29 March Friday

പ്ലസ്‌ ടു ബാച്ചിന്‌ കോഴ : കെ എം ഷാജിയെ വിജിലൻസ്‌ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


കണ്ണൂർ
അഴീക്കോട്‌ ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം അനുവദിക്കാൻ കോഴ വാങ്ങിയ കേസിൽ മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജി എംഎൽഎയെ വിജിലൻസ്‌ ചോദ്യംചെയ്‌തു. കണ്ണൂർ വിജിലൻസ്‌ ഓഫീസിൽ വ്യാഴാഴ്‌ച പകൽ മൂന്നിനു തുടങ്ങിയ ചോദ്യംചെയ്യൽ വൈകിട്ട്‌ ആറുവരെ നീണ്ടു. വീണ്ടും ചോദ്യംചെയ്യും. വരുമാനസ്രോതസ്‌‌ അടക്കമുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഹയർസെക്കൻഡറി ബാച്ച്‌ അനുവദിക്കാൻ ഷാജി സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ 25 ലക്ഷംരൂപ കോഴവാങ്ങിയെന്നാണ്‌ കേസ്‌. 2014ൽ യുഡിഎഫ്‌ ഭരണകാലത്താണ്‌ സ്‌കൂളിന്‌ ഹയർസെക്കൻഡറി ബാച്ച്‌ അനുവദിച്ചത്‌. വിജിലൻസ്‌ ശേഖരിച്ച തെളിവുകൾ വച്ചായിരുന്നു ചോദ്യംചെയ്യൽ. സ്‌കൂളിന്റെ വരവ്‌–- ചെലവ്‌ കണക്ക്‌ ലഡ്‌ജറടക്കം 16 രേഖകളാണ്‌ വിജിലൻസിന്റെ കൈയിലുള്ളത്‌. മുസ്ലിംലീഗ്‌ ജില്ലാ ഭാരവാഹികളടക്കം 26 പേരെ ഇതുവരെ ചോദ്യംചെയ്‌തു. ഷാജി നൽകിയ  മറുപടിയും ഹാജരാക്കിയ രേഖകളും ശരിയാണോയെന്ന്‌ പരിശോധിച്ചാകും വീണ്ടും വിളിപ്പിക്കുക.

ഷാജി കോഴ വാങ്ങിയെന്ന പരാതി മുസ്ലിംലീഗിന്റെ സംസ്ഥാന കമ്മിറ്റിയടക്കം ചർച്ചചെയ്‌തിരുന്നു. അതിനാൽ ലീഗ്‌ സംസ്ഥാന നേതാക്കളെയും ചോദ്യംചെയ്യേണ്ടിവരുമെന്ന്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്‌. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ടു‌മാത്രമേ കോടതിയിൽ സമർപ്പിക്കൂ. വിജിലൻസ്‌ ആവശ്യപ്പെട്ടതുപ്രകാരം ചില രേഖകൾ ഹാജരാക്കിയതായി കെ എം ഷാജി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top