25 April Thursday
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക്‌ തുടക്കം

വൈക്കം വഴിതുറന്നു; ലക്ഷം സാക്ഷി

എസ്‌ മനോജ്‌Updated: Sunday Apr 2, 2023

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും ചേർന്ന് സത്യഗ്രഹ സമരത്തിന്റെ ചിത്രാവിഷ്കാരമുള്ള മൺവിളക്കിൽ ദീപം കൊളുത്തി ഉദ്ഘാടനംചെയ്യുന്നു

വൈക്കം> വൈക്കം സത്യഗ്രഹം രാജ്യത്തിനുനൽകിയ സമാനതകളില്ലാത്ത മൂല്യവും സന്ദേശവും സമരവീര്യവും വരുംതലമുറകളിലേക്ക് പകർന്നുനൽകാനുള്ള കർമപരിപാടികൾക്ക് രൂപംനൽകി സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. സമരസ്മരണകൾ ജ്വലിച്ച കായലോര മൈതാന പന്തലിലും സത്യഗ്രഹികളുടെ പാദസ്‌പർശമേറ്റ വീഥികളിലും ശനിയാഴ്‌ചയിലെ സായാഹ്നത്തിൽ തിങ്ങിനിറഞ്ഞ ലക്ഷത്തോളം ജനങ്ങൾ സിരകളിൽ മറ്റൊരാവേശവും നിറച്ചു. സമരപൈതൃകം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കി അവർ ശതാബ്ദി ആഘോഷ തുടക്കം മറ്റൊരു ചരിത്രമാക്കി.

നൂറു വർഷം മുമ്പ്‌ വൈക്കത്തെ നഗരവീഥികളിൽ എല്ലാ മനുഷ്യർക്കും വഴിനടക്കാനുള്ള അവകാശത്തിനായി പൊരുതിയവരുടെ പിന്മുറക്കാർ ഏറെ ആവേശത്തോടെയാണ് ആഘോഷങ്ങൾക്കായി സമ്മേളിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന്‌ ആഘോഷങ്ങൾ ഉദ്‌ഘാടനംചെയ്‌തു. ഇരുവരും സമരനേതാക്കളുടെ സ്മാരകങ്ങളിൽ പുഷ്‌പാർച്ചന നടത്തി. 1924 മാർച്ച് 30ന് വൈക്കത്ത് തുടക്കമിട്ട് 603 ദിവസം നീണ്ട സമരത്തിന്റെ വീര്യം പുനർജനിപ്പിക്കുന്ന പ്രതീതിയിലായിരുന്നു ശതാബ്ദി സമ്മേളനം. രാജ്യമാകെ തീജ്വാലയായി കത്തിപ്പടർന്ന സമരത്തിന്റെ എല്ലാ സന്ദേശവും പുതുതലമുറയിലേക്ക് പകരുംവിധമാകും തുടർ ആഘോഷങ്ങളും.

സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സ്മരണ നിലനിർത്തുന്ന ഉജ്വല സ്മാരകം നിർമിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രഖ്യാപനം ആരവംനിറച്ചു. വൈക്കം സത്യഗ്രഹത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന അനാചാരങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് വ്യത്യസ്ത മാനങ്ങൾ കൈവന്നതായി പിണറായി വിജയൻ പറഞ്ഞു. തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയും പുരോഗമനപരമായി തമിഴ് ജനതയെ നയിക്കുന്ന ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്റെ വൈക്കത്തെ സാന്നിധ്യത്തിന്‌ ഏറെ ഔചിത്യഭംഗിയുണ്ട്‌. അഭിമാനകരമായ ഒരേ പോരാട്ട സംസ്‌കാരമാണ്‌ ഇരുസംസ്ഥാനങ്ങൾക്കും.

സമാനതകളില്ലാത്ത സമരത്തിന്റെ പൈതൃകവും പോരാട്ടസംസ്കാരവും പങ്കിടുന്ന സഹോദര സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കേരളവും–- പിണറായി പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്താനായത് വലിയ സമരാനുഭവമായെന്ന്‌ എം കെ സ്റ്റാലിൻ പറഞ്ഞു. വരുംതലമുറയിലേക്ക് സമരത്തിന്റെ സന്ദേശം പകർന്നുനൽകാനും മതനിരപേക്ഷ, സമത്വ പോരാട്ടങ്ങൾക്ക് ശക്തിപകരാനും കേരളത്തിനൊപ്പം എല്ലാക്കാലവും തമിഴ്ജനത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സാംസ്കാരിക മന്ത്രി സജി ചെറിയാൻ സ്വാഗതം പറഞ്ഞു.


603 ദിവസം; വിപുലമായ പരിപാടികൾ, 2024 നവംബറിൽ പൂർത്തിയാകും

വൈക്കം സത്യഗ്രഹ ശതാബ്ദി 603 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്‌ച ആരംഭിച്ച പരിപാടികൾ 2024 നവംബറിൽ പൂർത്തിയാകുമെന്ന്‌ ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ പറഞ്ഞു. സത്യഗ്രഹ നേതാക്കളെ അനുസ്‌മരിക്കാൻ കേരള ചരിത്ര ഗവേഷണ കൗൺസിൽ, ലൈബ്രറി കൗൺസിൽ, സർവകലാശാലകൾ എന്നിവയുമായി ചേർന്ന്‌ സെമിനാർ സംഘടിപ്പിക്കും.

വൈക്കം സത്യഗ്രഹവും പത്രങ്ങളും എന്ന വിഷയത്തിൽ മീഡിയ അക്കാദമിയുമായി ചേർന്ന്‌ സെമിനാർ നടത്തും. രക്തസാക്ഷി ചിറ്റേടത്ത്‌ ശങ്കുപ്പിള്ള, പെരിയാർ ഇ വി രാമസാമി എന്നിവരുടെ അനുസ്മരണം സംഘടിപ്പിക്കും. അകാലികൾ സൗജന്യ ഭോജനശാല തുടങ്ങിയതിന്റെ സ്മരണയ്‌ക്ക്‌ സർവമത സമ്മേളനം നടത്തും. മന്നത്ത്‌ പത്മനാഭൻ നയിച്ച സവർണജാഥയുടെ പുനരാവിഷ്‌കാരം വൈക്കത്ത്‌ ആരംഭിച്ച്‌ തിരുവനന്തപുരത്തേക്ക്‌ നടത്തും. ഗാന്ധിജിയുടെ ഇടപെടലിനെ അനുസ്‌മരിച്ച്‌ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച്‌ സമ്മേളനം ചേരും.

ഇണ്ടന്തുരുത്തി മനയിലെ നമ്പ്യാതിരിയുമായി ഗാന്ധിജി നടത്തിയ ചർച്ചയെ അനുസ്മരിച്ച്‌ സെമിനാർ സംഘടിപ്പിക്കും. ശ്രീനാരായണ ഗുരു –- ഗാന്ധിജി സമാഗമത്തിന്റെ അനുസ്മരണം ശിവഗിരിയിൽ നടത്തും. ആദ്യ സത്യഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, കൊടിയ പീഡനം ഏറ്റുവാങ്ങിയ ആമചാടി തേവൻ, രാമൻ ഇളയത്‌ എന്നിവരെ ഓർമപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തും. മറ്റ്‌ നവോത്ഥാന സമരവേദികളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ചീഫ്‌ സെക്രട്ടറി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top