29 March Friday

കലാപനീക്കം എന്തിന്?

സ്വന്തംലേഖകൻUpdated: Tuesday Nov 29, 2022

തിരുവനന്തപുരം> ഞായറാഴ്‌ച നടത്തിയ പൊലീസ്‌ സ്‌റ്റേഷൻ ആക്രമണത്തോടെ വിഴിഞ്ഞം സമരസമിതി ജനങ്ങൾക്കിടയിൽ പൂർണമായും ഒറ്റപ്പെട്ടു. കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള  ആക്രമണത്തിൽ 40 പൊലീസുകാർക്ക്‌ പരിക്കേറ്റിരുന്നു. പൊലീസ്‌ സ്‌റ്റേഷൻ വളഞ്ഞ്‌ ആക്രമിച്ചതിനെ പിന്തുണയ്‌ക്കാനോ സമരസമിതിയെ ന്യായീകരിക്കാനോ രാഷ്‌ട്രീയ പാർടികളോ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത മറ്റ്‌ സംഘടനകളോ തയ്യാറായില്ല. നാശനഷ്ടം സമരക്കാരിൽനിന്ന്‌ ഈടാക്കണമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു പൊതുവികാരം. തുറമുഖ പദ്ധതി ഉപേക്ഷിക്കരുതെന്ന്‌ യോഗം ആവശ്യപ്പെട്ടതും അക്രമസമരക്കാർക്ക്‌ തിരിച്ചടിയായി. 

വാഹനങ്ങൾ തകർത്തതിൽ അദാനിയുടെ ഏജന്റുമാർക്ക്‌ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ യോഗത്തിനുമുന്നേ സമരസമിതി കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ യൂജിൻ പെരേര രംഗത്തെത്തിയിരുന്നു. പൊലീസുകാർക്ക്‌ മുറിവേറ്റത്‌ ദൗർഭാഗ്യകരമാണ്‌. സമരക്കാരുടേത്‌ സ്വാഭാവികമായ പ്രതികരണമാണെന്നും  യോഗം കഴിഞ്ഞ്‌ പുറത്തിറങ്ങിയ അദ്ദേഹം  സാധാരണവൽക്കരിച്ചു. സമാധാനാന്തരീക്ഷം ഉണ്ടാക്കണം എന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്നും യോഗത്തിന്റെ ഫലം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്‌ച മുല്ലൂരിൽ സമരസമിതി വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഇത്‌ പ്രദേശത്ത്‌  ജനങ്ങളെ സമരക്കാരിൽനിന്ന്‌ അകറ്റി.  ഇത്‌ സമരസമിതിയിലും എതിർസ്വരങ്ങൾ രൂപപ്പെടുത്തി. മുല്ലൂരിലെ സമരപ്പന്തലിൽ കൂടുതൽ വൈദികരെ എത്തിച്ച്‌ ആളുകളെ കൂടെ നിർത്താനാണ്‌ ലത്തീൻ അതിരൂപതയുടെ ശ്രമം. ഭൂരിഭാഗം സ്‌ത്രീകളാണ്‌ സമരത്തിന്‌ എത്തിയത്‌. ഇവരെ ഇളക്കി വിടാൻ പ്രകോപന മുദ്രാവാക്യങ്ങളാണ്‌ നേതാക്കളിൽനിന്ന്‌ ഉണ്ടായത്‌. സമരത്തെ സർക്കാർ കണ്ടില്ലെന്ന്‌ ആവർത്തിച്ച ഇവർ ഏഴ്‌ ആവശ്യങ്ങളിൽ  ആറിലും സർക്കാർ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌ മറച്ചുവയ്‌ക്കാനും ശ്രദ്ധിച്ചു.

ലത്തീൻസഭയുടെ നിലപാടുമാറ്റം അന്ന്‌ ബിഷപ്‌ സൂസപാക്യം പറഞ്ഞു

വിഴിഞ്ഞത്ത്‌ തുറമുഖത്തിനെതിരെ കലാപം നടത്തുന്നവർ ഏഴുവർഷംമുമ്പ്‌ പദ്ധതിക്കായി രംഗത്തുവന്നവർ. അന്ന്‌ ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്പായിരുന്ന ഡോ. എം സൂസപാക്യം പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്റെ തെളിവുകൾ പുറത്ത്‌. പദ്ധതിയുടെ അനുമതി വൈകിയതോടെ ജനപക്ഷം 2014–-15 കാലത്ത്‌ നടത്തിയ സമരത്തോട്‌ അനുബന്ധിച്ചാണ്‌ സൂസപാക്യം തുറമുഖത്തിനായി വാദിച്ചത്‌. ‘വിഴിഞ്ഞം വാണിജ്യ തുറമുഖം നാടിന്റെ വികസനത്തിന്‌ വളരെയേറെ അത്യാവശ്യമായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌. തുറമുഖം വരുമ്പോഴുള്ള സാധ്യതകൾ വളരെ വലുതാണ്‌. ജനപക്ഷം സംഘടന പദ്ധതിക്കായി ആവേശത്തോടെ മുന്നോട്ട്‌ വന്നു. അവർ ജനങ്ങളെ ബോധവൽക്കരിക്കുന്നു.

വികസനത്തിന്റെ സാധ്യത കാണുന്നതുകൊണ്ടും നല്ലൊരു കാര്യമായതുകൊണ്ടും വാണിജ്യതുറമുഖത്തെ സ്വാഗതം ചെയ്യേണ്ടതും അതിന്റെ സാക്ഷാൽക്കാരത്തിനായി സംഘടിതമായി രംഗത്തിറങ്ങേണ്ടതും ആവശ്യമാണ്‌. പദ്ധതിയെക്കുറിച്ച്‌ വ്യക്തിപരമായി പലരുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ്‌ ഈ അഭിപ്രായം. ഈ സംരംഭത്തിന്‌ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയാണ്‌ വേണ്ടത്‌. പദ്ധതിയെ സംബന്ധിച്ച്‌ ജനപക്ഷം നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 2000 വള്ളങ്ങൾ കടലിൽ ഇറക്കിയുള്ള പരിപാടി ദേശീയ– -അന്തർദേശീയ ശ്രദ്ധ ആകർഷിക്കും. അതൊരു ലോക റെക്കോഡുതന്നെ സൃഷ്ടിക്കുമെന്നും പറയട്ടെ’–- എന്നായിരുന്നു അന്ന്‌ സൂസപാക്യം പറഞ്ഞത്‌.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തദ്ദേശ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ 2015 ഡിസംബർ അഞ്ചിന്‌ പദ്ധതിക്ക്‌ കല്ലിട്ടു. ആവശ്യമായ അനുമതികൾ കിട്ടാതെയാണ് ഇതെന്ന ആരോപണം ഉയർന്നിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നുവെന്നും എന്നാൽ, അഴിമതി ആരോപണത്തിൽപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ ബാബുവും പങ്കെടുക്കുന്ന ചടങ്ങ്‌ ബഹിഷ്കരിക്കുകയാണെന്ന നിലപാടാണ്‌ എൽഡിഎഫ്‌ എടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top