20 April Saturday

പ്ലസ്‌ വൺ: എ പ്ലസുകാർക്കെല്ലാം ഇഷ്ടവിഷയം ; സയൻസിന്‌ അധിക ബാച്ച്‌

സ്വന്തം ലേഖകൻUpdated: Monday Oct 25, 2021


തിരുവനന്തപുരം
ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും ഇഷ്‌ടവിഷയത്തിൽ പ്ലസ്‌ വൺ പ്രവേശനം ഉറപ്പാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച 1,25,509ൽ 5812 വിദ്യാർഥികൾക്കാണ് ഇഷ്‌ടവിഷയം ലഭിക്കാനുള്ളത്‌.  ഇവർ താൽപ്പര്യപ്പെടുന്ന സയൻസ് ഗ്രൂപ്പിന്‌ വേണ്ടിവന്നാൽ തൽക്കാലിക ബാച്ച്‌ അനുവദിക്കും. 20 ശതമാനം സീറ്റ് വർധിപ്പിച്ച ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ആവശ്യമെങ്കിൽ 10 മുതൽ 20 ശതമാനംവരെ വർധന അനുവദിക്കും. കുട്ടികൾ പ്രവേശനത്തിനെത്താത്ത ബാച്ചും മറ്റ്‌ ജില്ലയ്‌ക്ക്‌ നൽകും. അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് / അൺ-എയ്ഡഡ് സ്കൂളുകളിലും നിബന്ധനകൾക്ക്‌ വിധേയമായി  20 ശതമാനം സീറ്റ്‌ വർധിപ്പിക്കും. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്മെന്റ്‌ ഘട്ടത്തിലെ അപേക്ഷയെ അടിസ്ഥാനമാക്കി താൽക്കാലിക ബാച്ചും അനുവദിക്കും.

സപ്ലിമെന്ററി അലോട്ട്മെന്റ്‌ പ്രസിദ്ധീകരിച്ചശേഷം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ കോഴ്സ് അടിസ്ഥാനത്തിൽ എത്ര പേർക്ക്‌ സീറ്റ് ലഭിക്കണമെന്ന്‌ കണക്കാക്കി സീറ്റ് ഉയർത്തും. പട്ടികവർഗ വിദ്യാർഥികൾക്കായി വയനാട്  നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലും കൽപ്പറ്റ (കണിയാംപറ്റ) ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസിലും  ഹ്യുമാനിറ്റീസ് ബാച്ച്‌ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.


സപ്ലിമെന്ററി അലോട്ട്മെന്റിന്‌ ഇന്നുമുതൽ അപേക്ഷിക്കാം
ഹയർ സെക്കൻഡറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട്‌ സപ്ലിമെന്ററി അലോട്ട്മെന്റിന്‌ ചൊവ്വ രാവിലെ പത്തുമുതൽ 28ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ, നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർ, മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ്‌ ലഭിച്ച്‌ പ്രവേശനത്തിന് ഹാജരാകാത്തവർ (നോൺ-ജോയിനിങ് ആയവർ), ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയശേഷം ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാനാകില്ല.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതുകൊണ്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റ്‌ പരിഗണിക്കാൻ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം ഉണ്ട്‌. അപേക്ഷകളിലെ പിഴവുകൾ പുതുക്കുന്ന അവസരത്തിൽ തിരുത്തണം.  

വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top