28 March Thursday

വന്ദേ ഭാരത്‌ മിഷൻ: വിമാനം കൂടുതൽ വന്നത്‌ കേരളത്തിലെന്ന്‌ വിദേശകാര്യവകുപ്പിന്റെ കണക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കൊച്ചി > പ്രവാസികളെ നാട്ടിലെത്തിയ്ക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷനിലൂടെ ഗൾഫിൽ നിന്ന് ഇന്ത്യയിലെത്തിയ വിമാനങ്ങളിൽ പകുതിയിലേറെയും വന്നത് കേരളത്തിൽ.ആകെ വന്ന 629  വിമാനങ്ങളിൽ 338 എണ്ണവും എത്തിയത് കേരളത്തിലാണെന്നു ജൂൺ 25 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു..ആകെ വന്ന വിമാനങ്ങളുടെ 54 ശതമാനം വരും ഇത്.
 
പ്രവാസികളെ എത്തിയ്ക്കാൻ കേരളം താല്പര്യം കാട്ടുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ സഹമന്ത്രിയായ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രസിദ്ധീകരിച്ചതാണ് ഈ കണക്ക്. വിദേശങ്ങളിലുള്ള സ്വന്തം നാട്ടുകാരെ തിരിച്ചെത്തിയ്ക്കാൻ ഇന്ത്യയിൽ ഏറ്റവും താല്പര്യ പൂർവ്വം പ്രവർത്തിച്ച സർക്കാർ കേരളത്തിലേതാണെന്നു വ്യക്തമാക്കുന്നതാണിത്
 
ഗൾഫ് രാജ്യങ്ങളിൽ ആകെയുള്ളത് 1.041കോടി ഇന്ത്യക്കാരാണ്.നോർക്കയുടെ കണക്കനുസരിച്ച് ഇവരിൽ 28 ലക്ഷമാണ് മലയാളികൾ.അതായത് 27 ശതമാനം. എന്നാൽ ബാക്കിയുള്ള 73 ശതമാനം വരുന്ന മറ്റ് എല്ലാ സംസ്ഥാനക്കാർക്കുമായി 46 ശതമാനം വിമാനങ്ങൾ മാത്രം പറന്നപ്പോൾ കേരളീയരായ 27 ശതമാനത്തെ നാട്ടിലെത്തിയ്ക്കാനാണ് വന്ദേഭാരത് മിഷനിലെ പകുതിയിലേറെ വിമാനങ്ങൾ പറന്നത്.
വന്ദേഭാരത് മിഷനിലൂടെ  ജൂൺ 25 വരെ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളുടെ പട്ടിക.  അവലംബം:www.policycircle.org

വന്ദേഭാരത് മിഷനിലൂടെ ജൂൺ 25 വരെ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളുടെ പട്ടിക. അവലംബം:www.policycircle.org

ഇന്ത്യയിലേക്ക് ആകെ വിദേശത്തുനിന്നു വന്ന വിമാനങ്ങളുടെ കണക്കെടുത്താലും വിദേശത്തുള്ള മലയാളികളുടെ എണ്ണത്തിന് ആനുപാതികമായി കേരളത്തിലേക്ക് വിമാനം എത്തിയതായി കാണാം.ലോകത്താകെയുള്ള ഇന്ത്യൻ കുടിയേറ്റക്കാരിൽ 23 ശതമാനമാണ് കേരളീയർ.വന്ദേഭാരത് മിഷന്റെ കണക്ക് മാത്രം നോക്കിയാൽ ആകെവന്ന വന്ദേ ഭാരത് വിമാനങ്ങളിൽ 24  ശതമാനവും കേരളത്തിലേക്കാണ്.ചാർട്ടേഡ് വിമാനങ്ങൾ കൂടി പരിഗണിച്ചാൽ അത് 46 ശതമാനമാകുമെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ വിലയിരുത്തി പഠനം നടത്തിയ മണിപ്പാലിൽ പ്രവർത്തിക്കുന്ന സാമ്പത്തിക വിദഗ്ദ്ധയായ ഡോ രശ്മി ഭാസ്‌ക്കരൻ policycircle.org എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.
 
ധാരാളം പ്രവാസികളുള്ള സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്,ബിഹാർ,ആന്ധ്രാപ്രദേശ്,തമിഴ്‌നാട്,പശ്ചിമബംഗാൾ,തെലങ്കാന,കർണാടക സംസ്ഥാനങ്ങൾ അധികം വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് വേണം കരുതാനെന്നു ലേഖനത്തിൽ പറയുന്നു. വിദേശകാര്യമന്ത്രാലയവുമായി ഇക്കാര്യത്തിൽ ബന്ധപ്പെടാൻ ഇവർ താല്പര്യപ്പെട്ടിട്ടുണ്ടാകില്ല.എന്നാൽ കേന്ദ്രമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് മലയാളികളെ നാട്ടിലെത്തിയ്ക്കാൻ പരിശ്രമിച്ചതിന്റെ ഫലമാണ് കേരളത്തിലെത്തിയ വിമാനങ്ങളുടെ കൂടിയ എണ്ണം വ്യക്തമാക്കുന്നതെന്നും   ലേഖനം ചൂണ്ടിക്കാട്ടുന്നു.
 
പ്രവാസികളെ കൊണ്ടുവരാൻ കേരള സർക്കാർ താല്പര്യം കാട്ടുന്നില്ലെന്നു കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് കണക്കുകൾ പരിശോധിയ്ക്കാതെയാണ്. പ്രതിപക്ഷം പറഞ്ഞത് ഏറ്റുപാടുകയാണ് അവർ ചെ യ്തത്.സാമൂഹ്യമാധ്യമങ്ങളിൽ ചിലർ അത് പിന്നെയും പർവതീകരിച്ചു പ്രചരിപ്പിപ്പിച്ചു.ഇത് കോവിഡ് പ്രതിരോധത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് വിശ്വാസം കുറയാൻ ഇടയാക്കുകയും പ്രവാസികളുടെ ഇടയിൽ കടുത്ത ആശങ്ക ഉണ്ടാക്കുകയും ചെയ്തു-ലേഖനം പറയുന്നു.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top