24 April Wednesday

വാണിയംകുളത്ത്‌ പ്രാർഥനക്കെത്തിയ പാസ്റ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചു; അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021

സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റ വാണിയംകുളം പനയൂർ മിനിപ്പടി കല്ലുപാലം വീട്ടിൽ പാസ്റ്റർ വി കെ പ്രേംകുമാർ

ഒറ്റപ്പാലം > പ്രാർഥനയ്‌ക്കെത്തിയ പാസ്റ്റർക്കുനേരെ സംഘപരിവാർ ആക്രമണം. ശനിയാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വാണിയംകുളം പനയൂർ മിനിപ്പടി കല്ലുപാലം വീട്ടിൽ പാസ്റ്റർ വി കെ പ്രേംകുമാറിനെ‌(39)യാണ്‌  ആക്രമിച്ചത്‌. കണ്ടാലറിയാവുന്ന അമ്പതോളം ആർഎസ്‌എസ്‌-ബിജെപി പ്രവർത്തകർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. നെഞ്ചിനും കൈയ്‌ക്കും തലയ്‌ക്കും പരിക്കേറ്റ പാസ്റ്ററെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

വാണിയംകുളം ചെറുകാട്ടുപുലം കോണിക്കൽ ലക്ഷ്മിദേവിയുടെ വീട്ടിൽ പ്രാർഥനക്കെത്തിയതായിരുന്നു വാണിയംകുളം ഗോഡ് ഗോസ്‌പൽ സെന്ററിലെ പാസ്റ്റര്‍ പ്രേംകുമാർ. ഇതിനിടെ വീട്ടില്‍ എത്തിയ രണ്ടുപേർ പാസ്റ്ററെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയാണ്‌ മർദിച്ചത്‌. മതപരിവർത്തനം നടത്തുകയാണെന്ന്‌ ആരോപിച്ചായിരുന്നു മര്‍ദനം. ഷർട്ടും മുണ്ടും വലിച്ചുകീറി,  നെഞ്ചിനും കൈയ്ക്കും  തലയ്ക്കും  മർദ്ദിക്കുകയായിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞു. അക്രമണ ദൃശ്യം സംഘം  മൊബൈലിൽ പകർത്തി. പാസ്റ്ററുടെ കാറിന്റെ ടയര്‍ അക്രമികള്‍  കുത്തിക്കീറി. പ്രദേശത്ത് കാലുകുത്തിയാൽ വകവരുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി പാസ്റ്റർ പറഞ്ഞു.

നാല്‌ വർഷമായി ശനിയാഴ്‌ചകളില്‍ രാത്രി  7.30 മുതൽ 9.30 വരെ ലക്ഷ്മീദേവിയുടെ വീട്ടിൽ പ്രാർഥന നടത്താറുണ്ടെന്നും ആക്രമണം ആദ്യമായിട്ടാണെന്നും പാസ്റ്റർ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് മണ്ണൂരിലും സമാന രീതിയില്‍ മറ്റൊരു പാസ്റ്റര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമം നടന്നു.

അടിക്കുറിപ്പ്: സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റ വാണിയംകുളം പനയൂർ മിനിപ്പടി കല്ലുപാലം വീട്ടിൽ പാസ്റ്റർ വി കെ പ്രേംകുമാർ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top