19 March Tuesday

അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ ശ്രമം: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

തിരുവനന്തപുരം> അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടുവരും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി യാഥാര്‍ത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കാനുള്ള ക്രമീകരണങ്ങളൊരുക്കി വരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണക്കാരന് കൂടി സഹായകരമായ രീതിയില്‍ അവയവദാന ശസ്ത്രക്രിയകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ വലിയ പ്രയത്നമാണ് നടത്തുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവയവ മാറ്റിവയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക സ്ഥാപനമായ കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഈ മേഖലയിലെ വലിയ മുന്നേറ്റമാകും. ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനും അവയവത്തിനായുള്ള കാത്തിരിപ്പ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

തെറ്റായ പ്രചരണങ്ങള്‍ പലപ്പോഴും അവയവദാന പ്രക്രിയയ്ക്ക് തടസമാണ്. പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് അവയവദാന പ്രക്രിയ നടക്കുന്നത്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് ആക്ട് പ്രകാരമാണ് ഇന്ത്യയിലെ അവയവദാനം നടക്കുന്നത്. സംസ്ഥാനത്തെ അവയദാനം ഏകോപിപ്പിക്കുന്നതിനും അവയവ വിന്യാസം നടത്തുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസഷന്‍ (കെസോട്ടോ) സ്ഥാപിച്ചു. ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും ഇക്കാര്യം ബന്ധുക്കളെ അറിയിച്ച് അവയവദാനത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുകയും വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആഗസ്റ്റ് 13നാണ് ലോക അവയവദാന ദിനം ആചരിച്ചു വരുന്നത്. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധ്യപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോക അവയവദാന ദിനം ആചരിക്കുന്നത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ലോക അവയവദാന ദിനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, അവയവദാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുക, അവയവദാനത്തെ കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള സംശയവും മിഥ്യാധാരണകളും ഇല്ലാതാക്കിയ എല്ലാ അവയവ ദാതാക്കള്‍ക്കും നന്ദി അറിയിക്കുക, അവയവദാനത്തിനായി സമൂഹത്തിനെ പ്രേരിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നുവെന്നും മന്ത്രി അറിയിച്ചു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top