25 April Thursday

മോദി ഭരണം കർഷകർക്ക്‌ നൽകിയത്‌ ദുരിതം മാത്രം: ഡോ. വിജു കൃഷ്‌ണൻ

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022

കിസാൻസഭയുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്‌ വടക്കാഞ്ചേരിയിൽ നടന്ന സെമിനാർ 
അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വിജുകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി> രാജ്യത്തെ  അന്നമൂട്ടുന്ന കർഷകരേയും സാധാരണക്കാരേയും കൂടുതൽ  ദുരതത്തിലാക്കി എന്നതുമാത്രമാണ്‌ എട്ടുവർഷത്തെ മോഡി ഭരണത്തിൽ നടന്നതെന്ന്‌ അഖിലേന്ത്യാ കി.സാൻസഭാ ജോയിന്റ്‌ സെക്രട്ടറി  ഡോ. വിജു കൃഷ്‌ണൻ.  13 മുതൽ തൃശൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭാ സമ്മേളനത്തിന്‌ മുന്നോടിയായി വടക്കാഞ്ചേരി, മണ്ണുത്തി  ഏരിയ സംഘാടക സമിതികൾ  സംഘടിപ്പിച്ച സെമിനാറുകൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
കോൺഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയതോടെയാണ്‌  കർഷകർ ദുരിതത്തിന്റെ പടുകുഴിയിലേക്ക്‌  താഴ്‌ന്നത്‌.   ഉദാരവൽക്കരണ നയം നടപ്പാകുന്നതോടെ കർഷകർക്ക്‌ ഡോളറിൽ പണം കിട്ടുമെന്നാണ്‌ അന്ന്‌ സർക്കാർ പ്രചരിപ്പിച്ചിരുന്നത്‌. എന്നാൽ ഉൽപ്പാദനച്ചെലവ്‌ കുത്തനെ വർധിച്ച്‌ ന്യായവിലപോലും ലഭിക്കാതെ കർഷകർ ആത്മഹത്യയിൽ അഭയംതേടി.  നാലുലക്ഷത്തിലധികം കർഷകർ രാജ്യത്ത്‌ ആത്മഹത്യ ചെയ്‌തെന്നാണ്‌ ഔദ്യോഗിക കണക്ക്‌. അനൗദ്യോഗിക കണക്ക്‌ അതിഭീകരമാണ്‌.  
 
2014ൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ കാർഷിക പ്രതിസന്ധി അതിരൂക്ഷമായി. തുടർന്ന്‌ നടന്ന തെരഞ്ഞെടുപ്പിൽ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കുമെന്നും  കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില ഉറപ്പാക്കുമെന്നും   പ്രഖ്യാപിച്ച്‌ അധികാരത്തിൽ വന്ന മോദിസർക്കാർ കർഷകരെ വഞ്ചിക്കുകയാണ്‌ ചെയ്‌തത്‌.    കർഷക പ്രതിനിധികൾ കേന്ദ്ര കൃഷിമന്ത്രിക്ക്‌ പ്രഖ്യാപിച്ച കാര്യങ്ങൾ  നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നൽകിയപ്പോൾ, വോട്ടിനുവേണ്ടി വാഗ്‌ദാനങ്ങൾ നൽകുമെന്നും അതൊന്നും നടപ്പാക്കാനാകില്ലെന്നായിരുന്നു മറുപടി.  രാജ്യത്തിന്‌ മാതൃകയായ കർഷക ബദൽ ഒരുക്കുന്നത്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 
 
വടക്കാഞ്ചേരിയിൽ നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ,  സംസ്ഥാന ആസൂത്രണബോർഡ്‌ അംഗം ഡോ. ജിജു പി അലക്‌സ്‌,  സിപിഐ എം  ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയൻ, ടി വി സുനിൽകുമാർ, എം ആർ അനൂപ്‌ കിഷോർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top