19 April Friday

വിസ്‌മയ കേസ്‌: ആണ്ടിനുള്ളിൽ വിധി

സ്വന്തം ലേഖകൻUpdated: Monday May 23, 2022

വിസ്മയ സഹോദരൻ വിജിത്തിന്റെ ആറുമാസം പ്രായമായ കുഞ്ഞ് നീൽ വി വിക്രമിനൊപ്പമുള്ള ഭാവനാചിത്രം. വിസ്മയ ജീവിച്ചിരുന്നെങ്കിൽ സഹോദരന്റെ കുഞ്ഞിനെ മാറോട് ചേർക്കുന്നത്‌ സങ്കൽപ്പിച്ച് കോഴിക്കോട്‌ സ്വദേശിനി അജില ഡിജിറ്റൽ ആർട്ടിലൂടെ വരച്ച് കുടുംബത്തിന് അയച്ചുകൊടുത്തത്.

കൊല്ലം
വിസ്‌മയയുടെ വേർപാടിന്‌ ഒരുവർഷം പൂർത്തിയാകുംമുമ്പേ കേസ്‌ വിധിയിലേക്ക്‌ എത്തിയത്‌ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും നേട്ടം. അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും വിചാരണയുമെല്ലാം ദ്രുതഗതിയിൽ പൂർത്തിയാക്കി. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്‌ ആത്മഹത്യാ പ്രതിരോധ ദിനത്തിലാണ്‌. ഭർത്താവ്‌ കിരൺകുമാറിൽനിന്ന് ഉണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്‌ ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കി. ഇത്‌ വിചാരണക്കോടതിയെ ബോധ്യപ്പെടുത്താൻ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജിനും കഴിഞ്ഞു.

അന്വേഷകസംഘത്തിനു ലഭിച്ച തെളിവെല്ലാം ഫോറൻസിക്‌ വിഭാഗത്തിന്റെ സഹായത്താൽ ശാസ്ത്രീയ പരിശോധന നടത്തി. സ്ത്രീധനമായി ലഭിച്ച കാറിന്റെ പേരിൽ പ്രതി കിരൺകുമാർ വിസ്‌മയയുമായി നിരന്തരം വഴക്കിട്ടതിനും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനും ശക്തമായ തെളിവുകൾ നിരത്താൻ കഴിഞ്ഞു. പീഡനം തുടർന്നാൽ ജീവിതം അവസാനിപ്പിക്കുമെന്ന്‌ പലവട്ടം ഭർത്താവിനു മുന്നറിയിപ്പ്‌ നൽകിയ വിസ്‌മയ താൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും അമ്മയെയും സഹോദരനയെും സുഹൃത്തുക്കളെയും വാട്‌സാപ്‌ സന്ദേശങ്ങളിലൂടെ അറിയിച്ചിരുന്നു. പ്രതി കിരണിന്റെ സഹോദരി കീർത്തിയോട്‌ രക്ഷിക്കണമെന്ന്‌ അഭ്യർഥിക്കുന്ന വിസ്‌മയയുടെ വാട്‌സാപ്‌ ചാറ്റും അന്വേഷകസംഘം കണ്ടെത്തി. ഇതെല്ലാം പ്രതിക്ക്‌ കുരുക്കായി. 

വിസ്‌മയ പഠിച്ച പന്തളം എൻഎസ്‌എസ്‌ ആയുർവേദ കോളേജിനു സമീപം വിസ്‌മയയുമായി കിരൺകുമാർ വഴക്കിട്ടതിനും തെളിവ് ലഭിച്ചു. കാർയാത്രയ്‌ക്കിടെ 2020 ആഗസ്‌ത്‌ 29ന്‌ കിഴക്കേകല്ലടയിൽവച്ച്‌ കിരൺ വഴക്കിട്ടതും മർദനത്തിൽനിന്ന്‌ രക്ഷപ്പെടാൻ വിസ്‌മയ സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലേക്ക്‌ ഓടിക്കയറിയതിനും സാക്ഷിമൊഴികൾ നിർണായകമായി. 2021 ജനുവരി രണ്ടിന്‌ നിലമേലിൽ വിസ്‌മയയുടെ വീട്ടിലെത്തിയ കിരൺ കാറിന്റെ പേരിൽ വിസ്‌മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും സഹോദരനെ മർദിച്ചതിനും സംഭവമറിഞ്ഞ്‌ എത്തിയ ചടയമംഗലം എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിനും ശക്തമായ തെളിവുകളാണ്‌ അന്വേഷകസംഘം കുറ്റപത്രത്തിൽ നിരത്തിയത്‌.

