24 April Wednesday
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌ യൂജിൻ പെരേര

വിഴിഞ്ഞം തുറമുഖ അട്ടിമറി ഗൂഢാലോചന : പിന്നിൽ ഒമ്പതംഗ സംഘം

സുജിത്‌ ബേബിUpdated: Tuesday Nov 29, 2022

തിരുവനന്തപുരം>  വിഴിഞ്ഞം തുറമുഖ നിർമാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിൽ ഒമ്പതംഗ സംഘം. സമരനേതാവ്‌ വികാരി ജനറൽ യൂജിൻ പെരേരയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന്‌ ഇന്റലിജന്റ്‌സ്‌ റിപ്പോർട്ട്‌. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ്‌ സർവീസ്‌ സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, തീവ്ര ഇടത്  സ്വഭാവമുള്ള ഐടി കൺസൾട്ടന്റ്‌ പ്രസാദ്‌ സോമരാജൻ, വലിയതോപ്പ്‌ സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്‌, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്‌, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്‌സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ്‌ ഗൂഢസംഘത്തിലെ മറ്റംഗങ്ങൾ. അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്‌.


 

സംഘാംഗങ്ങളുടെ സാമ്പത്തിക ഇടപാട്‌ സംബന്ധിച്ചും സംശയങ്ങളുണ്ട്‌. ഇവരുമായി അടുത്ത്‌ നിൽക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്‌. ഒറ്റയ്‌ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന്‌ കണ്ട് തീവ്ര ഇടത്‌, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴിൽ ആറാവശ്യവും സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്ന ആവശ്യത്തിൽ കടിച്ചുതൂങ്ങുന്നതിന്‌ പിന്നിലെ താൽപ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്‌സ്‌ ആരംഭിച്ചിട്ടുണ്ട്‌.  
വർഷങ്ങളായി ഡൽഹിയിലെ സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ) ആസ്ഥാനത്തായിരുന്ന പെരേര ജൂണിലാണ്‌ തിരുവനന്തപുരത്തെത്തിയത്. തുടർന്ന് വിഴിഞ്ഞത്ത്‌ ഇടപെട്ടുതുടങ്ങി. തീരശോഷണത്തിനെതിരെ എന്ന പേരിൽ ജൂൺ അഞ്ചിനായിരുന്നു ആദ്യ യോഗം. 29ന്‌ ജനറൽ ആശുപത്രിക്ക്‌ സമീപത്തുള്ള ഐക്കഫ്‌ സെന്ററിൽ പെരേരയുടെ നേതൃത്വത്തിൽ രഹസ്യയോഗവുമുണ്ടായി. തീവ്ര ഇടതു, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളാണ്‌ അവിടെ പങ്കെടുത്തത്. മുൻ ആർച്ച്‌ ബിഷപ്പ്‌ ഡോ. എം സൂസപാക്യത്തെ നിരാഹാരമിരുത്താനുള്ള തീരുമാനം കൈക്കൊണ്ടതും ഈ യോഗമാണ്‌. മുതിർന്ന ബിഷപ്പുമാരുടെ എതിർപ്പിനെത്തുടർന്നാണ്‌ നീക്കം പാളിയത്‌.

ഐക്കഫിലെ യോഗത്തിൽ പങ്കെടുത്തവർ
ആന്റോ ഏലിയാസ്‌ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ബിജു (എസ്‌യുസിഐ), പി വൈ അനിൽകുമാർ (ഏകതാ പരിഷത്), ബഞ്ചമിൻ ഫെർണാണ്ടസ്‌ (കോസ്റ്റൽവാച്ച്‌), മേഴ്‌സി അലക്സാണ്ടർ (സഖി), സുബിൽ എബ്രഹാം, ലിമ സുനിൽ പുല്ലുവിള, ബിജു, ജെയിംസ്‌ റോക്കി, മാഗ്ലിൻ ഫിലോമിന, അഡ്വ. സുഗതൻ പൗൾ, അനിൽകുമാർ, വീണ മരുതൂർ (എക്കോ സൊലൂഷൻസ്‌), സജിത, ഫാ. ഇബ്രാഹിം, മേഴ്‌സി (ചെറുരശ്‌മി).

അട്ടിമറിക്ക്‌ സഭക്കൊപ്പം പിന്തിരിപ്പന്മാരും
വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കണ്ണിചേരുന്നത്‌ സഭമുതൽ മുൻസംഘപരിവാർ നേതാവുവരെ. തുറമുഖ നിർമാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിലെ ഒമ്പതംഗ സംഘാംഗങ്ങളിൽ തീവ്ര ഇടത്‌, മൗലിക, പരിസ്ഥിതി സംഘടനകളിലുള്ളവർ. ഭാര്യ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവിലാണ്‌ സംഘത്തിലെ പ്രധാനിയുടെ പ്രവർത്തനം. ഈ സംഘടനയുടെ പണമിടപാടിൽ അന്വേഷണം നടക്കുന്നുണ്ട്‌. ഇയാളുടെ ഉറ്റ അനുയായി ബെഞ്ചമിൻ ഫെർണാണ്ടസും സംഘത്തിൽ സജീവമാണ്‌. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐടി കൺസൾട്ടന്റ്‌ പ്രസാദ്‌ സോമരാജന്റെ മാനസഗുരുവാണ്‌ ചാനൽ ചർച്ചകളിൽ ഇടതുപക്ഷ വിരുദ്ധത പറയുന്ന കെ എം ഷാജഹാൻ.

