26 April Friday

വാക്‌സിൻ നയം രൂപീകരിക്കാൻ കേരളം ; ഡോ. ബി ഇക്‌ബാൽ ചെയർമാനായി ഏഴംഗ സമിതി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


തിരുവനന്തപുരം
തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിൽ വാക്‌സിൻ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നയം രൂപീകരിക്കും. ഇതിനായി കോവിഡ്‌ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ ചെയർമാനായി ഏഴംഗ സമിതി രൂപീകരിച്ചു. കോവിഡ്‌ വാക്‌സിൻ അടക്കമുള്ള വിഷയങ്ങൾ സമിതി ചർച്ച ചെയ്യും. സംസ്ഥാനം പിന്തുടരുന്ന സാർവത്രിക പ്രതിരോധ കുത്തിവയ്‌പ്‌ പരിപാടിയിൽ മാറ്റം ആവശ്യമുണ്ടോ, പ്രായപൂർത്തിയായവർക്ക്‌ ഫ്ലൂ, ന്യൂമോകോക്കൽ, ഹ്യൂമൻ പാപിലോമ തുടങ്ങിയ വാക്‌സിൻ നൽകാനുള്ള സാധ്യത, രോഗപ്രതിരോധശേഷിയില്ലാത്തവർ, അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർ, അർബുദ ബാധിതർ എന്നിവർക്ക്‌ നൽകാനുള്ള മാനദണ്ഡം, വാക്‌സിൻ സ്വീകരിക്കേണ്ട വിഭാഗങ്ങളെ തരംതിരിക്കൽ, വാക്‌സിൻ വിതരണവും ചെലവും സംബന്ധിച്ച്‌ ആരോഗ്യ വകുപ്പിനെ ഉപദേശിക്കൽ തുടങ്ങിയവയാണ്‌ സമിതിയുടെ ഉത്തരവാദിത്വം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സാംക്രമികരോഗ വിഭാഗം പ്രൊഫസർ ഡോ. ആർ അരവിന്ദ്‌ സമിതിയുടെ കൺവീനറാണ്‌. കേരള സ്‌റ്റേറ്റ്‌ മെഡിക്കൽ ബോർഡ്‌ ചെയർപേഴ്‌സൺ ഡോ. ആർ ചാന്ദ്‌നി, ഹെൽത്ത്‌ സർവീസ്‌ അഡീ. ഡയറക്ടർ ഡോ. പി പി പ്രീത, ലോകാരോഗ്യസംഘടന പ്രതിനിധി ഡോ. സി പ്രതാപചന്ദ്രൻ, കോട്ടയം മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ വിഭാഗം പ്രൊഫസർ ഡോ. ആർ സജിത്‌ കുമാർ, പാലക്കാട്‌ വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ടി പി ജയരാമൻ എന്നിവർ അംഗങ്ങളുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top