19 April Friday
പൂർത്തീകരണവേളയിൽ 
പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവും

വിഴിഞ്ഞം അനിവാര്യം , വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന വൻ പദ്ധതി ; പൗരപ്രമുഖരുടെ തുറന്ന കത്ത്‌

സ്വന്തം ലേഖകൻUpdated: Monday Dec 5, 2022

തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖപദ്ധതി അനിവാര്യമാണെന്ന്‌ കേരളം. വിഴിഞ്ഞം തുറമുഖം നാടിന്റെ മുന്നേറ്റത്തിന്‌ ആവശ്യമാണെന്ന്‌ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖർ തുറന്ന കത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹ്യമേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തലസൗകര്യ വികസനം കൂടിയേതീരുവെന്ന്‌ അവർ അഭിപ്രായപ്പെട്ടു.

അശ്വതി തിരുനാൾ ലക്ഷ്മി ഭായി, പ്രൊഫസർ എം കെ സാനു, മുൻകേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാനുമായിരുന്ന കെ എം ചന്ദ്രശേഖർ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ  എ നായർ, കൗൺസിൽ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചെയർമാനും ഇൻഫോസിസ് സഹ സ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഇന്ത്യൻ അംബാസഡർ ടി പി ശ്രീനിവാസൻ, ടെക്നോപാർക്ക് സ്ഥാപകൻ ജി വിജയരാഘവൻ, മാധ്യമപ്രവർത്തകൻ ശശികുമാർ, എഴുത്തുകാരായ എം മുകുന്ദൻ, സി രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, സേതു, എൻ എസ് മാധവൻ, ഷാജി എൻ കരുൺ, ഗോകുലം ഗോപാലൻ, ഡോ. മാർത്താണ്ഡംപിള്ള ഉൾപ്പെടെ എൺപതോളം പേരാണ്‌ കത്ത്‌ പ്രസിദ്ധീകരിച്ചത്‌. തിരുവനന്തപുരം ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രിയുടെ പത്രക്കുറിപ്പിലാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌.  

വർഷങ്ങളോളം നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കുംശേഷമാണ് 2015ൽ വിഴിഞ്ഞം പദ്ധതിക്കായി കരാർ ഒപ്പിട്ടത്‌. അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് സമീപമുള്ള പ്രകൃതിദത്ത തുറമുഖം, അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖമായി വികസിപ്പിക്കാനുള്ള വൻസാധ്യതയാണ് തുറന്നുതരുന്നത്.  അതിന്റെ പൂർത്തീകരണവേളയിൽ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. 80 ശതമാനം  പ്രവർത്തനവും പൂർത്തിയാക്കിയ വിഴിഞ്ഞം തുറമുഖംപോലൊരു പശ്ചാത്തലസൗകര്യ വികസനപദ്ധതി നിർത്തിവയ്‌ക്കണമെന്ന് നിർബന്ധം പിടിക്കുന്നത്‌ സംസ്ഥാന താൽപ്പര്യത്തിന് എതിരാണ്.

സർക്കാർ അനുഭാവപൂർവവും  പ്രായോഗികവുമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം.  മത്സ്യത്തൊഴിലാളികൾക്ക്‌ സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണ്.  ഈ പദ്ധതി വേഗംതന്നെ പൂർത്തിയാക്കാനുള്ള ജനപിന്തുണയുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നതായും കത്തിൽ പറഞ്ഞു.  

പ്രശ്നപരിഹാരത്തിന് 
മതമേലധ്യക്ഷൻമാർ
വിഴിഞ്ഞം സമരമേഖലയിൽ തിങ്കളാഴ്ച മതമേലധ്യക്ഷൻമാരുടെ സംഘം സന്ദർശനത്തിനെത്തും. പാളയം ഇമാം ഡോ. വി പി സുഹൈബ്‌ മൗലവി, ശാന്തിഗിരി ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ്‌ ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയസ്‌ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം മത, ആത്മീയ നേതാക്കളാണ്‌ തിങ്കൽ പകൽ 12ന്‌ വിഴിഞ്ഞം സന്ദർശിക്കുക.

മുല്ലൂരിൽ തുറമുഖ കവാടത്തിനുമുന്നിലെ സമരസമിതിയുടെ സമരകേന്ദ്രവും കല്ലിട്ടനടയിലെ ജനകീയ സമിതിയുടെ സമരകേന്ദ്രവും ഇവർ സന്ദർശിക്കും. തുടർന്ന്‌ വിഴിഞ്ഞത്തെ സമരം അവസാനിപ്പിക്കുക, തുറമുഖ നിർമാണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുമായി വെള്ളയമ്പലം ബിഷപ് ഹൗസിൽ തിരുവനന്തപുരം അതിരൂപതാ മെത്രാപോലീത്താ തോമസ് ജെ നെറ്റോയെയും സംഘം കാണും. പാളയം ഇമാം ഡോ. വി പി സുഹൈബ്‌ മൗലവിയും ശാന്തിഗിരി ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ഞായറാഴ്ച സമരസമിതി ജനറൽ കൺവീനർ ഫാ. യൂജിൻ പെരേരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.വിഴിഞ്ഞം പ്രശ്നം പരിഹരിക്കുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഞായറാഴ്ച ബിഷപ് ഹൗസിൽ തിരുവനന്തപുരം അതിരൂപതാ മെത്രാപോലീത്താ തോമസ് ജെ നെറ്റോയെ സന്ദർശിച്ചു.

