25 April Thursday

രക്തസാക്ഷിയുടെ ചോരവീണ 
മലപ്പുറത്തെ മണ്ണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
മലപ്പുറം > ഒരുനൂറ്റാണ്ടുമുമ്പ്‌ ഈ ദിനത്തിലായിരുന്നു മലപ്പുറം കോട്ടക്കുന്നിൽവച്ച്‌ മലബാർ സമരത്തിന്റെ വീരനായകൻ വാരിയൻകുന്നത്തിനെ ബ്രിട്ടീഷുകാർ വെടിവച്ചുകൊന്നത്‌. ആ രക്തസാക്ഷിയുടെ മൃതശരീരത്തോടുപോലും അവർ മാന്യമായി പെരുമാറിയില്ല. അദ്ദേഹത്തിന്റെ ഭൗതികശരീരം വെടിയേറ്റുവീണ അതേ സ്ഥലത്തുവച്ചുതന്നെ കത്തിച്ചുകളയാൻ ബ്രിട്ടീഷ്‌ അധികാരികൾ കാളപ്പാടൻ ആലി അധികാരിയെന്ന മലപ്പുറത്തെ മാപ്പിള ജന്മിയെത്തന്നെ ഏർപ്പാടാക്കുകയും പെട്രോളും വിറകും കൊണ്ടുവന്ന്‌ അദ്ദേഹത്തിന്റെ ശിങ്കിടികൾ അത്‌ ഭംഗിയായി നടപ്പാക്കുകയുംചെയ്‌തു.
 
കൂട്ടത്തിൽ വീട്ടിക്കുന്നിൽനിന്ന്‌ പിടിച്ചെടുത്ത രണ്ട്‌ ട്രങ്ക്‌പെട്ടികളിലായി കൊണ്ടുവന്ന വിപ്ലവ ഗവൺമെന്റിന്റെ മുഴുവൻ രേഖകളും അവർ അഗ്നിക്കിരയാക്കി. രക്തസാക്ഷിയാവുന്നതിനുമുമ്പ്‌ ഹിച്ച്‌കോക്കിന്റെ ചോദ്യത്തിനുത്തരമായി കുഞ്ഞഹമ്മദാജി പറഞ്ഞതിങ്ങനെ: ""ഖിലാഫത്ത്‌ തുർക്കിയുടെ കാര്യമാണ്‌. ഞാൻ പോരാടിയതും നേടിയതും സ്വരാജ്യമാണ്‌ (സ്വയംഭരണം). ഇവിടെ വാരിയൻകുന്നത്ത്‌ താൻ സ്ഥാപിച്ചത്‌ ഖിലാഫത്ത്‌ രാജെന്നല്ല പറയുന്നത്‌. വാരിയൻകുന്നത്തിന്റെ പിന്നെ അവശേഷിക്കുന്ന രണ്ട്‌ തെളിവുകളിലൊന്ന്‌ അദ്ദേഹം ഹിന്ദുവിന് അയച്ച കത്താണ്‌ (1921 ഒക്‌ടോബർ 18). കത്തിങ്ങനെയാണ്‌: "ഞങ്ങൾ ഹിന്ദുക്കളെ നിർബന്ധ മതപരിവർത്തനം നടത്തുന്നുവെന്ന വാർത്ത മലബാറിലും പുറത്തും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. എന്നാൽ അത്‌ നടത്തുന്നത്‌ ഞങ്ങളല്ല. വേഷംമാറിയ ബ്രിട്ടീഷ്‌ ശിപായിമാരും ജന്മിമാരുടെ ചോറ്റുപട്ടാളവുമാണ്‌. അതേസമയം ഞങ്ങളെ ഒറ്റുകൊടുക്കുന്ന ചില ഹിന്ദുക്കളെ ഞങ്ങൾ ഉപദ്രവിക്കുന്നുണ്ട്‌. എന്നാൽ നിർബന്ധ സൈനികസേവനം പേടിച്ച്‌ ധാരാളം ഹിന്ദുക്കൾ എന്റെ മലയിൽ അഭയംതേടുന്നുണ്ട്‌. അവർക്ക്‌ ഞാൻ അഭയംകൊടുക്കുന്നുണ്ട്‌.  ഈ വിവരങ്ങൾ ലോകമെങ്ങും അറിയണം'.
 
കലാപത്തെ വർഗീയവൽക്കരിക്കാൻ ബ്രിട്ടീഷുകാർ നടത്തുന്ന കുത്സിതശ്രമങ്ങളെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നു. ഒപ്പം തങ്ങളുടെ നേതൃത്വം ഗാന്ധിയും മൗലാനയുമാണെന്ന്‌ അടിവരയിടുന്നു. ഇതോടൊപ്പം വാരിയൻകുന്നന്റെ അമേരിക്കയിലെ ഫ്രൻഡ്‌സ്‌ ഓഫ്‌ ഫ്രീഡം ഫോർ ഇന്ത്യ എന്ന സംഘടനക്ക്‌ അയച്ച കത്തും (1921 ഡിസംബർ 7) പുതുതായി കണ്ടെത്തിയ രേഖയാണ്‌. ആ കത്തിലൂടെയും അദ്ദേഹം സമർഥിക്കുന്നത്‌ 1921ലെ സമരം ബ്രിട്ടനെതിരെയുള്ള വിമോചനസമരം എന്നുതന്നെയാണ്‌. 
"ഞങ്ങൾ ഇംഗ്ലണ്ടുമായി യുദ്ധത്തിലാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനാണ്‌ ഞങ്ങൾ പൊരുതുന്നത്‌. ബ്രിട്ടീഷ്‌ ആധിപത്യത്തിൽനിന്നും അമേരിക്കയെ മോചിപ്പിക്കാൻ നിങ്ങൾ എന്താണോ ചെയ്‌തത്‌ അതുതന്നെയാണ്‌ ഞങ്ങളിപ്പോൾ ചെയ്യുന്നത്‌'.
 
കത്തിൽ പറയുന്നു. ഈ ചരിത്രവസ്‌തുതകൾ നിലനിൽക്കുമ്പോഴാണ്‌ മലബാർ സമരത്തെ വർഗീയമായി വായിക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുന്നോട്ടുവരുന്നത്‌. രക്തസാക്ഷികളെന്ന്‌ വിളിക്കപ്പെടാൻ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ, ആരെങ്കിലും യഥാർഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കിൽ അത്‌ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പോരാളികളാണെന്ന എ കെ ജിയുടെ വാക്കുകൾ പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top