20 April Saturday

മന്ത്രി പി രാജീവ് വാക്കുപാലിച്ചു; വാസുദേവ ശർമ്മയ്ക്ക് ഇലക്‌ട്രിക് വീൽചെയർ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

കൊച്ചി > "വാക്കു പറഞ്ഞാൽ വാക്ക് ആയിരിക്കും, അതാണ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നയം...' കരുതലും കൈത്താങ്ങും അദാലത്തിൽ ചോറ്റാനിക്കര സ്വദേശി വാസുദേവ ശർമ്മയ്ക്ക് ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ച് മന്ത്രി പി രാജീവ്‌ പറഞ്ഞ വാക്കുകളാണിത്.

മെയ് 15 ന് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക്‌തല അദാലത്തിലാണ് 76 കാരനായ വാസുദേവ ശർമ്മ തനിക്ക് പവർ വീൽ ചെയർ അനുവദിക്കണമെന്ന അപേക്ഷയുമായി മന്ത്രിക്ക് മുന്നിലെത്തിയത്. അന്ന് അപേക്ഷ പരിഗണിച്ച മന്ത്രി പി. രാജീവ്‌ ദിവസങ്ങൾക്കകം ഇലക്ട്രിക് വീൽ ചെയർ നൽകാമെന്ന് വാക്കു പറഞ്ഞിരുന്നു. ആ വാക്കാണ് 10 ദിവസത്തിനകം മന്ത്രി പാലിച്ചത്.

ആറ് മാസം കൊണ്ട് തീർപ്പാക്കും എന്ന് പ്രതീക്ഷിച്ച പ്രശ്നമാണ് മന്ത്രിയുടെ ഇടപെടലിൽ വേഗത്തിൽ പരിഹരിക്കപ്പെട്ടത്. കോതമംഗലം താലൂക്ക് തല അദാലത്ത് വേദിയിലാണ് വാസുദേവ ശർമ്മയ്ക്ക് വീൽ ചെയർ കൈമാറിയത്. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 75,000 രൂപയുടെ ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയ വീൽ ചെയർ ആണ് സമ്മാനിച്ചത്.

വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇവിടെ അവസാനിക്കുന്നത്, എനിക്ക് ഇനി പുതിയൊരു ജീവിതം തുടങ്ങാം... പുതിയ പവർ വീൽ ചെയറിൽ ഇരുന്ന് വാസുദേവ ശർമ്മ മന്ത്രിയോട് പറഞ്ഞു. വീടിന്റെ സമീപത്തുള്ള ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് പോയി ഭാഗ്യക്കുറി വിറ്റ് സ്വന്തമായി വരുമാനമുണ്ടാക്കാം. മന്ത്രിയോടുള്ള നന്ദിയും അറിയിച്ചാണ് പുതിയ വീൽ ചെയറിൽ വാസുദേവ ശർമ്മ അദാലത്ത് വേദി വിട്ടത്.

28-ാം വയസിലാണ് വാസുദേവ ശർമ്മ സൈക്കിൾ അപകടത്തിൽപെടുന്നത്. അപകടത്തിൽ സ്‌പൈനൽ കോഡിന് ക്ഷതം സംഭവിച്ചതുമൂലം 80 ശതമാനത്തോളം ഭിന്നശേഷിക്കാരനായി മാറി അദ്ദേഹം. 2014 ആണ് ആദ്യമായി ഇലക്ട്രിക് വീൽ ചെയറിനായി അപേക്ഷ നൽകുന്നത്. വർഷങ്ങൾക്കിപ്പുറം കരുതലും കൈത്താങ്ങും വേദിയിലാണ് ഒടുവിൽ പരിഹാരമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top