20 April Saturday

വൈക്കം സത്യഗ്രഹ ശതാബ്ദി ; പിണറായിയും സ്‌റ്റാലിനും ഒന്നിന്‌ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംഘാടകസമിതി യോഗം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു


വൈക്കം
വൈക്കം സത്യഗ്രഹത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സത്യഗ്രഹ സ്മാരകത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ആഘോഷങ്ങൾ വൈക്കത്ത് ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ചാണ്‌ പരിപാടികൾ.

സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും മന്ത്രി സജി ചെറിയാൻ വർക്കിങ്‌ ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, തോമസ് ചാഴികാടൻ എംപി, സി കെ ആശ എംഎൽഎ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവർ വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി കൺവീനറുമാണ്.

എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കലക്ടർ കൺവീനറുമായി സംഘാടകസമിതി രൂപീകരിക്കും. വൈക്കത്തെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയും മന്ത്രി വി എൻ വാസവൻ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു.  മന്ത്രി സജി ചെറിയാൻ ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി കൺവീനറുമാണ്. സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ ശതാബ്ദി ആഘോഷ പദ്ധതി വിശദീകരിച്ചു. സി കെ ആശ എംഎൽഎ അധ്യക്ഷയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top