25 April Thursday

പൊതുവിദ്യാലയം ആഴമേറിയ സഹജീവിസ്‌നേഹം സമ്മാനിക്കും; മകനോടൊപ്പമുള്ള പ്രവേശനോത്സവ അനുഭവം പങ്കുവെച്ച് വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കണ്ണൂർ> പ്രവേശനോത്സവ ദിവസം മകനൊപ്പം സ്കൂളിലെത്തിയ അനുഭവം പങ്കുവെച്ച് വി ശിവദാസൻ എംപി. എന്റെ മകനെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പൊതുവിദ്യാലയം അവന് ആഴമേറിയ സഹജീവിസ്നേഹവും ശാസ്ത്രബോധവും സമ്മാനിക്കുമെന്നെനിക്കുറപ്പുണ്ടെന്നും അദ്ദേഹം ഫെയ്‌സ്‌‌‌ബുക്കിൽ കുറിച്ചു.

സ്കൂൾ ഫീസടക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത അമ്പാടിയെന്ന പിഞ്ചു വിദ്യാർത്ഥി എന്റെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയാണെന്നും വിദ്യാർത്ഥികൾക്ക് ഫീസടക്കാൻ കഴിയാത്തതിനാൽ കണ്ണീർ വാർക്കേണ്ടി വരാത്തതാണ് ഇന്നത്തെയെന്റെ കേരളമെന്നും അദ്ദേഹം പറഞ്ഞു.


ഫെയ്‌സ്‌ബുക്ക് കുറിപ്പ്


മകനൊപ്പം സ്കൂൾ മുറ്റത്ത്
ഇന്ന് രാവിലെ മകനൊപ്പം കൂത്തുപറമ്പ് യുപി സ്കൂളിൽ പോയി. അവൻ നാലാം ക്ലാസിലെത്തിയിരിക്കുന്നു. കൂത്തുപറമ്പ് യുപി സ്കൂളിലെ വിദ്യാർത്ഥിയായി അവൻ മൂന്നു വർഷം പിന്നിട്ടിരിക്കുന്നു. അവിടെ അവനൊരുപാട് കൂട്ടുകാരുണ്ട്. ആടിയും പാടിയും ആർത്തുലസിച്ചും ഇണങ്ങിയും പിണങ്ങിയും അവർ അവരുടെ വിദ്യാഭ്യാസകാലം  ആഘോഷിക്കുകയാണ്. അവനവിടെ ഉച്ചഭക്ഷണം കിട്ടുന്നുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കെപി മോഹനൻ എംഎൽഎക്കൊപ്പം ഞാനും അവിടെപോയിരുന്നു. അവിടെയുള്ള അധ്യാപകരിലെ അസാധാരണത്വമല്ല, സാധാരണത്വമാണ് എനിക്ക് വളരെയേറെ സന്തോഷമേകുന്നത്. സാധാരണക്കാരായ അധ്യാപകരും സാധാരണക്കാരായ വിദ്യാർത്ഥികളും അവരങ്ങനെ….

ഇതുഞാനിവിടെ എഴുതുന്നത് എന്റെ മകൻ നാലാം ക്ലാസിലെത്തിയിരിക്കുന്നുവെന്ന എന്റെ വ്യക്തിപരമായ ആഹ്ളാദപ്രകടത്തിനല്ല. മറിച്ച് എന്റെ മകൻ പൊതു വിദ്യാലയത്തിൽ നാലാംക്ലാസിലെത്തിയിരിക്കുന്നുവെന്നത് നാട്ടുകാരോട് പറയുന്നതും ഒരുരാഷ്ട്രീയ പ്രവർത്തനമാണെന്ന്   മനസിലാക്കുന്നതിനാലാണ്. സ്കൂൾ ഫീസടക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത അമ്പാടിയെന്ന പിഞ്ചു വിദ്യാർത്ഥി എന്റെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയാണ്. വിദ്യാലയ മുറ്റത്തേക്ക്  കടന്നുവരുന്ന കുട്ടികളെ അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് വരവേൽക്കുന്ന സ്നേഹച്ചൂടിനിടയിലും അമ്പാടിയുടെ ഓർമ്മകൾ മനസിൽ വേദനയുടെ നനുത്ത മഴയായി പെയ്യുന്നുണ്ടായിരുന്നു.  വിദ്യാർത്ഥികൾക്ക് ഫീസടക്കാൻ കഴിയാത്തതിനാൽ കണ്ണീർ വാർക്കേണ്ടി വരാത്തതാണ് ഇന്നത്തെയെന്റെ കേരളം.
കൂത്തുപറമ്പ് സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ മികച്ച നിലയിലായിരുന്നു. അധ്യാപകർ, രക്ഷിതാക്കൾ, മുൻ അധ്യപകർ അങ്ങനെ വിദ്യാലയവുമായി ഹൃദയ ബന്ധമുള്ള നിരവധി പേരവിടെയെത്തിയിരുന്നു.

എന്റെ മകനെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പൊതുവിദ്യാലയം അവന് ആഴമേറിയ സഹജീവിസ്നേഹവും ശാസ്ത്രബോധവും സമ്മാനിക്കുമെന്നെനിക്കുറപ്പുണ്ട്. എന്റെ മകൻ നാളെ ഏതു മേഖലയിലെത്തിയാലും അവനിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്ന രണ്ടുഗുണങ്ങളാണത്. മലയാളനാട്ടിലെ കുട്ടികളിൽ നിന്നും നാടാകെ പ്രതീക്ഷിക്കുന്നത് അതുതന്നെയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.

കൂത്തുപറമ്പ് സ്കൂളിൽ ഗാന്ധിജിയുടെ മനോഹരമായ അർദ്ധകായപ്രതിമക്ക് അഭിമുഖമായി നിന്നായിരുന്നു ഞാൻ സംസാരിച്ചത്. ഇന്നത്തെ ഇന്ത്യയിൽ ഗാന്ധിജിയുടെ ചിത്രസാമീപ്യത്തിനുൾപ്പെടെ വലിയ അർത്ഥമാനങ്ങളുണ്ട്. ഗാന്ധിജിയുടെ സ്നേഹഗീതങ്ങൾ കുട്ടികളുടെ മനസിന് കൂടുതൽ വെളിച്ചം നൽകും. ഞാൻ കുട്ടികളോട് കൂടുതൽ പ്രസംഗിക്കാനൊന്നും നിന്നിരുന്നില്ല. ചെറുപ്പത്തിലേ  മനസിൽ പതിഞ്ഞവരികൾ- 'പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും, പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം'-  കുട്ടികൾക്കൊപ്പം ഏറ്റുപാടുകമാത്രം ചെയ്തു.

ഡോ വി ശിവദാസന്‍ എംപി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top