20 April Saturday

വടക്കഞ്ചേരി അപകടം; ടൂറിസ്‌റ്റ്‌ ബസ്‌ ഡ്രൈവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

പാലക്കാട്‌ > വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്‌റ്റ്‌ ബസിലെ ഡ്രൈവർ പിടിയിൽ. കൊല്ലത്ത്‌ നിന്നാണ്‌ ഡ്രൈവർ ജോമോൻ പത്രോസ്‌ പിടിയിലായത്‌. തിരുവനന്തപുരത്തേക്ക്‌ രക്ഷപ്പെടുന്നതിനിടെ ചവറ പൊലീസാണ്‌ ജോമോനെ പിടികൂടിയത്‌. വിദ്യാർഥികളടക്കം ഒമ്പത്‌ പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‌ ശേഷം ഡ്രൈവർ മുങ്ങുകയായിരുന്നു. ചവറ ശങ്കര മംഗലത്ത്‌ നിന്നുമാണ്‌ ജോമോനെ പിടികൂടിയത്‌. കൂടുതൽ വിവരങ്ങൾ തേടാനായി ഡ്രൈവറെ വടക്കഞ്ചേരിയിലേക്ക്‌ കൊണ്ടുപോയി.

അപകട ശേഷം വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിലായിരുന്നു ജോമോൻ ചികിത്സ തേടിയത്. എന്നാൽ ജോജോ പത്രോസ് എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്. പൊലീസുകാരാണ് ജോമോനെ ആശുപത്രിയിലെത്തിച്ചത്. കൈയിലും കാലിലും നിസാര പരിക്കേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. ചികിത്സ തേടിയ ശേഷം ഇ‍യാളെ ആശുപത്രിയിൽ നിന്ന് കാണാതാവുകയായിരുന്നു.

ആദ്യം ഇയാൾ അധ്യാപകനാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പിന്നീടാണ് ഡ്രൈവറാണെന്ന് വ്യക്തമാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പട്ടികയിൽ ജോമോന്‍റെ പേര് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്.

ഒരുമണിക്കൂർ വൈകി യാത്ര ; പരിഹരിക്കാൻ അമിതവേഗം
തീരുമാനിച്ചതിലും ഒരു മണിക്കൂറോളം വൈകിയാണ്‌ മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ 42 വിദ്യാർഥികളും അഞ്ച്‌ അധ്യാപകരും ഉൾപ്പെട്ട വിനോദയാത്രാസംഘം യാത്ര പുറപ്പെട്ടത്‌. വേളാങ്കണ്ണിയാത്ര കഴിഞ്ഞെത്തിയതിനുപിന്നാലെയാണ്‌ അപകടത്തിൽപ്പെട്ട ബസും ഡ്രൈവറും ഊട്ടിയാത്രയ്‌ക്ക്‌ മുളന്തുരുത്തിയിലെത്തിയത്‌. പുറപ്പെടാൻ വൈകിയതിലെ സമയനഷ്ടം പരിഹരിക്കാനുള്ള ഡ്രൈവറുടെ ശ്രമമാകാം അമിതവേഗത്തിലേക്കും  അപകടത്തിലേക്കും നയിച്ചതെന്നാണ്‌ നിഗമനം.

സ്‌കൂൾ വിനോദയാത്രകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന്‌ വിദ്യാഭ്യാസവകുപ്പിന്റെ മാർഗനിർദേശമുണ്ട്‌. രാത്രി ഏഴോടെ മുളന്തുരുത്തിയിൽനിന്ന്‌ യാത്ര തുടങ്ങുമ്പോൾതന്നെ ഈ നിർദേശം ലംഘിക്കപ്പെട്ടു. രാത്രിമുഴുവൻ യാത്ര ചെയ്‌ത്‌ വ്യാഴം പുലർച്ചെ ഊട്ടിയിലെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. പകൽ മുഴുവൻ ഊട്ടിയിൽ ചെലവഴിക്കാമെന്നും കണക്കുകൂട്ടി. വേളാങ്കണ്ണിയാത്രയ്‌ക്കുപിന്നാലെയാണ്‌ ബസ്‌ ഊട്ടി യാത്രക്ക്‌ വന്നതെന്ന്‌ സ്‌കൂൾ അധികൃതരും അറിഞ്ഞിരുന്നതായി രക്ഷിതാക്കളിൽ ചിലർ പറഞ്ഞു. എന്നാൽ, പതിവായി സ്‌കൂൾ ആവശ്യങ്ങൾക്ക്‌ എത്തുന്ന ബസിനെയും ഡ്രൈവറെയും അധികൃതർ വിശ്വാസത്തിലെടുത്തു. വഴിയിൽ വേഗം പരിധികടന്നത്‌ സംഘത്തിലെ ചിലർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top