20 April Saturday

വീണാ ജോര്‍ജിനെതിരെ മാധ്യമം, മീഡിയവണ്‍ വ്യാജവാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

പത്തനംതിട്ട > ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന്‌ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉദയഭാനു അറിയിച്ചു.

ഒരേ കേന്ദ്രത്തില്‍ നിന്നും പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ്. സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോര്‍ജിനെതിരെ ചില കേന്ദ്രങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ  ആറന്മുളയിലെ ജനങ്ങള്‍ വീണ ജോര്‍ജിനെ തെരഞ്ഞെടുത്തത്. എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ  നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മാധ്യമം ദിനപത്രം, മീഡിയവണ്‍ ചാനല്‍ ,മീഡിയവണ്‍ ഓണ്‍ലൈന്‍ , മംഗളം ദിനപത്രം ഇവര്‍ക്കെതിരെ ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കും .ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നത്. കോവിഡിന് പുറമേ സി ക്കാ വൈറസ്, നിപ്പാ എന്നിവയുടെ  വ്യാപനം തടഞ്ഞുനിര്‍ത്താന്‍  സംസ്ഥാനത്തിന് കഴിഞ്ഞത്  ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്.

ആദ്യ 100 ദിവസം കൊണ്ട് തന്നെ തന്നെ മികച്ച വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ ഒരു സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ആരോഗ്യ വകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിഭാവനം ചെയ്‌തു‌ നടപ്പിലാക്കി വരുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കേരളത്തിലെ ആകെ ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. വ്യാജ വാര്‍ത്തകളെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും  പാര്‍ട്ടി ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top