14 September Sunday

പീഡനകേസ്‌: വിജയ് ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കൊച്ചി> പുതുമുഖനടിയെ പീഡിപ്പിച്ച കേസിൽ നിർമാതാവും നടനുമായ വിജയ് ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം.   ഒരാഴ്‌ചത്തെ പരിമിത കസ്റ്റഡിയും ഹൈക്കോടതി അനുവദിച്ചു. 27ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അന്നുമുതൽ ജൂലൈ മൂന്നുവരെ തുടർച്ചയായി  രാവിലെ ഒമ്പതുമുതൽ ആറുവരെ ചോദ്യം ചെയ്യാം. ഹാജരാകുന്ന സമയം കസ്റ്റഡിയായി കണക്കാക്കാം. ഇരയും പ്രതിയും തമ്മിലുള്ള വാട്സാപ് ചാറ്റുകളും സാഹചര്യങ്ങളും വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്‌താൽ അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്‌ക്കുള്ള രണ്ട്‌ ആൾ ജാമ്യത്തിലും വിട്ടയക്കണം. ഇരയെയും കുടുംബത്തെയും സാക്ഷികളെയും സ്വാധീനിക്കരുത്, സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കരുത്. കേരളം വിടരുത്, പുതിയ പാസ്‌പോർട്ട്‌ അനുവദിച്ചാൽ വിചാരണക്കോടതിയിൽ നൽകണം തുടങ്ങിയവയാണ് മറ്റ്‌ ഉപാധികൾ.

പ്രതി രക്ഷകനായി ചമഞ്ഞ് നടിയെ ചൂഷണം ചെയ്‌തെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ഉഭയസമ്മതപ്രകാരമാണോ ബന്ധപ്പെട്ടതെന്ന് വിചാരണക്കോടതി പരിശോധിക്കട്ടെയെന്ന്‌ കോടതി പറഞ്ഞു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്നും കുഞ്ഞിനുവേണ്ടി വിവാഹജീവിതം തുടരുമെന്ന്‌ ഇരയ്‌ക്കറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായി മറ്റൊരു വിവാഹം നടക്കാൻ സാധ്യത ഇല്ലെന്ന് ഇരയ്‌ക്കറിയാം.

പീഡനം ആരോപിക്കപ്പെട്ട കാലത്ത്‌ അവർ ആരുടേയും തടങ്കലിൽ ആയിരുന്നില്ല. ഇരുവരും വാട്‌സാപ്, ഇൻസ്റ്റാഗ്രാം എന്നിവ വഴി ആശയവിനിമയം നടത്തിയിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 17 വരെയുള്ള ചാറ്റുകൾ പരിശോധിച്ചാൽ ഇരുവരും തമ്മിൽ തീവ്രബന്ധത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം. പ്രതി ഫോണിലെ സന്ദേശങ്ങൾ നീക്കംചെയ്‌ത കാലത്ത്‌ ഇരയും ഫോണിലെ സന്ദേശങ്ങൾ നീക്കിയിട്ടുണ്ട്. ലൈംഗികാതിക്രമം നടന്നതായി സന്ദേശങ്ങളിൽ സൂചനയില്ല. വിദേശത്തായിരുന്നപ്പോൾ ജാമ്യാപേക്ഷ ഫയൽ ചെയ്തതിൽ തെറ്റില്ലെന്നും വാദം നടക്കുമ്പോൾ ഹാജരായാൽ മതിയെന്നും കോടതി വ്യക്തമാക്കി.

കുറ്റകൃത്യത്തിനുശേഷം ഒളിവിൽപ്പോയ പ്രതി വിദേശത്തിരുന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ഗുരുതരകുറ്റം ചെയ്തെന്നും പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ഇരയുടെ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top