29 March Friday

‘നീ ചത്താൽ പാട്ടക്കാറിനേം 
നിന്നേം സഹിക്കേണ്ടല്ലോ’; വിസ്‌മയ കേസിൽ സാക്ഷിവിസ്‌താരം തുടരുന്നു

സ്വന്തം ലേഖികUpdated: Friday Jan 14, 2022
കൊല്ലം > ‘നീ ചത്താൽ പാട്ടക്കാറിനേം നിന്നേം സഹിക്കേണ്ടല്ലോ’ എന്ന്‌ കിരൺ വിസ്‌മയയോട്‌ പറഞ്ഞതായി സാക്ഷിമൊഴി. വിസ്‌മയ കേസിന്റെ വിചാരണയ്‌ക്കിടെ വിസ്‌മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യയും രണ്ടാംസാക്ഷിയുമായ ഡോ. രേവതിയാണ്‌ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്തിന്റെ മുമ്പാകെ മൊഴി നൽകിയത്‌. 
മാനസിക സമ്മർദം താങ്ങാനാകാതെ ആത്മഹത്യയുടെ വക്കിലാണെന്ന്‌ പറഞ്ഞപ്പോഴായിരുന്നു കിരണിന്റെ  പ്രതികരണമെന്ന്‌ വിസ്‌മയ പറഞ്ഞിരുന്നു.
 
ഗൾഫുകാരന്റെ മകളും മർച്ചന്റ്‌ നേവിക്കാരന്റെ പെങ്ങളുമാണെന്ന്‌ വിചാരിച്ചാണ്‌ കല്യാണം കഴിച്ചത്‌. പക്ഷേ, കിട്ടിയത്‌ ഒരു പാട്ടക്കാറും വേസ്റ്റ്‌ പെണ്ണുമാണെന്ന്‌ കിരൺ പറയുമായിരുന്നു. ഓണത്തിന്‌ കാറിഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ്‌ കാറിൽവച്ച്‌ വഴക്കുണ്ടായി എന്നും റോഡിൽ ഇറങ്ങിനിന്നെന്നും വിസ്‌മയ പറഞ്ഞിരുന്നു. ഇത്രയും പോസിറ്റീവ്‌ ആറ്റിറ്റ്യൂഡുള്ള താനൊരു വേസ്‌റ്റാണോ ചേച്ചി എന്ന്‌ തന്നോട്‌ ചോദിച്ചതായും ഡോ. രേവതി മൊഴിനൽകി. വിസ്‌മയയുമായി എന്നും വാട്‌സാപ്പിൽ ചാറ്റുചെയ്യുമായിരുന്നു. എപ്പോഴും  സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു. വിവാഹം കഴിഞ്ഞ്‌ ഒരു മാസമായതു മുതൽ വിസ്‌മയ മ്ലാനവതിയായി.  സ്‌ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്‌ നേരിൽ പറയുകയും വാട്‌സാപ്പിൽ സന്ദേശം അയയ്‌ക്കുകയും ചെയ്‌തിരുന്നു.
 
കിരൺ വിസ്‌മയയെ ഭിത്തിയോടു ചേർത്തുനിർത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട്‌ മുഖത്ത്‌ കാലുകൊണ്ട്‌ ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നു. ഈ വിവരം താൻ ഭർത്താവിനെയും അച്ഛനമ്മമാരെയും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കരയോഗത്തിൽ പരാതി നൽകിയതെന്നും രേവതി മൊഴി നൽകി. ഇക്കാര്യം ചർച്ചചെയ്യാനിരിക്കെയാണ്‌ മാർച്ച്‌ 17ന്‌ വിസ്‌മയയെ കിരൺ കോളേജിൽനിന്ന്‌ കൂട്ടിക്കൊണ്ടുപോയത്‌. അതിനുശേഷം വിസ്‌മയ തന്നോടു കോൺടാക്‌ട്‌ കുറച്ചെന്നും കിരണാണ്‌ ഫോണിൽ തന്നെ ബ്ലോക്ക്‌ചെയ്‌തതെന്നും മൊഴി നൽകി. താനും വിജിത്തും തമ്മിലുള്ള വിവാഹത്തിന്‌ കിരൺ പങ്കെടുത്തില്ലെന്നും സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജിന്റെ വിസ്‌താരത്തിൽ രേവതി പറഞ്ഞു. തന്റെ ഫോണും വിസ്‌മയയുടെ സന്ദേശങ്ങളും ഡോ. രേവതി കോടതിയിൽ തിരിച്ചറിഞ്ഞു. ഡോ. രേവതിയുടെ എതിർ വിസ്‌താരം തിങ്കളാഴ്‌ച നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top