29 March Friday
ഓരോ കുഞ്ഞും കരുതൽ, സ്‌നേഹം, സംരക്ഷണം എന്നിവ അർഹിക്കുന്നു അതവരുടെ അവകാശമാണ്.

കുഞ്ഞുങ്ങളെ കേള്‍ക്കാന്‍ അച്ഛനമ്മമാർഅവസരമൊരുക്കണം: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

തിരുവനന്തപുരം > കുട്ടികളെ കേൾക്കാനുള്ള അവസരം അച്ഛനമ്മമാർ ഒരുക്കണമെന്ന് ആരോഗ്യ വനിതാ ശിശുവികസനമന്ത്രി വീണാ ജോർജ് പറഞ്ഞു. അസാധാരണമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അച്ഛനമ്മമാരോടോ അധ്യാപകരോടോ കുട്ടികൾ തുറന്നുപറയണം. ഓരോ കുഞ്ഞും കരുതൽ, സ്‌നേഹം, സംരക്ഷണം എന്നിവ അർഹിക്കുന്നു. അതവരുടെ അവകാശമാണ്. മാത്രമല്ല, പൊതുസമൂഹം അവകാശങ്ങളിൽ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസനവകുപ്പും ശിശുസംരക്ഷണ സമിതിയും ചേർന്ന് അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. പതിവിൽനിന്ന് വ്യത്യസ്തമായി സദസ്സിലിരുന്ന അവാർഡ് ജേതാക്കളെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചശേഷമാണ് മന്ത്രിമാർ വേദിയിലേക്ക്‌ എത്തിയത്. ചടങ്ങിൽ ഉജ്വലബാല്യം ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വീണാ ജോർജ് വിതരണം ചെയ്‌തു‌. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, വനിതാ ശിശുവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി പ്രിയങ്ക, പ്രോഗ്രാം മാനേജർ വി എസ് വേണു എന്നിവർ സംസാരിച്ചു.  ബാലനിധി ക്യുആർ കോഡ് ലോഞ്ച് മന്ത്രി നിർവഹിച്ചു. ടെക്‌നോപാർക്ക് എംജിഎം ഫിനാൻസിലെ അജിത് രവീന്ദ്രൻ ആദ്യ സംഭാവന നൽകി.

തുടർന്ന് കുട്ടികളുമായി നടന്ന സംവാദത്തിൽ മന്ത്രി വീണാ ജോർജിനൊപ്പം തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി ആർ നിശാന്തിനി, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, മുതിർന്ന സയന്റിസ്റ്റ് വി ആർ ലളിതാംബിക, ബാലതാരങ്ങളായ സ്‌നേഹ അനു, വസിഷ്ഠ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top