29 March Friday

വിജയ് ബാബു അറസ്‌റ്റിൽ ; ഇരയെ സ്വാധീനിക്കാൻ 
ശ്രമിച്ചതായി ശബ്ദരേഖ

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022


കൊച്ചി
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിജയ് ബാബു അറസ്‌റ്റിൽ. കുറ്റക്കാരനെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. വിജയ്‌ ബാബുവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി ചോദ്യം ചെയ്‌തശേഷം അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിപി  വി യു കുര്യാക്കോസാണ്‌ ഇക്കാര്യം മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയത്‌. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവനടിക്ക്‌ വിജയ് ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവും അന്വേഷിക്കും. നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലും നടപടിയുണ്ടാകുമെന്ന്‌ ഡിസിപി പറഞ്ഞു.

തിങ്കൾ രാവിലെയാണ്‌ സൗത്ത്‌ പൊലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ഒമ്പതോടെ വിജയ്‌ ബാബു ചോദ്യംചെയ്യലിന്‌ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്‌. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ വൈകിട്ട്‌ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എസിപിയുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. ബലാത്സംഗം നടന്നുവെന്നു പറയുന്ന -കൊച്ചുകടവന്ത്ര റോഡ്‌ വിദ്യാനഗറിലെ അപ്പാർട്ട്‌മെന്റിൽ എത്തിച്ച്‌ ഉച്ചയ്ക്കുശേഷം തെളിവെടുപ്പ്‌ നടത്തി.  ജൂലൈ മൂന്നുവരെ പകൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുമതിയുണ്ട്‌. അതുവരെ വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും.

ഇതിനിടെ സംഭവത്തിൽ വിജയ്‌ ബാബു ഫെയ്‌സ്‌ബുക്കിൽ പ്രതികരിച്ചു. നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്ന ചിത്രവും കുറിപ്പുമാണ് പോസ്റ്റ് ചെയ്തത്. ‘എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങൾ എന്തു പ്രകോപനമുണ്ടാക്കിയാലും കോടതിയുടെ നിർദേശമുള്ളതിനാൽ പ്രതികരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും’ എന്നാണ്‌ കുറിപ്പ്‌. ഏപ്രിൽ 22നാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്‌. പിന്നാലെ രാജ്യംവിട്ട വിജയ് ബാബുവിനായി പൊലീസ് ലുക്ക്‌ ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  പാസ്‌പോർട്ടും റദ്ദാക്കി. ഹൈക്കോടതി ഇടപെടലിലാണ് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്.

ഇരയെ സ്വാധീനിക്കാൻ 
ശ്രമിച്ചതായി ശബ്ദരേഖ
പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ്‌ ബാബു ശ്രമിച്ചതിന്‌ നിർണായക തെളിവായി ഫോൺ ശബ്ദരേഖ പുറത്ത്‌. കേസ്‌ പിൻവലിച്ചില്ലെങ്കിൽ മരിക്കുമെന്നും ഇരയോട്‌ മാപ്പുപറയാൻ തയ്യാറാണെന്നും പരാതിക്കാരിയുടെ ബന്ധുവിനോട്‌ വിജയ്‌ ബാബു പറയുന്നതാണ്‌ ശബ്‌ദരേഖ. "ഞാൻ മരിച്ചുപോകും, ജീവിച്ചിരിക്കില്ല, എന്റെ അച്ഛൻ പോയിട്ട്‌ കുറച്ചുനാളേ ആയിട്ടൊള്ളൂ. അമ്മയ്ക്ക്‌ സുഖമില്ലാതിരിക്കുകയാണ്‌. ഞാൻ ഈ കുട്ടിക്ക്‌ നല്ലതുമാത്രമാണ്‌ ചെയ്തിട്ടൊള്ളൂ. ഇത്‌ പുറത്തുപോയാൽ പൊലീസുകാർ ആഘോഷിക്കും. ഞാൻ തെറ്റ്‌ ചെയ്തു. മാപ്പുപറയാൻ തയ്യാറാണ്‌. നേരിൽ കണ്ട്‌ കാലുപിടിക്കാം. അവളെന്നെ തല്ലിക്കോട്ടെ, ഇത്‌ നാട്ടുകാർ ആഘോഷിക്കാൻ അനുവദിക്കരുത്‌. പൊലീസ്‌ കേസാണോ എല്ലാത്തിനും പരിഹാരം..?'– എന്നിങ്ങനെ വിജയ്‌ ബാബു ചോദിക്കുന്നു. പരാതി വന്നപ്പോൾ വിജയ് ബാബു നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ്‌ പുറത്തുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top