തിരുവനന്തപുരം
സംസ്ഥാനത്ത് സർവീസ് ആരംഭിക്കുന്ന രണ്ടാമത് വന്ദേഭാരത് എക്‌സ്‌പ്രസ് 24ന് പകൽ 12.30ന് കാസർകോട്ട് ഫ്ലാഗ് ഓഫ് ചെയ്യും. ആലപ്പുഴ വഴി കാസർകോട്–- തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ 4.30ന് കൊച്ചുവേളിയിലെത്തി. വൈകിട്ട് 4.05ന് കാസർകോട്ടേക്ക് പരീക്ഷണഓട്ടം നടത്തി.
കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തി വെള്ളിയാഴ്‌ച വീണ്ടും പരീക്ഷണഓട്ടം നടത്തും. ഞായറാഴ്‌ച ഫ്ലാഗ്‌ഓഫ് നടത്തുമെങ്കിലും സർവീസ് ചൊവ്വാഴ്‌ചമുതലാണ് ആരംഭിക്കുക.
എട്ടുകോച്ചുള്ള പുതിയ ട്രെയിൻ സാധാരണ വന്ദേഭാരതുകളിൽനിന്ന് വ്യത്യസ്‌തമായി ഓറഞ്ച് ഗ്രേ നിറത്തിലാണ്. ആകെ 537.07 കിലോമീറ്ററാണ് ഒരുഭാഗത്തേക്കുള്ള ദൂരം. ശരാശരി 72.39 കിലോമീറ്ററാണ് വേഗം. കാസർകോട്–- തിരുവനന്തപുരം റൂട്ടിൽ 7.55 മണിക്കൂർ കൊണ്ടും തിരികെ 8.05 മണിക്കൂറുകൊണ്ടും എത്തും. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം സ്‌റ്റോപ്പുണ്ടാകും. ഫ്ലാഗ് ഓഫിന്റെ ഭാഗമായി എല്ലാ സ്‌റ്റോപ്പുകളിലും റെയിൽവേയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
രാജ്യത്തെ വിവിധ റൂട്ടുകളിൽ അനുവദിച്ച ഒമ്പത് വന്ദേഭാരത് സർവീസ്, വീഡിയോ കോൺഫറൻസുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..