26 April Friday

‘യെന്തിര ലോക’ത്തെ വിഷ്‌ണു; വീട് നിറയെ റോബോട്ടുകൾ

അനോബ്‌ ആനന്ദ്‌Updated: Monday Sep 27, 2021

റോബോട്ടുകളുമായി വിഷ്ണു പി കുമാർ

കിളിമാനൂർ > വിഷ്‌ണുവിന്റെ വീട് നിറയെ റോബോട്ടുകളാണ്. ക്ലീനിങ്‌ റോബോട്ട്, മെഡിക്കൽ റോബോട്ട്, അസിസ്റ്റന്റ് റോബോട്ട്, ഓഫീസ് റോബോട്ട്, ഓട്ടോമേഷൻ റോബോട്ട്, എന്റർടെയ്‌ൻമെന്റ് റോബോട്ട്... ഇതിൽ ചിലത് മാത്രം. കരവാരം തോട്ടയ്ക്കാട് ലിസി മന്ദിരത്തിൽ വിഷ്ണു പി കുമാറാണ്  വിവിധതരം റോബോട്ടും ഉപകരണങ്ങളും നിർമിച്ച്‌  ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരം മാർബസേലിയോസ് എൻജിനിയറിങ്‌ കോളേജിലെ  അവസാനവർഷ ബിടെക് ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്‌. രണ്ടാം ക്ലാസ്‌ മുതൽ ഇലക്ട്രോണിക്സിലും കണ്ടുപിടിത്തങ്ങളിലുമായിരുന്നു താൽപ്പര്യം. അച്ഛനമ്മമാരായ പത്മകുമാറും ലിസിയും പ്രോത്സാഹനവും പിന്തുണയുമായി ഒപ്പംനിന്നു.
 
കോവിഡ്‌ ഒന്നാം വരവിൽ  കുറഞ്ഞ ചെലവിൽ ക‍ൃത്യതയുള്ള ഓക്‌സിമീറ്ററുകൾ നിർമിക്കാമോയെന്ന്‌ കോളേജിലെ അധ്യാപകനായ  പ്രൊഫ. ജെ എസ് അരുൺ  അന്വേഷിച്ചു.  നിർദേശം ഏറ്റെടുത്ത വിഷ്ണു, ഓക്സിഫൈൻ എന്ന മൊബൈൽ ആപ്പിൽ പ്രവർത്തിക്കുന്ന ഒരു   ഓക്സിമീറ്റർ നിർമിച്ചു. വിരലിൽ വയ്ക്കാവുന്ന ഡിവൈസും പരിശോധനാ ഫലം മൊബൈലിൽ ആപ്പിൽ ലഭിക്കുന്ന രീതിയിലുമാണ് ഓക്സിഫൈൻ പ്രവർത്തിക്കുന്നത്. ഒരു മിനിറ്റുമുതൽ 24 മണിക്കൂർവരെയുള്ള ഓക്സിജൻ, പൾസ് ലെവൽ കൃത്യമായി മൊബൈലിലൂടെ അറിയാനും ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്ന മറ്റ് മൊബൈലിൽ കാണാനും സാധിക്കും. വീട്ടിലുള്ളവരുടെ പൾസും ഓക്സിജൻ ലെവലും വിദേശ രാജ്യത്തുള്ള മക്കൾക്കും കാണാമെന്ന്‌  ചുരുക്കം. 400 രൂപയാണ്‌ നിർമാണച്ചെലവ്‌. കണ്ടുപിടിത്തത്തിന് തിരുവനന്തപുരം ശ്രീചിത്രയുടെ അം​ഗീകാരം ലഭിച്ചിട്ടുണ്ട്.
 
കൂടാതെ 97 റോബോട്ടുകളാണ്‌ വിഷ്ണു നിർമിച്ചത്‌. യന്തിരൻ സിനിമ കണ്ടതോടെയാണ് വിഷ്ണുവിന് റോബോട്ടിക്സ് മേഖലയോട് കമ്പംതോന്നിയത്.  പഠനാവശ്യത്തിനും വീട് വൃത്തിയാക്കാനും തുടങ്ങി എന്താവശ്യത്തിനും റെഡിയാണ്  റോബോട്ടുകൾ. ആവശ്യക്കാർക്ക്  കുറഞ്ഞ ചെലവിൽ വിഷ്ണു നിർമിച്ചും നൽകുന്നു. സമൂഹനന്മ ലക്ഷ്യമിട്ട് പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയിൽ ജോലി ചെയ്യണമെന്നാണ്‌ വിഷ്ണുവിന്റെ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top