വിഴിഞ്ഞം വേണം : പിന്തുണയുമായി പ്രമുഖരുടെ നിര
തുറമുഖപദ്ധതി പൂർത്തീകരണം ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ട തുറന്ന കത്തിൽ ഒപ്പിട്ടത്‌ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായ പ്രമുഖരുടെ വലിയ നിര. വിഴിഞ്ഞം പദ്ധതിയുടെ പൂർത്തീകരണവും വിജയകരമായ പ്രവർത്തനാരംഭവുമാണ്‌ നാടാകെ ആഗ്രഹിക്കുന്നതെന്ന്‌ വ്യക്തം.

 തുറന്ന കത്തിൽ ഒപ്പിട്ടവർ: മുൻ ചീഫ് സെക്രട്ടറിമാരായ പോൾ ആന്റണി, ജിജി തോംസൺ, ആർക്കിടെക്ടുമാരായ  ജി ശങ്കർ, എൻ മഹേഷ്, തിരുവനന്തപുരം ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രി പ്രസിഡന്റ്‌ എസ്‌ എൻ രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്‌, ട്രഷറർ രഞ്‌ജിത്‌ കാർത്തികേയൻ, നടൻമാരായ മണിയൻപിള്ള രാജു, നന്ദു, ജഗദീഷ്, പ്രേംകുമാർ, നടിമാരായ മല്ലിക സുകുമാരൻ, മേനക സുരേഷ്, ചിപ്പി, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്‌ ജി സുരേഷ് കുമാർ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ മുൻ സിഎംഡി എം അയ്യപ്പൻ, ടിഎടിഎഫ്‌, ജിടെക്‌ പ്രസിഡന്റ്‌ വി കെ മാത്യൂസ്‌, സംവിധായകരായ ബ്ലെസി, സൂര്യ കൃഷ്ണമൂർത്തി, ഷാജി കൈലാസ്, ടി കെ രാജീവ് കുമാർ, കമൽ, രഞ്ജിത്, മധു ജനാർദനൻ, മനോജ് കാന, ഷെറി ഗോവിന്ദൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ, എഴുത്തുകാരായ ജോർജ് ഓണക്കൂർ, വി എൻ മുരളി, അശോകൻ ചരുവിൽ, വൈശാഖൻ, കെ ഇ എൻ കുഞ്ഞഹമ്മദ്, രാവുണ്ണി, ജി പി രാമചന്ദ്രൻ, ഡോ. എൻ വി പിള്ള (യുഎസ്‌എ), കിംസ്‌ സിഎംഡി ഡോ. സഹദുള്ള, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്, വി സുരേഷ്, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ചെയർമാൻ ഇ എം നജീബ്, ഗാന്ധിമതി ബാലൻ, തെർമോ പെൻപോൾ മുൻ സിഎംഡി സി പത്മകുമാർ, നിംസ് ഹോസ്പിറ്റൽ എംഡി ഫൈസൽ ഖാൻ, പിആർഎസ്‌ ഗ്രൂപ്പ് ചെയർമാൻ ആർ മുരുകൻ, പങ്കജകസ്തൂരി സിഎംഡി ജെ ഹരീന്ദ്രൻ നായർ, ഭീമ സിഎംഡി ഡോ. ബി ഗോവിന്ദൻ, റോട്ടറി മുൻ ഗവർണർ സുരേഷ് മാത്യു, എസ്‌‌കെ ഹോസ്‌പിറ്റൽ സിഎംഡി കെ എൻ ശിവൻകുട്ടി, നിസാൻ മുൻ സിഇഒ ടോണി തോമസ്‌, സിനിമ നിരൂപകർ എൻ മാധവൻകുട്ടി, വി കെ ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകരായ സി ഗൗരിദാസൻ നായർ, ജേക്കബ് ജോർജ്,  കോയ മുഹമ്മദ്, ഭാസുരേന്ദ്ര ബാബു, എസ് ആർ ശക്തിധരൻ, ആർ എസ് ബാബു,  മുരള്യ ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി വിങ് കമാൻഡർ രാഗശ്രീ, ഡോ. ജോൺ പണിക്കർ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ), എം ആർ നാരായണൻ (കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം),  സന്ദീപാനന്ദഗിരി, ബേബിമാത്യു സോമതീരം (കേരള ട്രാവൽ മാർട്ട് ആൻഡ്‌ കേരള ടെലിവിഷൻ ഫെഡറേഷൻ), മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് കടയാറ നാസർ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top