26 April Friday

വാണിയും
 സൗരയൂഥമേറി
ഒ എൻ വിയും

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

വാണിജയറാം മലയാളത്തിൽ ഗായികയായെത്തിയതിനൊപ്പമാണ്‌ ഒ എൻ വി എന്ന പാട്ടെഴുത്തുകാരനെയും കൈരളിക്ക്‌ ലഭിക്കുന്നത്‌. 1973ൽ ‘സ്വപ്‌നം’ എന്ന ചിത്രത്തിൽ ‘സൗരയൂഥത്തിൽ വിടർന്നോരു...’ എന്ന ഗാനവുമായാണ്‌ വാണിയുടെ വരവ്‌. പി കേശവദേവും തോപ്പിൽ ഭാസിയും ചേർന്നൊരുക്കിയ തിരക്കഥയിൽ ബാബു നന്ദൻകോട്‌ സംവിധാനം ചെയ്‌ത ചിത്രം. നിർമാതാവ്‌ ശിവനാണ്‌ വാണിയുടെ പേര്‌ സംഗീത സംവിധായകൻ സലിൽ ചൗധരിയോട്‌ നിർദേശിച്ചത്‌.

ഗാനരചന ബാലമുരളി. കവിതയും നാടക ഗാനങ്ങളുമെഴുതുന്ന ഒ എൻ വി അന്ന്‌ ആ പേരിലാണ്‌ സിനിമയിൽ പാട്ടെഴുതിയത്‌. തൂലികാനാമത്തിനു പകരം കവിയുടെ സ്വന്തം പേര്‌ വെക്കണമെന്ന്‌ നിർമാതാവിന്‌ നിർബന്ധം. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ സാഹിത്യ പ്രവർത്തനങ്ങൾക്ക്‌ നിയന്ത്രണമുള്ള കാലം. പ്രശ്‌നം തീർക്കാൻ മുഖ്യമന്ത്രി സി അച്യുതമേനോനെ സമീപിച്ചു. വിദ്യാഭ്യാസമന്ത്രിയെ കണ്ട്‌ അനുമതി വാങ്ങാനായിരുന്നു നിർദേശം. അനുമതിലഭിച്ചതോടെ ഗാനരചന ഒ എൻ വി എന്ന്‌ ആദ്യമായി മുദ്രിതമായി.  ഒന്നര പതിറ്റാണ്ടു മുമ്പ്‌ പാട്ടെഴുതി തുടങ്ങിയ ഒ എൻ വിക്ക്‌ സിനിമയിൽ സ്വന്തം പേര്‌ വീണ്ടെടുക്കുന്നതിന്‌ ആ പാട്ടും സിനിമയുമാണ്‌ നിമിത്തമായത്‌. അതു പാടിക്കൊണ്ട്‌  വാണിയും മലയാളത്തിന്റെ സ്വന്തമായി.

ഓലഞ്ഞാലി 
കുരുവിയുടെ കൂട്ടിൽ

വാണിജയറാമും പി ജയചന്ദ്രനും ഒരുമിച്ചുള്ള യുഗ്മകങ്ങൾ പലതും ആസ്വാദകർ ഹൃദയത്തിലേറ്റിയവ. 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരു നീ’ അക്കൂട്ടത്തിൽ മികവുറ്റത്‌. പ്രായമെത്തിയ കാലത്ത്‌ പാടിയതെങ്കിലും ഇരുവരുടെയും ശബ്ദത്തിൽ തുളുമ്പിനിന്ന യുവത്വം ആരെയും വിസ്‌മയിപ്പിക്കുന്നതായി. ആ ഗാനം മലയാളത്തിന്റെ സൂപ്പർ ഹിറ്റുകളിലൊന്ന്‌. വാണിജയറാം അതിന്റെ ട്രാക്ക്‌ പാടിയത്‌ തനിച്ചായിരുന്നു. സോളോ ഗാനമെന്ന നിലയിലാണ്‌ താൻ പാടിയതെന്നും പിന്നീട്‌ ഡ്യുയറ്റ്‌ ആക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്‌. എങ്കിലും പെൺ‐ ആൺ സ്വരചേർച്ചയിൽ ആസ്വാദകരെ കുളിരണിയിക്കുന്ന അപൂർവ ഗാനമായി അത്‌. അത്രയധികം ഇണക്കത്തോടെയാണ്‌ ഇരുവരുടെയും ശബ്ദങ്ങൾ ആ പാട്ടിൽ ലയഭംഗി തീർക്കുന്നത്‌. ആ പാട്ട് അവർക്കും ഏറെ ഇഷ്ടമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top