15 September Monday

വിഴിഞ്ഞം കൊലപാതകം: ജ്വല്ലറിയിൽ തെളിവെടുപ്പ്‌, ആഭരണങ്ങൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

അൽ അമീനുമായി പൊലീസ് വിഴിഞ്ഞത്തെ ജ്വല്ലറിയിൽ തെളിവെടുപ്പിന് എത്തിയപ്പോൾ

കോവളം > വിഴിഞ്ഞം മുല്ലൂരിൽ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുമായി ജ്വല്ലറിയിൽ തെളിവെടുപ്പ്‌ നടത്തി. രണ്ടാം പ്രതിയും മുഖ്യപ്രതി റഫീക്കയുടെ സുഹൃത്തുമായ അൽ അമീനുമായാണ്  (26)പൊലീസ് വിഴിഞ്ഞത്തെ സ്വകാര്യ ജ്വല്ലറിയിൽ തെളിവെടുത്തത്‌.

ശാന്തകുമാരിയിൽനിന്നും കവർന്ന  വള, മാല, കമ്മലുകളുമടക്കം 20 ഗ്രാമിന്റെ സ്വർണാഭരണങ്ങളാണ് ജ്വല്ലറിയിൽ വിറ്റത്. ഇവ കണ്ടെടുത്തു. കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾ ഓട്ടോറിക്ഷയിൽ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് സമീപത്തെ ജങ്ഷനിലെത്തിയിരുന്നു.  റഫീക്ക, മകൻ ഷഫീക്ക് എന്നിവരെ പുറത്ത് നിർത്തിയശേഷം അൽ അമീനായിരുന്നു ആഭരണങ്ങൾ ജ്വല്ലറിയിൽ കയറി വിറ്റത്.

ആഭരണം വിറ്റ്‌  ലഭിച്ച രൂപയുമായി സംഘം തമ്പാനൂരിലെ ലോഡ്‌ജിലെത്തുകയും രാത്രിയോടെ  സ്വകാര്യ ബസിൽ കയറി കോഴിക്കോട്ടേക്ക്‌ പോകാൻ തീരുമാനിച്ചിരുന്നതായും പ്രതികൾ സമ്മതിച്ചു. ഇവർ സഞ്ചരിച്ച ബസിന്റെ വിവരങ്ങൾ ശേഖരിച്ച് കഴക്കൂട്ടത്ത് ബസ് നിർത്തിച്ചായിരുന്നു അറസ്റ്റ്‌. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐ കെ എൽ സമ്പത്ത്, അസി. സബ് ഇൻസ്‌പെക്ടർമാരായ എസ് ജയകുമാർ, വില്ലേജ് ഓഫീസർ ജിജി മോഹൻ എന്നിവരുടെ  നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top