടോൾ പിരിവ്‌ ഒഴിവാക്കാനും സംസ്ഥാനസർക്കാരിനായി.

ഫണ്ടില്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ മാറ്റിവച്ച പദ്ധതികളാണ്‌ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ. യുഡിഎഫ്‌ പണിത പാലാരിവട്ടം പാലമാകട്ടെ ഉദ്‌ഘാടനം കഴിഞ്ഞ്‌ മാസങ്ങൾക്കകം തകരുകയും ചെയ്‌തു.  രണ്ട്‌ മേൽപ്പാലങ്ങൾ പണിയുന്നതിനൊപ്പം പാലാരിവട്ടം പാലം പുതുക്കിപ്പണിയലും എൽഡിഎഫ്‌ സർക്കാരിന്റെ ചുമതലയായി. വരുന്ന മെയിൽ പാലാരിവട്ടം പാലവും തുറക്കും. ലോക്ക്‌ഡൗണിൽ‌ നാട്ടിൽപോയ തൊഴിലാളികൾ തിരികെയെത്താൻ വൈകിയിട്ടും ടാറിങ്‌, പെയിന്റിങ്‌ സമയത്തെ മഴ തടസ്സമായിട്ടും നിശ്‌ചിത സമയത്തിനുള്ളിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ പണി പൂർത്തിയാക്കി.

കഴിഞ്ഞദിവസം ഏതാനുംപേർ പാലം തങ്ങൾ തുറന്നതായി കാണിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുണച്ചില്ല. പാലത്തിന്‌ ഉയരമില്ലെന്നും വാഹനങ്ങൾ മെട്രോ പാലത്തിൽ മുട്ടുമെന്നും സാമൂഹ്യമാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയവരാണ്‌ ഉദ്‌ഘാടനത്തലേന്ന്‌ മറ്റൊരുനാടകത്തിന്‌ മുതിർന്നത്‌. മെട്രോ പാലവുമായി അഞ്ചരമീറ്റർ ഉയരവ്യത്യാസമുണ്ടെന്നും രാജ്യത്തെ വാഹനങ്ങളുടെ അനുവദനീയമായ ഉയരം 4.7 മീറ്ററാണെന്ന്‌ അറിഞ്ഞിട്ടും നുണ പ്രചരിപ്പിക്കുകയായിരുന്നു ഇവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top