01 December Friday
പൊതിയാനുള്ള കടലാസിൽ വരെ തട്ടിപ്പ്‌

മദ്യത്തിൽ ഇങ്ങനെ "വെള്ളം ചേർക്കാമോ'; ബിവറേജസ്‌ ഷോപ്പുകളിൽ വ്യാപക ക്രമക്കേട്‌

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023

പ്രതീകാത്മക ചിത്രം

കോട്ടയം> ജില്ലയിലെ ബിവറേജസ്‌ ഷോപ്പുകളിൽ വിജിലൻസ്‌ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്‌ വ്യാപക ക്രമക്കേടുകൾ. മദ്യവിൽപനയിൽ മാത്രമല്ല, കുപ്പി പൊതിയാൻ കടലാസ്‌ വാങ്ങുന്നതിലും ബില്ലടിക്കുന്നതിലും വരെ ജീവനക്കാർ തട്ടിപ്പ്‌ നടത്തുന്നതായി കണ്ടെത്തി. കുറഞ്ഞ വിലയുള്ള മദ്യം സ്‌റ്റോക്കുണ്ടെങ്കിലും വിലകൂടിയ മദ്യം അടിച്ചേൽപ്പിക്കുക, ഇതിന്‌ പ്രത്യുപകാരമായി കമ്പനിയിൽ നിന്ന്‌ കമീഷൻ കൈപ്പറ്റുക, വിലവിവര പട്ടിക ഉപഭോക്താക്കൾക്ക്‌ കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക, കൃത്യമായ രേഖകൾ സൂക്ഷിക്കാതിരിക്കുക, മദ്യം പൊതിയാനുള്ള കടലാസ്‌ വാങ്ങാതെ വാങ്ങിയതായി രേഖയുണ്ടാക്കുക എന്നിവയാണ്‌ പൊതുവായി കണ്ടെത്തിയ ക്രമക്കേടുകൾ.

സർക്കാരിന്റെ മദ്യമായ ജവാന്‌ ആവശ്യക്കാർ കൂടുതലാണ്. പക്ഷേ ഇതിന്‌ കമീഷൻ കിട്ടാത്തതിനാൽ, കമീഷൻ കിട്ടുന്ന മറ്റ്‌ മദ്യങ്ങൾ എടുത്തുവച്ച്‌ വിൽപന നടത്തുകയാണ്‌. മദ്യത്തിന്‌ അധികതുക വാങ്ങുന്നുമുണ്ട്‌. ബില്ലിൽ തുക കാണാൻ പറ്റാത്ത രീതിയിൽ സീൽ അടിയ്‌ക്കുകയും അമ്പതോ നൂറോ രൂപ കൂട്ടി വാങ്ങുകയുമാണ്‌ ചെയ്യുന്നത്‌.

മാസം ശരാശരി 5,000 രൂപയുടെ കടലാസ്‌ ഒരു ഔട്ട്‌ലെറ്റിലേക്ക്‌ വാങ്ങുന്നതായാണ്‌ കണക്ക്‌. എന്നാൽ ഇതിന്റെ പത്തിലൊന്ന്‌ കടലാസ്‌ പോലും പലയിടത്തും എത്തുന്നില്ല. എല്ലാ മദ്യവും കടലാസിൽ പൊതിഞ്ഞ്‌ നൽകാറുമില്ല. ജില്ലയിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ശനി രാത്രിയായിരുന്നു വിജിലൻസ്‌ മിന്നൽ പരിശോധന നടത്തിയത്‌. ജീവനക്കാർക്കെതിരെ നടപടിക്ക്‌ വിജിലൻസ്‌ ശുപാർശ ചെയ്യും.

വൈക്കം ഔട്ട്‌ലെറ്റ്‌

വിലവിവര പട്ടിക മദ്യത്തിന്റെ ഇനം തിരിച്ച്‌ പൊതുജനത്തിന്‌ കാണാവുന്ന വിധത്തിൽ പ്രദർശിപ്പിച്ചിട്ടില്ല. വൈകിട്ട്‌ ആറ്‌ കഴിഞ്ഞ്‌ ലോഡ്‌ ഇറക്കിയാൽ അധികകൂലി കൊടുക്കണം. അങ്ങനെ അധികകൂലി കൊടുത്തതായി അൺലോഡിങ്‌ രജിസ്‌റ്ററിലുണ്ടെങ്കിലും ലോഡ്‌ വന്ന സമയം രേഖപ്പെടുത്തിയിട്ടില്ല.

