25 April Thursday

നേതൃപാടവത്തിന്റെ ആൾരൂപം ; ഈ വേർപാട്‌ സൃഷ്ടിക്കുന്ന വിടവ്‌ നികത്താനാകാത്തത് : വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


നേതൃപാടവത്തിന്റെ ഉജ്വല പ്രതീകമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ.  ഞാൻ വിദ്യാർഥി–-യുവജന രാഷ്‌ട്രീയം വിട്ടപ്പോൾ ആ രംഗത്തേക്ക്‌ കോടിയേരി സജീവമായി കടന്നുവന്നു. വിദ്യാർഥി നേതാവായുള്ള പ്രവർത്തനകാലം മുതൽ സഖാവ്‌ ഏറെ പൊതുജനശ്രദ്ധ നേടിയിരുന്നു. കോട്ടയത്തുവച്ചാണ്‌ ഊർജസ്വലനായ ആ ചെറുപ്പക്കാരനെ ഞാൻ ആദ്യമായി കണ്ടത്‌. വളരെ സജീവമായി, എല്ലായിടത്തും ഓടിനടന്ന്‌ പ്രവർത്തിക്കുന്ന ശൈലിയായിരുന്നു അന്നും സഖാവിനുണ്ടായിരുന്നത്‌.

വിദ്യാർഥി രാഷ്‌ട്രീയത്തിൽനിന്ന്‌ പാർടിരംഗത്തും വിവിധ ചുമതലകളിലൂടെ പടിപടിയായി കോടിയേരി ഉയർന്നു. പ്രവർത്തനത്തിലെ മികവും കൃത്യതയും ആത്മാർഥതയുമായിരുന്നു അതിന്‌ പിന്നിലെ ശക്തി. കണ്ണൂർ ജില്ലയിലെ പാർടി വലിയ വെല്ലുവിളികൾ നേരിട്ട കാലത്ത്‌ ചെറുത്തുനിൽപ്പിന്‌ ധീരമായ നേതൃത്വം കൊടുക്കാൻ കോടിയേരിക്ക്‌ കഴിഞ്ഞു. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സംഘടനാരംഗത്ത്‌ വലിയ മാതൃകതന്നെ തീർത്തു. എല്ലാവിഭാഗം ആളുകളോടും സൗഹൃദം പുലർത്താൻ അസാധാരണമായ കഴിവ്‌ കോടിയേരിക്കുണ്ടായിരുന്നു. പാർടി നേരിടുന്ന ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്തും. ഇത്രവേഗം ഒരു വിയോഗമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചതല്ല.  രോഗം അതിജീവിച്ചുവന്നതായിരുന്നു. എല്ലാവർക്കും വലിയ പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ അതുപോലെ സംഭവിച്ചില്ല.

രോഗം ബാധിച്ച സമയത്തും അദ്ദേഹം പാർടി പ്രവർത്തനത്തിൽ മുഴുകി. ചികിത്സയില്ലാത്ത സമയമെല്ലാം പാർടിയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുപ്രവർത്തനത്തിൽ എല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന മാതൃക സൃഷ്ടിച്ചാണ്‌ കോടിയേരി ബാലകൃഷ്‌ണൻ വിടവാങ്ങിയത്‌. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സഖാവ്‌. എത്രയോ വേദികളിലും സമരങ്ങളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. എന്നും എന്നോട്‌ വലിയ സ്‌നേഹവും അടുപ്പവും പുലർത്തി. ആ വേർപാട്‌ സൃഷ്ടിക്കുന്ന വിടവ്‌ നികത്താനാകാത്തതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top