കട്ടപ്പന > ഹൈറേഞ്ചിൽനിന്ന് പടിയിറങ്ങിപ്പോയ, പുരയിടങ്ങളിൽ നാമമാത്രമായി അവശേഷിക്കുന്ന വാനിലയ്ക്ക് പൊന്നുവില. രാജ്യാന്തര വിപണികളിൽ വൻ ഡിമാൻഡുണ്ടെങ്കിലും നാണ്യവിളയായി കൃഷി ചെയ്യാത്തതിനാൽ കമ്പോളത്തിൽ വളരെ കുറച്ച് മാത്രമാണ് എത്തുന്നത്. ഒക്‌ടോബറിൽ വിളവെടുപ്പ് ആരംഭിക്കും. നിലവിൽ പച്ച വാനില ബീൻസിന് കിലോഗ്രാമിന് 2000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. കഴിഞ്ഞ സീസണിൽ പച്ച ബീൻസിന് 2500 രൂപയും ഉണക്കയ്ക്ക് 4500 രൂപയും വിലയുണ്ടായിരുന്നു. എന്നാൽ വളരെ കുറച്ച് മാത്രമേ മലഞ്ചരക്ക് കടകളിൽ എത്താറുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കും സ്വിറ്റ്‌സർലൻഡ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുമാണ് കൂടുതലായി കയറ്റുമതി നടക്കുന്നത്.
പ്രത്യേക പരിചരണം ആവശ്യമില്ലാത്ത വാനില നട്ട് മൂന്നാംവർഷം പൂവിടും. ഒരുകുലയിൽ 25 ബീൻസുകൾ വരെ സാധാരണയായി ഉണ്ടാകും. 50 എണ്ണം ഒരുകിലോഗ്രാം വരെ തൂക്കമുണ്ടാകും. ഹൈറേഞ്ചിലെ കാലാവസ്ഥയിൽ ഈർപ്പവും ചൂടുള്ളതുമായ സ്ഥലങ്ങളിൽ വാനില നന്നായി വളരും. ശീമക്കൊന്നയിൽ 10 മുതൽ 15 വരെ ഇടമുട്ടുകളുള്ള തണ്ടുകളാണ് സാധാരണയായി നടുന്നത്. നീളൻ തണ്ടുകൾ നട്ടാൽ വേഗത്തിൽ വളർന്ന് പുഷ്പിക്കും. കാലവർഷത്തിന് മുമ്പ് മെയിലും തുലാവർഷത്തിന് മുമ്പ് സെപ്തംബർ, ഒക്‌ടോബർ മാസങ്ങളുമാണ് വാനില കൃഷി ചെയ്യാൻ അനുയോജ്യം. പ്രത്യേക പരിചരണം ആവശ്യമില്ലാത്തതിനാൽ ജൈവവളങ്ങളാണ് ഉത്തമം. കമ്പോസ്റ്റുകൾ, ചാണകം, പച്ചില, ബയോഗ്യാസ് സ്ലെറി, കടലപ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയവ സാധാരണയായി പ്രയോഗിക്കുന്നു. വള്ളികൾ വേഗത്തിൽ വളരാൻ ചെറിയതോതിൽ രാസവളവും ഉപയോഗിക്കുന്നുണ്ട്. വർഷത്തിൽ മൂന്നുതവണയെങ്കിലും പുതയിടുന്നതും കൃഷിക്കനുയോജ്യമാണ്.
മൂന്നാംവർഷം പൂർണ വളർച്ചയെത്തുന്ന വാനില വർഷത്തിലൊരിക്കൽ മാത്രമാണ് പൂവിടുന്നത്. സാധാരണയായി ഡിസംബർ മുതൽ മാർച്ച് വരെയാണ് പ്രധാന പൂക്കാലം. പൂക്കൾ പൂമ്പാറ്റകളെ ആകർഷിക്കാത്തതിനാൽ വാനിലയിൽ കർഷകർ കൃത്രിമ പരാഗണമാണ് നടത്തുന്നത്. ഓരോ പൂവ് വീതം അതീവശ്രദ്ധയോടെ കൃത്രിമ പരാഗണം നടത്തിക്കൊടുക്കണം. ശരിയായി പരാഗണം നടക്കാത്ത പൂക്കൾ മൂന്നുദിവസത്തിനുള്ളിൽ കൊഴിഞ്ഞുപോകും. പരാഗണം നടത്തുമ്പോൾ കായയായി വളർന്നുവരുന്ന ഭാഗത്ത് പോറലുകൾ വീഴാതെ ശ്രദ്ധിക്കണം. ശരിയായ രീതിയിലുള്ള പരാഗണമാണെങ്കിൽ കായ വേഗത്തിൽ വളരും. ഏഴ് ആഴ്ചയ്ക്കുള്ളിൽ പൂർണ വളർച്ചയെത്തി ഒമ്പത് മുതൽ 11 വരെ മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. ചുവട്ടിൽനിന്ന് നേരിയ മഞ്ഞനിറം മുകളിലേക്ക് വ്യാപിക്കുമ്പോൾ വിളവെടുത്തുതുടങ്ങാം. ആറ് ഇഞ്ച് വരെ നീളമുള്ള ബീൻസുകളാണ് ഏറ്റവും നല്ലത്.
2000 മുതൽ 2005 വരെ ഹൈറേഞ്ചിൽ വാനിലയുടെ പ്രതാപ കാലഘട്ടമായിരുന്നു. ഉയർന്ന വില തന്നെയാണ് കർഷകരെ കൃഷിയിലേക്ക് ആകർഷിച്ചത്. അക്കാലത്ത് വാനില ബീൻസും തണ്ടുകളും വ്യാപകമായി മോഷണം പോയിരുന്നു. പിന്നീട് വില കൂപ്പുകുത്തിയതോടെ കൃഷിപാടെ ഉപേക്ഷിച്ചു. ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമേ ഇപ്പോൾ കൃഷിയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..