26 April Friday

വടക്കാഞ്ചേരി ലൈഫ്‌ മിഷൻ ഫ്‌ളാറ്റിന്‌ ബലക്കുറവില്ലെന്ന്‌ റിപ്പോർട്ട്‌; നടുവൊടിഞ്ഞ്‌ വിവാദക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

തൃശൂർ > വടക്കാഞ്ചേരി ലൈഫ്‌ മിഷൻ ഫ്‌ളാറ്റിന്‌ ബലക്കുറവില്ലെന്ന വിദഗ്‌ദസമിതി റിപ്പോർട്ട്‌ വിജിലൻസിന്‌ സമർപ്പിച്ചതോടെ കോൺഗ്രസിനും ബിജെപിയും  ഉൾപ്പടെ വിവാദക്കാർക്ക്‌ കനത്ത തിരിച്ചടി. കമ്പിക്കു പകരം പപ്പതണ്ടുകൊണ്ടാണ്‌ നിർമാണമെന്നായിരുന്നു ആക്ഷേപം. നിരന്തരം  കോൺഗ്രസ്‌, ബിജെപി നേതാക്കളും  ക്രിമിനലുകളും  ഫ്‌ളാറ്റ്‌ സന്ദർശിച്ച്‌  നിർമാണവും തടസപ്പെടുത്തിയിരുന്നു.

പ്രളയം നേരിട്ട കേരളത്തെ സഹായിക്കാൻ 140 വീടുകളടങ്ങുന്ന  ഭവനസമുച്ഛയവും ആശുപത്രിയും  സംസ്ഥാന സർക്കാരിന്‌ നിർമിച്ച്‌ കൈമാറാമെന്ന്‌   യുഇഎ റെഡ്‌ ക്രസന്റ്‌  രേഖാമൂലം  അറിയിക്കുകയായിരുന്നു.   സർക്കാരിന്‌  പണം കൈമാറുന്നില്ലെന്നും പകരം   ഭവനസമുച്ഛയം  തങ്ങൾ  നിർമിച്ചു കൈമാറുമെന്നുമാണ്‌  റെഡ്‌ ക്രസന്റ്‌ ജനറൽ സെക്രട്ടറി  മുഹമദ്‌ അറ്റീഫ്‌ അൽ ഹലാഫി അറിയിച്ചത്‌. നിർമാണ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും പണമിടപാടുകളുമെല്ലാം  റെഡ്‌ക്രസന്റായിരുന്നു.   നിർമാണ കമ്പനിയായ യൂണിടാകുമായി ധാരണാപത്രം ഒപ്പിട്ടതും അവരാണ്‌.   അതുപ്രകാരം കെട്ടിട നിർമാണത്തിനായി വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റ്‌ ഭൂമി സർക്കാർ  വിട്ടു നൽകുകയായിരുന്നു. 140 കുടുംബങ്ങളുടെ സ്വപ്‌നമായി  കെട്ടിടം ഉയർന്നു.

ഇതിനിടെയാണ്‌  തെരഞ്ഞെടുപ്പു മുന്നിൽ കണ്ട്‌  യുഡിഎഫും ബിജപിയും അനാവശ്യവിവാദങ്ങളുണ്ടാക്കിയത്‌.  വടക്കാഞ്ചേരി എംഎൽഎയായിരുന്ന അനിൽ അക്കര സിബിഐക്ക്‌ പരാതി നൽകി. ബിജെപി, കോൺഗ്രസ്‌ ഒത്തുകളിയിൽ  ദിവസങ്ങൾക്കുള്ളിൽ  കേസ്‌ സിബിഐ ഏറ്റെടുത്തു. കുത്തക മാധ്യമങ്ങൾ  കുപ്രചാരണങ്ങൾ നടത്തി.  ഇതോടെ  ആശങ്കയിലായ‌ നിർമാണക്കമ്പനി യൂണിടാക്‌ പണി നിർത്തിവയ്‌ക്കുകയായിരുന്നു.  കെട്ടിടത്തിന്‌ ബലകുറവാണെന്ന പരാതി അന്വേഷിക്കാൻ   വിദഗ്‌ദസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടാണ്‌ സമർപ്പിച്ചത്‌. കെട്ടിട നിർമാണം പൂർത്തീകരിക്കാൻ യുഇഎ വിദേശ വാണിജ്യമന്ത്രി ഡോ. താനി അഹമ്മദ്‌ അൽ സെയൂദിയുമായി മുഖ്യമന്ത്രി  കഴിഞ്ഞ മാസം ചർച്ച ചെയ്‌തു. പദ്ധതി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാമെന്ന്‌ ഡോ. താനി അഹമ്മദ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top