17 September Wednesday

മന്ത്രിമാര്‍ സ്‌കൂളില്‍ വിളമ്പുകാരായി; സന്തോഷത്തോടെ കുട്ടികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ചെങ്ങന്നൂര്‍ > മന്ത്രിമാര്‍ ഉച്ചഭക്ഷണം വിളമ്പാന്‍ എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ആദ്യം അത്ഭുതമായിരുന്നു. പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂര്‍ ഗവര്‍മെന്റ് യു പി എസ് പേരിശ്ശേരിയില്‍ ആണ് മന്ത്രിമാരായ വി ശിവന്‍കുട്ടിയും സജി ചെറിയാനും വിളമ്പുകാരായത്.

ചെങ്ങന്നൂര്‍ ഗവര്‍മെന്റ് യു പി എസ് പേരിശ്ശേരിയിലെ പൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്. പരിപാടിക്കിടെയാണ് മന്ത്രിമാര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി ഭക്ഷണം കുട്ടികള്‍ക്ക് വിളമ്പിയത്.

സ്‌കൂളുകളില്‍ നല്ല ഭക്ഷണം ഉച്ചയ്ക്ക് നല്‍കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പി ടി എ, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയില്‍ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുളക്കുഴ ഗവര്‍മെന്റ് എല്‍ പി എസ്,  പേരിശ്ശേരി ഗവര്‍മെന്റ് യു പി സ്‌കൂള്‍, മാന്നാര്‍ ഗവര്‍മെന്റ് ജെ ബി എസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവര്‍മെന്റ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും ചെങ്ങന്നൂര്‍ ഗവര്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ  ഉദ്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.ചടങ്ങുകളില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു.

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഗവണ്മെന്റ് മുഹമ്മദന്‍സ് ഹൈസ്‌കൂള്‍ കൊല്ലക്കടവ്, ഗവര്‍മെന്റ് ഹൈസ്‌കൂള്‍ തിരുവന്‍വണ്ടൂര്‍,ഗവര്‍മെന്റ് എല്‍ പി എസ് പെരിങ്ങാല,ഗവര്‍മെന്റ് എല്‍ പി എസ് കളരിത്തറ എന്നീ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട നിര്‍മാണത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top