25 April Thursday

വൈക്കം ശതാബ്ദിയാഘോഷം: ആഹ്വാനം, താക്കീത്‌

ഏലിയാസ് തോമസ്Updated: Sunday Apr 2, 2023

വൈക്കം> ഭരണഘടനയെ ഇല്ലായ്മചെയ്‌ത്‌ ഇന്ത്യയെ മതരാഷ്‌ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾക്കെതിരെ മാനവികമൂല്യങ്ങൾ ഉയർത്തി സഹകരിച്ച് മുന്നേറണമെന്ന് ആഹ്വാനംചെയ്ത്‌  വൈക്കം സത്യഗ്രഹ ശതാബ്‌ദിയാഘോഷ സമ്മേളനം. ലക്ഷങ്ങളെ സാക്ഷിനിർത്തി ഉയർന്ന ഐക്യ ആഹ്വാനം, നാടിനെ വീണ്ടും ഇരുട്ടിലേക്ക് നയിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്ക് ശക്തമായ താക്കീതായി. മനുഷ്യനെ അകറ്റിനിർത്തിയ ശക്തികൾക്കെതിരെ ഒരു നൂറ്റാണ്ടുമുമ്പ്‌ ഉയർന്നുവന്ന യോജിപ്പിന്റെ സ്മരണയിൽ പുതിയകാല വെല്ലുവിളികളെ നേരിടാൻ കേരളവും തമിഴകവും കൈകോർക്കുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും വ്യക്തമാക്കി. വൈക്കം ബീച്ച്‌ പന്തൽ നിറഞ്ഞുകവിഞ്ഞ ലക്ഷങ്ങളെ സാക്ഷിനിർത്തി ഇരുവരും ചേർന്ന്‌ 603 ദിവസം നീളുന്ന സത്യഗ്രഹ ശതാബ്ദിയാഘോഷം ഉദ്‌ഘാടനം ചെയ്‌തു.

പുതിയ കാലത്തിനായി ചില ഓർമപ്പെടുത്തലുകൾ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ഉയർത്തുന്നുണ്ടെന്ന്‌ പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റത്തെ തടയുംവിധം  ഉയർന്നുവരുന്ന കാര്യങ്ങളെ തട്ടിമാറ്റി മുന്നേറാൻ കഴിയണമെന്ന ഓർമപ്പെടുത്തലാണിത്‌. വലിയ അപകടത്തെ ചെറുക്കുന്നതിന്‌ ചെറിയ അഭിപ്രായവ്യത്യാസങ്ങളെ മാറ്റി ഒരുമിക്കണം. കൊടിയ അനീതികൾക്കും അസമത്വങ്ങൾക്കുമെതിരെ നിലകൊള്ളുന്നവ മാത്രമേ സ്ഥായിയായി അതിജീവിക്കൂ.  രാജ്യത്തെ മതരാഷ്‌ട്രമാക്കാനുള്ള നീക്കങ്ങൾ ശക്തിപ്പെടുന്നു. ഭരണഘടനയ്‌ക്കുപകരം മനുസ്മൃതിയെ സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഇതെല്ലാം നമ്മെ വീണ്ടും ഇരുണ്ട കാലങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള ശ്രമമായി തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

സോഷ്യലിസ്‌റ്റ്‌ പേരാട്ടങ്ങൾ വിജയിച്ചേ തീരൂവെന്ന്‌  എം കെ സ്‌റ്റാലിൻ പറഞ്ഞു.  വൈക്കം സത്യഗ്രഹത്തിന്റെ സന്ദേശങ്ങളായിരുന്ന സാമൂഹ്യനീതി, മതനിരപേക്ഷത, മനുഷ്യത്വം, ലിംഗസമത്വം, ശാസ്‌ത്ര അവബോധം എന്നിവയ്‌ക്ക്‌ ഇന്നും പ്രസക്തിയേറെയാണ്‌. വൈക്കം സത്യഗ്രഹത്തിൽ നമ്മൾകണ്ടത്‌ തമിഴ്‌നാട്‌, കേരള നേതാക്കളുടെ യോജിപ്പും സമരശക്തിയുമാണ്‌. ഈ സന്ദേശം വരുംതലമുറയിലേക്ക്‌ എത്തിക്കാൻ ഇത്ര വിപുലമായ ശതാബ്ദി ആഘോഷങ്ങൾ സഹായിക്കും. നാഗർകോവിലിൽ മാർച്ച്‌ ആറിന്‌ നടന്ന ‘തോൾ ശീലൈ’ സമര വാർഷിക വേദിയാണ്‌ ഇവിടെയെത്താൻ അവസരമൊരുക്കിയത്‌. സാമൂഹിക അനാചാരങ്ങൾക്കെതിരെ തമിഴ്‌നാട്ടിലും നിരവധി സമരങ്ങൾ ഉയരാൻ വൈക്കം സത്യഗ്രഹം പ്രേരണയായി. ഏറെ മാറ്റങ്ങൾ വന്നു. ഇനിയും സമാനമായ സമരങ്ങൾ ഉയരേണ്ടതുണ്ട്‌–- സ്‌റ്റാലിൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top