വൈക്കം എക്‌സൈസ്‌ റേഞ്ച്‌ ഇൻസ്‌പെക്ടർ ഷോപ്പിൽ എല്ലാ മാസവും പരിശോധന നടത്തുന്നില്ല. ക്യാഷ്‌ ബുക്ക്‌ സമീപകാലത്തൊന്നും ഓഡിറ്റ്‌ ടീം പരിശോധിച്ചിട്ടില്ല. ദിവസത്തെ കലക്ഷൻ പരിശോധിച്ചതിൽ പ്രീമിയം കൗണ്ടറിൽ 2,370 രൂപ കുടുതലും ലോക്കൽ കൗണ്ടറിൽ 20,910 രൂപ കുറവും കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചെന്ന്‌ വിശദീകരിക്കാൻ ജീവനക്കാർക്കായില്ല.

കോട്ടയം മാർക്കറ്റ്‌ ഔട്ട്‌ലെറ്റ്‌

ഉപഭോക്താവായി എത്തിയ വിജിലൻസ്‌ ഉദ്യോഗസ്ഥർ കിങ്‌ഫിഷർ ബിയർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ അകത്ത്‌ കയറി പരിശോധിച്ചപ്പോൾ 30 കെയ്‌സ്‌ കിങ്‌ഫിഷർ സ്‌റ്റോക്കുണ്ടായിരുന്നു. കൂടുതൽ കമീഷൻ കിട്ടുന്ന മറ്റൊരു ബിയറാണ്‌ ഇവർ വിറ്റിരുന്നത്‌. അമ്പത്‌ പൈസ മുതൽ രണ്ട്‌ രൂപ വരെ ഒരു ബിയറിന്‌ ജീവനക്കാർ കമീഷൻ വാങ്ങുന്നതായി വിജലൻസ്‌ അറിയിച്ചു.
ഷോപ്പിലേക്ക്‌ 120 കിലോ കടലാസ്‌ വാങ്ങിച്ചിട്ടുണ്ട്‌. എന്നാൽ സ്‌റ്റോക്കിൽ 15 കിലോ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഷോപ്പ്‌ അറ്റൻഡന്റ്‌ ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക്‌ പണം വാങ്ങി മദ്യം നൽകുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ഈരാറ്റുപേട്ട ഔട്ട്‌ലെറ്റ്‌

കലക്ഷനിൽ 1,750 രൂപയുടെ കുറവ്‌ കണ്ടെത്തി. മദ്യം കടലാസിൽ പൊതിഞ്ഞ്‌ കൊടുക്കാറില്ല. എന്നാൽ വലിയ അളവിൽ കടലാസ്‌ മേടിച്ചതായി രേഖയുണ്ട്‌. കാലാവധി കഴിഞ്ഞ 29,918 കുപ്പികൾ ഈവർഷം നശിപ്പിച്ചു. "ഡെഡ്‌ സ്‌റ്റോക്കി'ൽ പെടുത്തിയ ഇവ മനപൂർവം വിൽക്കാതെ പിടിച്ചുവച്ചിട്ടുള്ളവ ആയിരിക്കുമെന്ന്‌ സംശയിക്കുന്നു. നശിപ്പിച്ചവയിൽ ഭൂരിഭാഗവും ബിയറാണ്‌.

ചങ്ങനാശേരി ടൗൺ ഔട്ട്‌ലെറ്റ്‌

കലക്ഷനിൽ 2,310 രൂപയുടെ കുറവ്‌. കടലാസ്‌ വാങ്ങുന്നതായി രേഖയുണ്ടെങ്കിലും പൊതിഞ്ഞ്‌ കൊടുക്കാറില്ല. എക്‌സൈസ്‌ സമയാസമയം പരിശോധന നടത്തുന്നില്ല. വിലവിവര പട്ടിക യഥാവിധം പ്രദർശിപ്പിച്ചിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top