വിധി കാത്ത്‌ വിസ്മയയുടെ 
കുടുംബവും നാടും
സ്വന്തം ലേഖകൻ
ചടയമംഗലം
വിധിപ്രഖ്യാപനത്തിന്‌ കാത്തിരിക്കുകയാണ്‌ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻനായരും അമ്മ സജിതയും സഹോദരൻ വിജിത്തും ബന്ധുക്കളും നാട്ടുകാരുമെല്ലാം. സ്നേഹിച്ച് തീരുംമുമ്പേ വിടപറഞ്ഞകന്ന മകൾ സൃഷ്ടിച്ച ശൂന്യത ത്രിവിക്രമൻനായർക്കും സജിതയ്‌ക്കും ഉൾക്കൊള്ളാനാകുന്നില്ല. കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെട്ടു. കേസിന്റെ വിവരങ്ങൾ കുടുംബംതന്നെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട്‌ കൈമാറി. ഇത്‌ വിചാരണ വേഗത്തിലാക്കാൻ ഇടയാക്കി.
 
ദക്ഷിണമേഖലാ ഐജി ആയിരുന്ന അർഷിത അട്ടല്ലൂരിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ ഡിവൈഎസ്‌പി രാജ്‌കുമാറിന്റെയും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജിന്റെ സേവനങ്ങളും വിസ്മരിക്കാനാകില്ല. കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണ് സർക്കാർ ഇവരെ നിയമിച്ചത്. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്ര വേഗത്തിൽ വിധി ഉണ്ടാകുമായിരുന്നോ എന്ന കാര്യത്തിലും ത്രിവിക്രമൻനായർ ആശങ്കപ്പെട്ടു. മകൾ നഷ്ടപ്പെട്ട് 11 മാസവും 2 ദിവസത്തിനിപ്പുറം കേസിൽ വിധി പ്രഖ്യാപിക്കുമ്പോൾ സർക്കാർ നൽകിയ സഹായത്തിനും പിന്തുണയ്‌ക്കുംകൂടി നന്ദി പറയുകയാണ് വിസ്മയയുടെ കുടുംബം.
 
വിസ്‌മയയുടെ ശബ്‌ദസന്ദേശം
‘പറ്റത്തില്ല അച്ഛാ, എനിക്ക് പേടിയാ’
 
കൊല്ലം
‘ഇവിടെ നിർത്തിയിട്ട് പോകുകയാണെങ്കിൽ എന്നെ കാണത്തില്ല. എന്നെക്കൊണ്ട്‌ പറ്റത്തില്ല അച്ഛാ... എനിക്ക് പേടിയാ. നോക്കിക്കോ’–- നെഞ്ചിലേക്ക്‌ തറച്ചുകയറുകയാണ്‌ വിസ്‌മയയുടെ വിങ്ങിപ്പൊട്ടിയ വാക്കുകൾ. കേസിൽ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ്‌ ഭർത്താവ്‌ കിരണിൽനിന്ന്‌ നേരിട്ട പീഡനങ്ങൾ വിസ്മയ അച്ഛനോട് പറയുന്ന ശബ്ദരേഖ പുറത്തായത്‌. 
 
ഭർത്താവ് കിരൺ മർദിച്ചെന്ന് കരഞ്ഞുകൊണ്ടാണ്‌ വിസ്മയ പറയുന്നത്‌. ‘എനിക്ക്‌ അങ്ങ്‌ വരണം. എന്നെ അടിക്കും. ഇവിടെനിന്ന്‌ ഇറങ്ങിപ്പോകാൻ പറയുന്നു. ഞാൻ എന്തെങ്കിലും ചെയ്യും. എനിക്ക് പറ്റത്തില്ല അച്ഛാ’ എന്നിങ്ങനെയാണ് സംഭാഷണം നീളുന്നത്‌. 
‘ആ... നീ ഇങ്ങുപോരെ, കുഴപ്പമില്ല. അതൊക്കെ ദേഷ്യം വരുമ്പോൾ പറയുന്നതാണ്‌. ഇതൊക്കെ തന്നെയാണ്‌ മക്കളെ ജീവിതം’ എന്ന്‌ അച്ഛൻ മറുപടി പറയുന്നതും ശബ്ദസന്ദേശത്തിലുണ്ട്‌. വിചാരണവേളയിൽ കോടതിക്ക് മുമ്പാകെ എത്തിയതാണ് ഈ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ്‌ മാധ്യമങ്ങൾക്ക് ലഭിച്ചത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഇരുവരും തമ്മിലുള്ള ഈ സംഭാഷണം നടന്നത്.
 
