26 April Friday

വിജിലൻസ് കോടതികളിൽ പ്രോസിക്യൂട്ടറായി ലീഗൽ അഡ്വൈസർ; നിയമപരമല്ലെന്ന ഹർജി ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022

കൊച്ചി> വിജിലൻസ് കോടതികളിൽ പ്രോസിക്യൂട്ടർമാരായി ലീഗൽ അഡ്വൈസർമാരെ നിയമിച്ചത് നിയമപരമല്ലന്ന ഹർജി ഹൈക്കോടതി തള്ളി. അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട വിജിലൻസിന്റെ പിടിയിലായ സ്‌പെ‌‌ഷ്യൽ വില്ലേജ് ഓഫീസർ സണ്ണി മോനാണ് താൻ പ്രതിയായ കേസിൽ ഹാജരാവാൻ ലീഗൽ അഡ്വൈസർക്ക് നിയമപരമായ അധികാരം ഇല്ലെന്നും അതിനാൽ വിജിലൻസ് കോടതികളിലെ ലീഗൽ അഡ്വൈസർമാരുടെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

1968 ലെ പബ്ലിക് സർവ്വീസ് നിയമപ്രകാരമാണ് 2002 ൽ കേരളാ സ്റ്റേറ്റ് ലീഗൽ അഡ്വൈസേഴ്‌സ് (വിജിലൻസ് ആന്റ് ആന്റി കറപ്ഷൻബ്യൂറോ) സർവീസ് സ്‌പെഷ്യൽ റൂൾസ് പുറപ്പെടുവിച്ച് ലീഗൽ അഡ്വൈസർമാരെ വിജിലൻസ് കോടതികളിൽ പ്രോസിക്യൂഷനു വേണ്ടി കേസ് നടത്തുന്നതിന് സർക്കാർ നിയമിച്ചത്.

പബ്ലിക് സർവീസ് നിയമ  പ്രകാരം സ്പെഷ്യൽ റൂൾസ് നിയമ സഭയിൽ വയ്ക്കാത്തതിനാൽ സ്പെഷ്യൽ റൂൾ പ്രകാരം നിയമിതരായ കേരളത്തിലെ വിജിലൻസ് കോടതികളിലെ ലീഗൽ അഡ്വൈസർമാർക്ക് തൽസ്ഥാനത്ത് തുടരുന്നതിന് നിയപരമായി അവകാശമില്ലെന്നും, ക്രിമിനൽ നടപടി നിയമ പ്രകാരം നിയമിതരാവുന്ന പബ്ലിക് പ്രോസിക്യൂട്ടറന്മാർക്ക് മാത്രമേ വിജിലൻസ് കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി കേസ് നടത്തുവാൻ അധികാരമുള്ളൂ എന്നുമായിരുന്നു ഹർജിയിലെ ആരോപണം.

സ്പെഷ്യൽ റൂൾസ് നിയമസഭയിൽ വച്ചില്ല എന്ന കാരണത്താൽ സ്പെഷ്യൽ റൂൾസ് അസാധുവാക്കാൻ സാധിക്കില്ലെന്നും, സ്പെഷ്യൽ റൂൾസ് നിയമസഭയിൽ വച്ചാൽ മാത്രമേ നിയമ സാധുത ഉണ്ടാവൂ എന്ന് റൂൾസിൽ പരാമർശിക്കുന്നിലെന്നും വിലയിരുത്തിയാണ് ഹർജി തള്ളി ജ.സുനിൽ തോമസ് ഉത്തരവായത്. സർക്കാരിനു വേണ്ടി സ്‌പെഷ്യൽ ഗവ പ്ലീഡർ എ രാജേഷ് ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top