19 April Friday

ബസുകൾക്ക്‌ നികുതി ഒഴിവാക്കി; 
മറ്റ്‌ വാഹനങ്ങൾക്ക് ഇളവ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ്–- കോൺട്രാക്ട്‌ കാര്യേജ് ബസുകളുടെ 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിത്തുക തവണകളായി അടയ്ക്കാനും വാഹന ഉടമകൾക്ക്‌ അനുവാദം നൽകി.  ആറുമാസം മുതൽ ഒരുവർഷം വരെയുള്ള കുടിശ്ശിക  -മാർച്ച് 20മുതൽ ആറ് പ്രതിമാസ തവണയായും ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ള കുടിശ്ശിക- എട്ട് പ്രതിമാസ തവണയായും അടയ്‌ക്കാം. രണ്ടുവർഷം മുതൽ നാലുവർഷം വരെയുള്ള കുടിശ്ശിക പത്ത് പ്രതിമാസ തവണയായും അടയ്‌ക്കാം‌.

നാലുവർഷത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ  ഇളവോടെ തുക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക അടയ്‌ക്കാം.

സംസ്ഥാന സർക്കാരിന്റെ "സാന്ത്വന സ്പർശം' അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകൾ വാഹന നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടിരുന്നെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോവിഡും ഇന്ധന വില നിരന്തരം ഉയരുന്നതും ദുരിതത്തിലാക്കിയ വാഹന ഉടമകൾ സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ  ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top