17 April Wednesday

എരിതീയിൽ എണ്ണയൊഴിച്ച്‌ മാധ്യമങ്ങളും

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022

തിരുവനന്തപുരം> തീരദേശ ജനതയെ തെറ്റിദ്ധരിപ്പിച്ച്‌ വലിയ കലാപം ആസൂത്രണം ചെയ്തിട്ടും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവുമായി ഏതാനും മാധ്യമങ്ങൾ. വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷൻവരെ ആക്രമിച്ചും കണ്ണിൽക്കണ്ടതെല്ലാം തച്ചുതകർത്തും 40 പൊലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചും നടന്ന ഭീതിദാവസ്ഥയെ ചെറുതായി കാണിക്കാനാണ്‌ ചില മാധ്യമങ്ങൾ ശ്രമിച്ചത്‌.

സിപിഐ എം പ്രവർത്തകർ കടുപ്പിച്ച്‌ ഒരു വാക്ക്‌ ആരോടെങ്കിലും പറഞ്ഞാൽ ‘ഭീഷണി ഭീഷണി’ എന്ന വായ്ത്താരി മുഴക്കുന്നവരാണ്‌ അക്രമികളെയും തീവ്രസമരത്തെയും ന്യായീകരിക്കുന്നത്‌. ഇത്രയേറെ സമരാഭാസങ്ങൾ അരങ്ങേറിയിട്ടും ആർച്ച്‌ ബിഷപ്പിനെതിരായി എടുത്ത കേസാണ്‌ ചിലർ വൻവാർത്തയാക്കിയത്‌. ബിഷപ്പടക്കം വൈദികർക്കും സമരസമിതി നേതാക്കൾക്കുമെതിരായാണ്‌ അദാനി ഹൈക്കോടതിയിൽ നൽകിയ കേസ്‌. മുമ്പും അക്രമം പ്രോത്സാഹിപ്പിച്ചതിന്‌ കേസുണ്ട്. മറ്റേത്‌ സമരമുഖത്തും ഇത്തരം കേസുകളുണ്ടാകാറുണ്ട്‌.  എന്നാൽ, വിഴിഞ്ഞത്ത്‌ നടന്ന അക്രമം ചെറുതായി കാണിച്ച്‌, പൊലീസ്‌ ചെയ്തതാണ്‌ പ്രശ്നമെന്ന്‌ വരുത്തിത്തീർക്കാനാണ്‌ യുഡിഎഫ്‌ പത്രങ്ങളും ചാനലുകളും തുനിഞ്ഞത്‌. അദാനിക്കുവേണ്ടി സർക്കാർ നിൽക്കുന്നുവെന്ന പ്രചാരണവും ചിലർ നടത്തി.

വിഴിഞ്ഞം പൊലീസ്‌ വൈദികരെ അറസ്റ്റ്‌ ചെയ്തുവെന്ന പച്ചക്കള്ളം പള്ളികളിലൂടെ വിളിച്ചുപറഞ്ഞും വാട്സാപ്പിലൂടെ പ്രചരിപ്പിച്ചുമാണ്‌ സ്റ്റേഷനിലേക്ക്‌ ജനങ്ങളെ കൂട്ടിയതും വൈകാരിക അന്തരീക്ഷമുണ്ടാക്കി അക്രമം അഴിച്ചുവിട്ടതും. 20 പൊലീസുകാർ മാത്രമുള്ള സ്റ്റേഷനിലേക്ക്‌ നൂറുകണക്കിന്‌ അക്രമികളെ അഴിച്ചുവിട്ടു. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ കൊണ്ടുപോകാനും സമ്മതിച്ചില്ല. പരിക്കേറ്റവരെ കൊണ്ടുപോകാൻവന്ന ആംബുലൻസ്‌ തകർത്തു. നിരപരാധികളുടെ വീടുകളിലേക്ക്‌ അക്രമികൾ ഇരച്ചുകയറി. അനവധി വാഹനങ്ങൾ തകർത്തു. ഇതിനെല്ലാം നേരെ കണ്ണടയ്ക്കുകയാണ്‌ പല മുഖ്യധാരാ മാധ്യമങ്ങളും. 130 ദിവസമായി ചരിത്രത്തിലില്ലാത്തവിധം സംയമനം പാലിച്ച്‌ പൊലീസ്‌ സമരത്തെ നേരിടുന്നതും ഇവർ കാണുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top