29 March Friday

വൈക്കം പാരമ്പര്യം സംരക്ഷിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

കെപിഎംഎസ് സംസ്ഥാന സമ്മേളനം വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, രമേശ് ചെന്നിത്തല എംഎൽഎ, കൃഷിമന്ത്രി പി പ്രസാദ്, കെപിഎംഎസ് പ്രസിഡന്റ് എൽ രമേശൻ, വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാർ, വൈക്കം നഗരസഭാധ്യക്ഷ രാധികാ ശ്യാം എന്നിവർ സമീപം

വൈക്കം > നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച നേട്ടങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെപിഎംഎസ് സംസ്ഥാന സമ്മേളനവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യനെ മൃഗങ്ങളെക്കാൾ മോശമായി പരിഗണിച്ച കാലത്തെ മാറ്റിയെടുക്കാൻ ഉൽപതിഷ്‌ണുക്കളെല്ലാം ഒരുമിച്ചുനിന്ന്‌ പോരാടിയതിന്റെ ഫലമാണ്‌ നമ്മുടെ ഇന്നത്തെ നാട്‌. മഹദ്‌ വ്യക്തികൾ വൈക്കത്ത്‌ ഉറപ്പിച്ച ആ പാരമ്പര്യത്തെയാണ്‌ നാം മുന്നോട്ടുകൊണ്ടുപോയത്‌. എന്നാൽ പിൻതലമുറക്കാർക്ക്‌ അന്നത്തെപ്പോലെ ഒരുമിച്ചുനിൽക്കാൻ കഴിയുന്നില്ല എന്ന ഗൗരവമായ വിമർശനമാണ്‌ കെപിഎംഎസ്‌ ഇപ്പോൾ ഉന്നയിക്കുന്നത്‌. അതിനർഥം വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങളോട്‌ നീതിപുലർത്താനാവുന്നില്ല എന്നാണ്‌. ഇക്കാര്യത്തിൽ പിന്നോട്ട്‌ പോയിക്കൂടാ. വിമർശനങ്ങളെ ഗൗരവമായെടുത്ത്‌ നല്ല രീതിയിലുള്ള തിരുത്തൽ ആവശ്യമാണ്‌.

നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും പിന്നീട് കമ്യൂണിസ്റ്റ് പാർടിയുമെല്ലാം ഒരുമിച്ചുചേർന്നാണ് കേരളത്തെ ഒരു മാതൃകാ സ്ഥാനമാക്കി മുന്നോട്ട്‌ കൊണ്ടുപോയത്‌. എന്നാൽ നവോത്ഥാന മുന്നേറ്റങ്ങൾ അകറ്റിയ ദുഷിച്ച ആചാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ രാജ്യത്തെമ്പാടും ചിലർ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിക്കുക മാത്രമാണ്‌ അവരുടെ ലക്ഷ്യം. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ വലിയ ക്രൂരത അനുഭവിക്കേണ്ടിവരുമെന്ന്‌ കഴിഞ്ഞ കാലങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. മനുഷ്യത്വവിരുദ്ധമായ കാലത്തെ മഹത്വവൽക്കരിക്കാനുള്ള രാഷ്ട്രീയത്തെ നമുക്ക്‌ മനസിലാക്കാനാവണം. അതിന്‌ കെപിഎംഎസിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പിന്നാക്കക്കാരുടെ ഉന്നമനം പ്രധാനമാണ്‌. അതിനുവേണ്ട ഇടപെടൽ നല്ല തോതിൽ ഉയർന്നുവരണമെന്നും- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top