19 April Friday

വിഴിഞ്ഞത്ത്‌ സേവാഭാരതി വഴി ജോലിയെന്ന്‌ പ്രചാരണം

സ്വന്തം ലേഖകൻUpdated: Sunday Jan 15, 2023

തിരുവനന്തപുരം> വിഴിഞ്ഞത്ത്‌ അദാനി നിർമിക്കുന്ന തുറമുഖവുമായി ബന്ധപ്പെട്ട്‌ ആയിരക്കണക്കിന്‌ ഒഴിവുകൾ ഉണ്ടെന്നും സേവാഭാരതി വഴി അപേക്ഷിച്ചാൽ ജോലി നൽകുമെന്നും ആർഎസ്‌എസ്‌– ബിജെപി ഗ്രൂപ്പുകൾവഴി വ്യാപക പ്രചാരണം. ഇക്കാര്യം വിശ്വസിച്ച്‌ നിരവധി പേർ സംഘപരിവാർ സംഘടനയായ സേവാഭാരതിക്ക്‌ അപേക്ഷ നൽകിത്തുടങ്ങി.

സന്ദേശം ഇങ്ങനെ: ‘വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ അദാനി ഗ്രൂപ്പ്‌. അവിടെ ഒട്ടേറെ ജോലി സാധ്യതയുണ്ട്‌. സേവാപ്രവർത്തകരും ബന്ധുക്കളും ജോലിക്ക്‌ അപേക്ഷിക്കണം. 35 വയസ്സ്‌ പരിധിയുണ്ട്‌. ബയോഡാറ്റ സേവാഭാരതിയുടെ മെയിലിലോ നെയ്യാറ്റിൻകര സ്വവലംബൻ കോ–-ഓർഡിനേറ്റർ അജിത്‌കുമാറിന്‌ വാട്‌സാപ്പിലോ അയക്കുക’. വിഴിഞ്ഞം പോർട്ടിൽ ആർഎസ്‌എസ്‌ പ്രവർത്തകരെ കുത്തിനിറയ്ക്കാനാണിതെന്നും പണം തട്ടാനുള്ള നീക്കമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്‌.

തട്ടിപ്പുകാരാണ്‌ പിന്നിലെന്നതിനാലാണ്‌ എതിർപ്പ്‌ ഉയർന്നതും വിവരം ചോർന്നതും. എന്നാൽ, നിർമാണ ജോലികൾക്ക്‌ ആവശ്യമായ മുഴുവൻപേരെയും നേരത്തേതന്നെ എടുത്തിട്ടുണ്ടെന്ന്‌ തുറമുഖ അധികൃതർ പറഞ്ഞു. ഓഫീസ്‌ നിയമനങ്ങളുംമറ്റും നടത്താൻ ഇനിയും സമയമെടുക്കുമെന്നും അറിയിച്ചു. ആംബുലൻസിന്‌ അമിതമായി പണം ഈടാക്കി, കോവിഡ്‌ ശുചീകരണത്തിന്‌ പണംവാങ്ങി എന്നതടക്കം ഒട്ടേറെ ആക്ഷേപങ്ങൾ സേവാഭാരതിക്കെതിരെ നേരത്തേ ഉയർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top