20 April Saturday

വളക്കൂറുള്ള മണ്ണൊരുക്കി വൈക്കം; സമാനതകളില്ലാത്ത പോരാട്ടവീര്യം

ആനന്ദ്‌ ബാബുUpdated: Sunday Aug 14, 2022

വൈക്കം സത്യഗ്രഹ സ്മാരക മന്ദിരം

വൈക്കം > രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന്‌ വളക്കൂറുള്ള മണ്ണൊരുക്കാൻ വൈക്കം സത്യഗ്രഹ ഭൂമി സമ്മാനിച്ചത്‌ സമാനതകളില്ലാത്ത പോരാട്ടവീര്യം. ആ കാലഘട്ടത്തിൽ ജനങ്ങളെ ഒന്നിച്ച് നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ജാതിവിവേചനങ്ങളെ തകർത്തെറിഞ്ഞ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളായിരുന്നു. ഇതിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ സമരകേന്ദ്രമായി മാറിയ ഇടമാണ് വേമ്പനാട്‌ കായലോരത്തെ വൈക്കം.
 
1924 മാർച്ച്‌ 30ന് ആരംഭിച്ച ഐതിഹാസിക സമരം 603 ദിവസം നീണ്ടു. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, തന്തൈ പെരിയാർ തുടങ്ങി നിരവധിപേർ സമരഭൂമിയിലെത്തി ആവേശം പകർന്നു. 1923ൽ ആന്ധ്രയിലെ കാക്കിനടയിൽ നടന്ന കോൺഗ്രസിൽ ടി കെ മാധവന്റെ നേതൃത്വത്തിൽ അയിത്തോച്ചാടനം സംബന്ധിച്ച പ്രമേയം പാസാക്കിയതോടെയാണ് പ്രക്ഷോഭത്തിന് രൂപംനൽകുന്നത്. സത്യഗ്രഹത്തിൽ ഗാന്ധിയുടെയും അന്നത്തെ കോൺഗ്രസിന്റെയും ഇടപെടൽ സാധ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി കെ മാധവനാണ്.
 
സമരം ആരംഭിച്ചതോടെ ശ്രീനാരായണഗുരുവിന്റെ ഉടമസ്ഥതയിലുള്ള വൈക്കത്തെ ആശ്രമം സമര വളന്റിയർമാരുടെ കേന്ദ്രമായി മാറി. ദിവസവും മൂന്ന് വളന്റിയർമാർ തീണ്ടാപ്പലകയും കടന്ന് ചരിത്രത്തിലേക്ക് കാൽവച്ചു. മൃഗീയ മർദനങ്ങളാണ് ഇവർ ഏറ്റുവാങ്ങിയത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ ഈകാലയളവിൽ സ്വാതന്ത്ര്യസമര പോരാട്ടം ശക്തിയാർജിച്ചു. സമരത്തിൽ അസമത്വങ്ങൾക്കെതിരായ പോരാട്ടം വളരെ വലുതാണെന്ന് ഗാന്ധി തിരിച്ചറിഞ്ഞു. അദ്ദേഹം 1925 മാർച്ച് ഒമ്പതിന് വൈക്കത്തെത്തി. ബോട്ട് ജെട്ടിയിൽ ഗാന്ധിയെ വരവേൽക്കാൻ പതിനായിരങ്ങൾ തടിച്ചുകൂടി. കായലോരത്ത് അദ്ദേഹം അവരെ അഭിസംബോധന ചെയ്‌തു.
 
ഇത് സത്യഗ്രഹത്തിന് നൽകിയ ആവേശം വളരെ വലുതായിരുന്നു. അന്ന് ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരിയുമായി ചർച്ചചെയ്യാനെത്തിയ ഗാന്ധിയെ ജാതിയുടെ പേരിൽ വെളിയിൽ പന്തലൊരുക്കിയാണ് നമ്പൂതിരി ചർച്ചയ്‌ക്കിരുത്തിയത്. ഇന്ന് ഇണ്ടംതുരുത്തി മന വൈക്കത്തെ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസായത്‌ കാലത്തിന്റെ കാവ്യനീതി. സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾ എങ്ങും നിറയുമ്പോൾ 1925 നവംബർ 23ന് സമരം വിജയത്തിലെത്തിച്ച പോരാളികളുടെ മുദ്രാവാക്യ മുഴക്കം വീണ്ടും കാതിലെത്തുംപോലെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top