27 April Saturday

സുധീരന് സഹികെട്ടു, നീറിപ്പുകഞ്ഞ്‌ കോൺഗ്രസ്‌

കെ ശ്രീകണ്ഠൻUpdated: Sunday Sep 26, 2021

തിരുവനന്തപുരം > രാഷ്‌ട്രീയകാര്യസമിതിയിൽനിന്നുള്ള വി എം സുധീരന്റെ രാജിയിൽ അങ്കലാപ്പിലായി കോൺഗ്രസ്‌ നേതൃത്വം. ഡിസിസി പ്രസിഡന്റ്‌ നിയമനത്തിൽ തുടങ്ങിയ തർക്കം ഇപ്പോഴും രൂക്ഷമാണെന്ന് ഇതോടെ തെളിഞ്ഞു. വിട്ടുപോകുന്നവർ പോകട്ടെയെന്ന പുതിയ നേതൃചേരിയുടെ മനോഭാവത്തിന്‌ കനത്ത ആഘാതമാണിത്‌. ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും മെരുക്കിയെന്ന്‌ ആശ്വസിച്ചിരിക്കുമ്പോഴാണ്‌ ഇരുട്ടടി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ കൊച്ചിയിലെത്തിയതിനു പിന്നാലെയാണ്‌ രാജിവാർത്ത. എങ്ങനെയും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നു. കുറേനാളായി കെ സുധാകരന്റെ ഫോൺപോലും മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും എടുക്കാറില്ല. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ വർക്കിങ്‌ പ്രസിഡന്റ്‌ ആയിരുന്ന കെ സുധാകരനോടും ഇതായിരുന്നു സമീപനം. തന്നെ അവഗണിച്ച സുധീരനോടും മുല്ലപ്പള്ളിയോടും സുധാകരൻ പകവീട്ടുകയാണ്‌.

തലമുറ ഭേദമില്ലാതെ കോൺഗ്രസിൽനിന്ന്‌ കൊഴിഞ്ഞുപോകുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും പട്ടികയിൽ ഏറ്റവും പുതിയയാളാണ്‌ സുധീരൻ.

കെപിസിസി പുനഃസംഘടനയിൽ സുധീരൻ നിർദേശിക്കുന്ന ചിലരെക്കൂടി ഉൾക്കൊള്ളിച്ച്‌ അദ്ദേഹത്തെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്‌ വി ഡി സതീശനും കെ സുധാകരനും. സുധീരൻ വഴങ്ങിയാൽ രാജി വിലപേശൽ തന്ത്രമായി വിലയിരുത്തപ്പെടും. രാഷ്‌ട്രീയകാര്യ സമിതിയിൽ നിലനിർത്തുമെന്ന്‌ ഉറപ്പുനൽകിയാൽ രാജി പിൻവലിക്കുമോയെന്നതും കണ്ടറിയണം.

ഡിസിസി പ്രസിഡന്റ്‌ നിയമനത്തോടെ ഗ്രൂപ്പുകാലത്തിന്‌ വിരാമമിടാമെന്ന കണക്കുകൂട്ടലാണ്‌ വീണ്ടും തെറ്റിയത്‌. കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിൽ എ, ഐ ഗ്രൂപ്പുകൾ നൽകിയ പേരുകൾക്ക്‌ മുൻതൂക്കം നൽകി ഗ്രൂപ്പ്‌ വീതംവയ്‌പിന്‌ കളമൊരുങ്ങിയെന്നാണ്‌ സൂചന. ഇതുകൂടി കണക്കിലെടുത്ത്‌ സുധീരൻ ഒരുമുഴം നീട്ടിയെറിഞ്ഞതാണെന്ന്‌ ശങ്കിക്കുന്നവരുമുണ്ട്‌.

ഗ്രൂപ്പ്‌ രീതിക്ക്‌ മാറ്റം വരുത്താനായി പുതിയ നേതൃത്വം വരുന്നതിനെ ആദ്യം അനുകൂലിച്ചയാളാണ്‌ സുധീരൻ. എന്നാൽ, പുതിയ നേതൃത്വവും പഴയ ശൈലിയിലാണെന്നതാണ്‌ ഇപ്പോഴത്തെ പരാതി. ഡിസിസി പ്രസിഡന്റുമാരുടെ കരട്‌ പട്ടികയുമായി നേതാക്കൾ ഡൽഹിയിൽ പോയപ്പോൾ ഫെയ്‌സ്‌ബുക്കിലിട്ട പ്രതിഷേധക്കുറിപ്പും അവഗണിക്കപ്പെട്ടതോടെയാണ്‌ രാജി. ആവശ്യം വരുമ്പോൾ രാജിയെക്കുറിച്ച്‌ പ്രതികരിക്കുമെന്നാണ്‌ സുധീരൻ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top