30 January Monday
കേസുകൾ പിൻവലിക്കില്ല , ധാരണയായ 6 ആവശ്യത്തിൽ തുടർനടപടിക്ക്‌ മോണിറ്ററിങ്‌ സമിതി

വിഴിഞ്ഞം സമരം പിൻവലിച്ചു ; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം

സ്വന്തംലേഖകൻUpdated: Tuesday Dec 6, 2022

 
തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം ഒത്തുതീർന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി ചൊവ്വാഴ്‌ച വൈകിട്ട്‌ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. പദ്ധതി നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഒഴികെയുള്ളവയിൽ ധാരണയായി. സമരം പിൻവലിച്ചതായി സമരസമിതി മാധ്യമങ്ങളെ അറിയിച്ചു. 138–-ാം ദിവസത്തിലാണ്‌ സമരം പിൻവലിക്കുന്നത്‌. ധാരണയായ ആറ്‌ ആവശ്യത്തിലെ തുടർനടപടിക്ക്‌ ചീഫ്‌ സെക്രട്ടറിയും പോർട്ട്‌ സെക്രട്ടറിയും ഉൾപ്പെടുന്ന മോണിറ്ററിങ്‌ സമിതി രൂപീകരിക്കും. സമരസമിതിക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, തീരശോഷണം പഠിക്കാനുള്ള വിദഗ്‌ധസമിതിയിൽ തങ്ങളുടെ രണ്ട്‌ അംഗങ്ങളെ ഉൾപ്പെടുത്തണം  എന്നീ പുതിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല.

ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ പുനരധിവാസം ഉറപ്പാകുന്നതുവരെ വീട്ടുവാടക 8000 രൂപയാക്കാൻ ധാരണയായെങ്കിലും അത്‌ വേണ്ടെന്ന്‌  സമരസമിതി പറഞ്ഞു. വൈകിട്ട്‌ അഞ്ചരയോടെ സെക്രട്ടറിയറ്റിലെത്തിയ സമരസമിതി അംഗങ്ങൾക്ക്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും നടത്തിയ ചർച്ചയുടെ ചുരുക്കം ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ വിശദീകരിച്ചു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, വി അബ്ദുറഹിമാൻ, അഹമ്മദ്‌ ദേവർകോവിൽ എന്നിവർ ഉൾപ്പെട്ട മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച നടത്തി. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുമായും  ചർച്ച നടത്തി.  

സമരസമിതി കൺവീനർ ഫാദർ യൂജിൻ എച്ച്‌ പെരേര, ഫാദർ ജയിംസ്‌ കുലാസ്‌, ഫാദർ മൈക്കിൾ തോമസ്‌, ഫാദർ ഷാജിൻ തോമസ്‌, ഫാദർ ഹൈസിന്‌ നായകം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ധാരണയായ 6 ആവശ്യം
ക്യാമ്പുകളിലെ മത്സ്യത്തൊഴിലാളികൾക്ക്‌ വാടകവീടുകളിലേക്ക്‌ മാറുന്നതിന്‌  5500 രൂപ നൽകും

മുട്ടത്തറയിലെ പുനർഗേഹ ഫ്ലാറ്റുകളിൽ മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കും

കാലാവസ്ഥാ മുന്നറിയിപ്പുകാരണം  കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നഷ്ടപരിഹാരം അനുവദിക്കുന്നത്‌ ആലോചിക്കും

തീരശോഷണം പഠിക്കാൻ വിദഗ്‌ധസമിതി

ആഴക്കടലിലേക്ക്‌ പോകുന്ന യാനങ്ങൾക്ക്‌ മണ്ണെണ്ണയ്‌ക്ക്‌ 25 രൂപ സബ്‌സിഡിയും ഡീസൽ എൻജിനിലേക്ക്‌ മാറ്റുന്നതിന്‌ സബ്‌സിഡിയും

മുതലപ്പൊഴി ഫിഷിങ്‌ ഹാർബറിന്റെ അശാസ്‌ത്രീയത പഠിക്കാൻ സിഡബ്ല്യുപിആർഎസിനെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച്‌ തീരദേശവാസികളുമായി ചർച്ച നടത്തും

കരുതലോടെ തീരത്ത്‌
തീരപ്രദേശത്ത്‌ നടപ്പാക്കിവരുന്ന ക്ഷേമ–-വികസന നയത്തിന്റെ തുടർച്ചയാണ്‌ വിഴിഞ്ഞം തുറമുഖത്തോടും അതിനെതിരായ സമരത്തോടും എൽഡിഎഫ്‌ സർക്കാർ എടുത്ത നിലപാട്‌. കഷ്ടപ്പെടുന്ന തീരവാസികളുടെ തൊഴിൽപ്രശ്നങ്ങളും കിടപ്പാടമില്ലാത്ത സ്ഥിതിയും മാറ്റുമെന്ന നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനങ്ങളാണ്‌ നടപ്പാക്കുന്നത്‌. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുന്നുവെന്ന്‌ തെളിയിച്ചാണ്‌ സമരം ഒത്തുതീർന്നതും. സമരസമിതിയുടെ ആറ്‌ ആവശ്യവും നടപ്പാക്കുന്നത്‌ പരിശോധിക്കാൻ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്‌ അനുകൂല നിലപാടിന്റെ ഭാഗമാണ്‌.

തൊഴിലുറപ്പ്‌ പദ്ധതിയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നതുൾപ്പെടെ പുതിയ തീരുമാനങ്ങൾ മേഖലയ്ക്കാകെ ആശ്വാസമാകും. പുനർഗേഹംപോലുള്ള പദ്ധതികൾ വഴി പുനരധിവാസം പൂർത്തിയാക്കും. മണ്ണെണ്ണ ലഭ്യമല്ലെന്നതിനാൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയിട്ടും പ്രയോജനമില്ല.

ഈ ഘട്ടത്തിൽ ബോട്ടുകൾ ആധുനികമാക്കാൻ സർക്കാർ സബ്‌സിഡി നൽകാമെന്ന ധാരണ സമരസമിതിക്കും സ്വീകാര്യമായി. ആഘാതം പഠിക്കാനുള്ള വിദഗ്ധസമിതി ലത്തീൻസഭാ അധികൃതരിൽ നിന്നുൾപ്പെടെ അഭിപ്രായം സ്വീകരിക്കും. മുതലപ്പൊഴിയിലെ അപകടങ്ങൾ സംബന്ധിച്ച്‌ പരിഹാരത്തിനും നേരത്തേ നടപടിയെടുത്തിരുന്നു. ചെന്നൈ ഐഎടി യുടെ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കുമിത്‌. 138 ദിവസത്തിനുശേഷം സമരം പിൻവലിക്കുമ്പോൾ ഒരുഘട്ടത്തിന്‌ സമാപ്തിയായെന്നാണ്‌ കൺവീനർ ഫാ. യൂജിൻ പെരേര ചർച്ചയ്ക്കുശേഷം പറഞ്ഞത്‌. ഒരുഘട്ടത്തിലും പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പറഞ്ഞിട്ടില്ല.

നിർമാണം തടയില്ലെന്നും സമരപ്പന്തൽ പൊളിക്കുന്നതുൾപ്പെടെ കാര്യങ്ങൾ ബുധനാഴ്‌ച പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക്‌ വിളിച്ചില്ലെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ചില മാധ്യമങ്ങളും പ്രതിപക്ഷവും ആരോപിച്ചെങ്കിലും നിരന്തര ചർച്ച നടന്നിരുന്നതായി സമരസമിതി നേതാക്കൾതന്നെ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top