09 December Saturday

കെ എം ഷാജി വലതുപക്ഷ ജീർണ്ണത പൊട്ടി ഒലിക്കുന്ന രാഷ്‌ട്രീയ മാലിന്യം: വി വസീഫ്

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

കോഴിക്കോട്> കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ  കെ സുധാകരനെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്ക് തെറിയഭിഷേകം നടത്തുന്ന മുസ്ലിംലീഗ് നേതാവാണ് കെ എം ഷാജിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മുസ്ലിംലീഗ് അണികൾക്ക് ആവേശം നൽകുന്ന എന്ത് വൃത്തികേടും പൊതുയോഗങ്ങളിൽ  വിളിച്ചുപറയാം എന്നാണ് ഇയാൾ കരുതുന്നത്.

കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ  വിലകുറഞ്ഞ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയാണ് ഷാജി ചെയ്‌തത്. സ്‌ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നതും രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതുമൊന്നും അംഗീകരിക്കാൻ പറ്റാത്ത മാനസികാവസ്ഥയുള്ള ആളാണ് ഷാജിയെന്നും വസീഫ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ  കെ. സുധാകരനെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്ക് തെറിയഭിഷേകം നടത്തുന്ന മുസ്ലിംലീഗ് നേതാവാണ് കെ.എം.ഷാജി. മുസ്ലിംലീഗ് അണികൾക്ക് ആവേശം നൽകുന്ന എന്ത് വൃത്തികേടും പൊതുയോഗങ്ങളിൽ  വിളിച്ചുപറയാം എന്നാണ് ഇയാൾ കരുതുന്നത്. ഇത് ആദ്യത്തെ അനുഭവമല്ല, നേരത്തെ  മുസ്ലിംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെയും മകളെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിനെയും വ്യക്തിപരമായി അധിക്ഷേപിച്ച്  ആനന്ദം കണ്ടെത്തിയ ആളാണ് ഷാജി.  

ഡിവൈഎഫ്ഐക്കാർ മതമല്ല മതമല്ല പ്രശ്നം എന്ന് പറയുന്നവരാണ്, എന്നാൽ ഞങ്ങൾ മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറയുന്നവരാണ്, മതചിന്താഗതിയാണ് തങ്ങളെ നയിക്കുന്നത് എന്നും ഇയാൾ  പറയുകയുണ്ടായി.മത രാഷ്ട്രം നിർമ്മിക്കുന്നതിന് വേണ്ടി ആർ എസ് എസ് പരിശ്രമിക്കുന്ന ഈ വേളയിൽ അത് ശരിയാണ് എന്ന നിലക്ക് പ്രസംഗിച്ച ആളാണ് ഷാജി. തീവ്രമതനിലപാടുകൾ ഉയർത്തിപിടിച്ച് അവരുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാനാണ് ഇയാൾ ശ്രമിക്കുന്നത്.

ഇപ്പോൾ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി സഖാവ് വീണ ജോർജിനെ  വിലകുറഞ്ഞ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയാണ് ഇയാൾ ചെയ്തത്. സ്ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതുമൊന്നും അംഗീകരിക്കാൻ പറ്റാത്ത മാനസികാവസ്ഥയുള്ള ആളാണ് ഷാജി. അത് കൊണ്ടാണ് അറിവും വിദ്യാഭ്യാസവുമുള്ള, കാര്യങ്ങൾ പഠിച്ചു പ്രതികരിക്കുന്ന സഖാവ് വീണജോർജിനെ ഇത്തരത്തിൽ കടന്നാക്രമിച്ചിരിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അതിനെ രാഷ്ട്രീയമായാണ് വിമർശിക്കേണ്ടത്. എന്നാൽ തെറി വിളിച്ചും, സ്ത്രീവിരുദ്ധ പരാമർശം നടത്തിയും തന്റെ രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത് ഇയാളെ  നയിക്കുന്ന ചിന്തയുടെ ജീർണ്ണതയാണ്.

 -  വി വസീഫ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top