27 April Saturday

"ദേശാഭിമാനി' ഇംപാക്‌ട്‌: റെയിൽവേ ലൈനിനടുത്തുള്ള സ്‌കൂളുകളിൽ കുട്ടികൾക്ക്‌ ബോധവൽക്കരണം നൽകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

തിരുവനന്തപുരം > താനൂരിൽ റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന് മുന്നിൽപ്പെട്ട മൂന്നു വിദ്യാർഥികളെ രക്ഷിച്ച ലോക്കോ പൈലറ്റിന്റെ ശബ്‌ദസന്ദേശം സംബന്ധിച്ച ദേശാഭിമാനി വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. റെയിൽവേ ലൈനിനടുത്തുള്ള സ്‌കൂളുകളിൽ ബോധവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമാർഗനിർദേശം പുറപ്പെടുവിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കുട്ടികളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ദേശാഭിമാനി പത്ര വാർത്ത പങ്കുവച്ചുകൊണ്ട്‌ മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

"മലപ്പുറം ജില്ലയിലെ താനൂരിൽ കുതിച്ചുപായുന്ന എക്‌സ്‌‌പ്രസ് ട്രെയിനിന് മുന്നിൽപ്പെട്ട മൂന്നു വിദ്യാർഥികളെ രക്ഷിച്ച ലോക്കോ പൈലറ്റ് വിനോദ് സ്‌കൂൾ പ്രധാന അധ്യാപികയ്‌ക്ക് അയച്ച ശബ്‌ദ സന്ദേശം സംബന്ധിച്ച വാർത്ത ഇന്നത്തെ ദേശാഭിമാനി ദിനപത്രത്തിൽ കണ്ടു. നെഞ്ചിടിപ്പോടെയാണ് ആ വാർത്ത വായിച്ചത്. റെയിൽവേ ലൈനിനടുത്തുള്ള സ്‌കൂളുകളിൽ ലൈൻ ക്രോസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യകത ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു' - മന്ത്രി പറഞ്ഞു.

എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ്‌ സൂപ്പർ ഫാസ്റ്റ്‌ എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റ്‌ വിനോദാണ്‌ ആ ദിവസത്തെക്കുറിച്ച്‌ താനൂർ ദേവധാർ  ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക കെ ബിന്ദുവിന് വാട്‌സാപ്പിൽ സന്ദേശമയച്ചത്‌. താനൂരെത്തുംമുമ്പാണ്‌ ട്രാക്കിലൂടെ നടന്നുപോകുന്ന മൂന്ന്‌ പെൺകുട്ടികളെ കണ്ടത്‌. നിർത്താതെ ഹോൺമുഴക്കിയിട്ടും കുട്ടികൾ ശ്രദ്ധിക്കുന്നില്ല. അടുത്ത ട്രാക്കിലൂടെ വരുന്ന ഗുഡ്‌സ്‌ ട്രെയിനിലായിരുന്നു അവരുടെ ശ്രദ്ധ. അപകടം ഉറപ്പിച്ച നിമിഷത്തിൽ അസി. ലോക്കോ പൈലറ്റ്‌ ഷുക്കൂറുമായി ആലോചിച്ച്‌ എമർജൻസി ബ്രേക്കിട്ടു, അപ്പോഴും ഹോണടി നിർത്തിയില്ല. തിരിഞ്ഞുനോക്കിയ ഒരുകുട്ടി തൊട്ടരികിലെത്തിയ ട്രെയിൻ കണ്ടു, അവർ ട്രാക്കിൽനിന്ന്‌ ഓടിമാറി.

സ്‌കൂളിലെ മൂന്ന്‌ വിദ്യാർഥികളാണ്‌ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. തുടർന്നാണ്‌ പ്രധാനാധ്യാപികയുടെ നമ്പർ കണ്ടുപിടിച്ച്‌ വിനോദ്‌ ആറ്‌ മിനിറ്റുള്ള ശബ്‌ദസന്ദേശം അയച്ചത്‌. ‘സ്‌കൂളും റെയിൽവേ ട്രാക്കും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ. ട്രാക്കിലിറങ്ങാൻ വഴിയുമുണ്ട്‌. കഴിയുന്നതും പാളംമുറിച്ചുകടക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ കുട്ടികളെ ഓർമിപ്പിക്കണം. മുറിച്ചുകടക്കുന്നുണ്ടെങ്കിൽ അതീവ ജാഗ്രതവേണം. അധ്യാപകരോട്‌ ശ്രദ്ധിക്കാൻ പറയണം. ഒരു കാരണവശാലും പാളത്തിലൂടെ നടക്കരുതെന്ന്‌ കുട്ടികളെ ബോധ്യപ്പെടുത്തണം. സ്‌കൂൾ അസംബ്ലിയിലൂടെ നിരന്തരമായി ഇത്‌ കുട്ടികളെ ഓർമിപ്പിക്കണം. രക്ഷിതാക്കളും നാട്ടുകാരുമെല്ലാം കുട്ടികളുടെ സുരക്ഷ ശ്രദ്ധിക്കണം’- വിനോദ്‌ ഓർമിപ്പിക്കുന്നു.

കുട്ടികൾനിന്ന സ്ഥലത്തുനിന്ന്‌ രണ്ട് ബോഗി കഴിഞ്ഞാണ് ട്രെയിൻ നിന്നത്. അവർ ട്രാക്കിൽനിന്ന്‌ മാറിയിരുന്നില്ലെങ്കിൽ അപകടം ഉറപ്പ്‌. കുട്ടികളോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞ്‌ വണ്ടിയുടെ പ്രഷർ റെഡിയാക്കിയാണ് യാത്ര പുനരാരംഭിച്ചത്‌. പ്രധാനാധ്യാപിക ശബ്‌ദസന്ദേശം അധ്യാപകരുടെയും പിടിഎയുടെയും ഗ്രൂപ്പുകളിലേക്ക്‌ കൈമാറി. വിവിധ വാട്‌സാപ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top