എറണാകുളം കാക്കനാട്‌ സ്വദേശിയായ അഭിഭാഷകൻ ജോൺ ജോസഫ്‌, വോട്ടേഴ്‌സ്‌ അലയൻസ്‌, ഷാഡോ മിനിസ്ട്രി എന്നീ സംഘടനകളുടെ പ്രധാന പ്രവർത്തകനാണ്. മനുഷ്യാവകാശ പ്രവർത്തനം എന്ന പേരിൽ വികസനപദ്ധതികൾക്ക്‌ തുരങ്കംവയ്‌ക്കുന്നു. അഞ്ചൽ സ്വദേശിയായ ബ്രദർ പീറ്ററിന്റെ യഥാർഥ പേര്‌ ബോബി മാത്യുവെന്നാണ്‌. മിഷണറി പ്രവർത്തനങ്ങൾക്കൊപ്പമാണ്‌ തുറമുഖത്തിന്‌ എതിരായ നടപടികൾ. കരിങ്കുളം സ്വദേശിനിയായ സീറ്റ ദാസനാണ്‌ സമരത്തിൽ സ്ത്രീകളെ ഇളക്കിവിടുന്നത്‌. ആർത്തുങ്കൽ സ്വദേശിയായ ജാക്‌സൻ പൊള്ളയിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്‌. ആം ആദ്‌മി പാർടിയോടാണ്‌ ആഭിമുഖ്യമെങ്കിലും അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടനയുടെ പ്രവർത്തകരെയും ഇയാൾ കൂട്ടിയോജിപ്പിക്കുന്നു. എബിവിപി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആർഎസ്‌എസ്‌ അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന ഓർഗനൈസറുമായിരുന്നു കെ വി ബിജു.

ആർ നിശാന്തിനി സ്പെഷ്യൽ ഓഫീസർ
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി, റൂറൽ, കൊല്ലം ജില്ലകളിലെ തീരദേശ പൊലീസ് സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങൾ,  ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി ആർ നിശാന്തിനിയെ നിയോഗിച്ചു.

വിഴിഞ്ഞംമേഖലയിലെ ക്രമസമാധാനപാലനത്തിന് എസ്‌പിമാരായ കെ ഇ ബൈജു, കെ കെ അജി എന്നിവരുടെ സേവനം തിരുവനന്തപുരം സിറ്റി പൊലീസ് മേധാവിക്ക്‌ ലഭ്യമാക്കി. വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ലാൽജിയാണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബി അനിൽകുമാർ, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ എസിപി ജെ കെ ദിനിൽ, തിരുവനന്തപുരം റൂറൽ നർകോട്ടിക് ഡിവൈഎസ്‌പി വി ടി രാസിത്‌, കഴക്കൂട്ടം എസിപി സി എസ് ഹരി എന്നിവരാണ് സംഘാംഗങ്ങൾ. സിവിൽ പൊലീസ് ഓഫീസർമാർമുതൽ ഇൻസ്പെക്ടർമാർവരെയുള്ളവരെ  ഉൾപ്പെടുത്താൻ ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് അനുമതി നൽകി.

പുനരധിവാസം : കൂടുതൽ പണംനൽകാൻ തയ്യാർ
ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരമായും കൂടുതൽ പണം നൽകാൻ സർക്കാർ തയ്യാറാണെന്ന്‌ തുറമുഖ സെക്രട്ടറി കെ ബിജു പറഞ്ഞു. സംയമനത്തിന്റെ പാതയാണ്‌ വേണ്ടത്‌. വികസനപദ്ധതി തടസ്സപ്പെടുത്തരുതെന്നും സെമിനാറിൽ അദ്ദേഹം പറഞ്ഞു. സിംഗപ്പൂരടക്കമുള്ള രാജ്യങ്ങൾ വികസിച്ചത്‌ തുറമുഖത്തിലൂടെയാണ്‌. വിഴിഞ്ഞത്തിലൂടെ കേരളത്തിനും ഇത്‌ സാധ്യമാകും. തന്ത്രപ്രധാനമായ ഒരു കേന്ദ്രമാകാൻ വിഴിഞ്ഞത്തിനാകും. ഒരു തുറമുഖ നഗരമായി തിരുവനന്തപുരം വികസിക്കുന്നതോടെ ബ്ലൂ ഇക്കണോമി ഇവിടെ സാധ്യമാകുമെന്നും സെക്രട്ടറി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top