വിധി സമൂഹത്തിന് സന്ദേശമാകും
വിസ്‌മയ കേസിൽ സമൂഹത്തിനു ശക്തമായ സന്ദേശം നൽകുന്ന വിധിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കേസ്‌ അന്വേഷണച്ചുമതലയുള്ള ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാർ പറഞ്ഞു. ഒരു പെൺകുട്ടിയുടെ ജീവിതവും ജീവനും സ്‌ത്രീധന ആർത്തിമൂലം ഇല്ലാതാക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമാണ്‌ സമൂഹത്തിൽനിന്ന് ഉയർന്നത്‌. സർക്കാരും സംഘടനകളും സ്‌ത്രീധനപീഡനത്തിനെതിരെ രംഗത്തുവന്നു.

കുറ്റം 
തെളിയിക്കാനായി
പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം സംശയത്തിന്‌ അതീതമായി തെളിയിക്കാൻ കഴിഞ്ഞെന്ന്‌ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ പറഞ്ഞു. കോടതിവിധി സമൂഹത്തിന്‌ ഒരു മാർഗദർശിയാകും.

കോടതിയിൽ 
പൂർണവിശ്വാസം
കോടതിയിൽ പരിപൂർണ വിശ്വാസമുണ്ടെന്ന്‌ വിസ്‌മയുടെ അമ്മ സജിത വി നായർ പറഞ്ഞു. സമൂഹത്തിന്‌ ശക്തമായ സന്ദേശം കൊടുക്കുന്ന വിധിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. കാര്യശേഷിയുള്ള അന്വേഷകസംഘത്തെയാണ്‌ സർക്കാർ ചുമതലപ്പെടുത്തിയത്‌. പബ്ലിക് പ്രോസിക്യൂട്ടറും ശക്തമായ നിലപാട്‌ സ്വീകരിച്ചു.
 
കിരൺ ശാസ്താംനടയിലെ വീട്ടിൽ
 
ശൂരനാട്
വിസ്മയക്കേസിൽ തിങ്കളാഴ്ച വിധിവരാനിരിക്കെ പ്രതി കിരൺകുമാർ പോരുവഴി ശാസ്താംനടയിലുള്ള ചന്ദ്രാലയം വീട്ടിലാണുള്ളത്. 2021 ജൂൺ 21ന് പുലർച്ചെയാണ് നിലമേൽ കൈതോട് കുളത്തിൻ മേലതിൽ ത്രിവിക്രമൻനായരുടെയും സരിതയുടെയും മകൾ വിസ്മയ (24) ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അന്നേ ദിവസം രാത്രിയോടെ ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ജയിലിലായിരുന്ന കിരൺകുമാറിന് കേസിൽ വിചാരണ കോടതിയിൽനിന്നും ഹൈക്കോടതിയിൽനിന്നും ജാമ്യം കിട്ടിയില്ല. തുടർന്ന് ഏഴു ദിവസത്തെ ഇടക്കാല ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയും കഴിഞ്ഞ മാർച്ച്‌ രണ്ടിന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് വിധി വരുന്നതുവരെ ജാമ്യം നൽകുകയുമായിരുന്നു. ഒമ്പത്‌ മാസത്തിനുശേഷം ജയിൽമോചിതനായ കിരൺ വീട്ടിലെത്തിയശേഷം നാട്ടിലെങ്ങും അധികം ഇറങ്ങിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പുറത്തുപോകുന്നതല്ലാതെ നാട്ടുകാരോട്‌ അധികം സംസാരിക്കുന്നില്ല.
 
സമൂഹമാധ്യമങ്ങളിൽ മുമ്പ്‌ സജീവമായിരുന്ന കിരൺ ജാമ്യത്തിലിറങ്ങിയ ശേഷം ഫെയ്‌സ്‌ബുക്ക്‌ അടക്കമുള്ളവ ഉപയോഗിച്ചിട്ടില്ല. എന്നാൽ, മുമ്പ്‌ പോസ്റ്റ്‌ ചെയ്തിരുന്ന വിസ്മയയോടൊപ്പമുള്ള ചിത്രങ്ങൾ നീക്കംചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന്‌ അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിനെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ആലോചിച്ചിരുന്നെങ്കിലും കേസിൽ വിധി വന്നശേഷം തുടർ നടപടി ആലോചിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കേസിൽ ഹാജരായ അഭിഭാഷകർക്കും മറ്റുമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ്‌ മൺറോതുരുത്തിൽ സൽക്കാരം നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top