25 April Thursday
ഭർത്താവ് കുറ്റക്കാരൻ

വിസ്‌മയ കേസ്‌ : ശിക്ഷാവിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

പ്രതി കിരൺകുമാറിനെ കോടതിയിൽനിന്ന്‌ കൊല്ലം ജില്ലാ ജയിലിലേക്ക്‌ 
കൊണ്ടുപോകുന്നു

കൊല്ലം  
സ്‌ത്രീധന പീഡനത്തെത്തുടർന്ന്‌ ബിഎഎംഎസ്‌ വിദ്യാർഥിനി വിസ്‌മയ (24)ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ്‌ കിരൺകുമാർ കുറ്റക്കാരനെന്ന്‌ കോടതി. ചൊവ്വാഴ്‌ച ശിക്ഷ വിധിക്കും. ജാമ്യം റദ്ദാക്കി പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക്‌ മാറ്റി. സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള മരണം, സ്‌ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, സ്‌ത്രീധന നിരോധന നിയമത്തിലെ സ്‌ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ വകുപ്പുകൾ പ്രകാരം പ്രതി ശിക്ഷാർഹനാണെന്ന്‌ കൊല്ലം ഒന്നാം ക്ലാസ്‌ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്‌ വിധിച്ചു. ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ ഒഴിവാക്കി. 

നിലമേൽ കൈതോട്‌ കെകെഎംവി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകളാണ്‌ വിസ്‌മയ. 2021 ജൂൺ 21ന്‌ പുലർച്ചെ 3.30നാണ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരണിനെ കേസിനെ തുടർന്ന്‌ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു.

വിസ്‌മയക്കുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്‌ ശാസ്‌ത്രീയ തെളിവുകൾ ഹാജരാക്കാനും വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനും പ്രോസിക്യൂഷനായി. ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. ഫോൺ ശബ്ദരേഖ  നിർണായകമായി. 120 രേഖകളും 12 തൊണ്ടി മുതലും ഹാജരാക്കിയ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു. സംഭവംനടന്ന്‌ 80 ദിവസത്തിനകം ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹാജരായി. നീതിയുടെ വിജയമാണെന്നും സർക്കാർ വേണ്ടതെല്ലാം ചെയ്‌തെന്നും അച്ഛൻ ത്രിവിക്രമൻനായർ പറഞ്ഞു.

കുറ്റവും ശിക്ഷയും
സ്‌ത്രീധനപീഡനത്തെത്തുടർന്നുള്ള മരണത്തിന്‌ ജീവപര്യന്തവും ആത്മഹത്യാ പ്രേരണയ്ക്ക്‌ 10 വർഷവും സ്‌ത്രീധന പീഡനത്തിന്‌ മൂന്നു വർഷവും സ്‌ത്രീധനം വാങ്ങിയതിന്‌ മൂന്നു മുതൽ അഞ്ചുവർഷം വരെയും സ്‌ത്രീധനം ആവശ്യപ്പെട്ടതിന്‌ രണ്ടുവർഷവും തടവുശിക്ഷ ലഭിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top