16 September Tuesday

റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം: വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കണ്ണൂർ> ട്രെയിനുകൾ കത്തുന്നത് നിത്യവും വാർത്തയിൽ ഇടം പിടിക്കുന്ന സാഹചര്യത്തിൽ റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന്‌ വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

മുൻവർഷങ്ങളിലെ പോലെ ഈ വർഷവും എല്ലാ മാസവും ട്രെയിനുകൾ കത്തുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2023ൽ ഇതുവരെ ഉത്തർപ്രദേശ് , മധ്യപ്രദേശ്, ആസാം, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ട്രെയിൻ കത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി നാലാം തീയതിയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിൽ ഇഎംയു ട്രെയിനിന് തീപിടിച്ചത്.   പതിനാന്‌ ഗുവാഹത്തി -കൊൽക്കത്ത സ്‌പെഷ്യൽ ട്രെയിനിന് തീപിടിച്ചു. യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.  

മാർച്ച്  പതിനൊന്നിന്‌ വൈകീട്ട്‌ ഗുവാഹത്തിയിലെ ചന്ദ്മാരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ വിനാശകരമായ തീപിടുത്തമുണ്ടായി. സംഭവം നടക്കുമ്പോൾ ട്രെയിൻ ലോവർ അസമിലേക്ക് പോവുകയായിരുന്നു.  ഏപ്രിൽ പതിനേഴിന് ഗുജറാത്തിലെ ബോട്ടാഡ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ തീപിടിത്തമുണ്ടായി.  ഇരുപത്തിമൂന്നാം തീയതി മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ പ്രീതം നഗർ റെയിൽവേ സ്‌റ്റേഷനിൽ രത്‌ലം-അംബേദ്കർ നഗർ ഡിഇഎംയു ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു.

ട്രെയിൻ കത്തിയ സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി സർക്കാരുകൾ ആണുള്ളത്. കേരളത്തിൽ സംസ്ഥാന സർക്കാറിനെ പഴിചാരി രക്ഷപ്പെടാനുള്ള ആർഎസ്എസിന്റെയും അതിനു കൂട്ടുനിൽക്കുന്ന കോൺഗ്രസിന്റെയും ശ്രമം പരിഹാസ്യമാണ്.

തുടർച്ചയായി തീ പിടിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. കൊച്ചുകളിലും സ്റ്റേഷനുകളിലും ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ അടക്കം യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി എടുക്കണം . റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ ഒഴിവുകൾ നികത്തണം. സുരക്ഷിതമായ റെയിൽവേ യാത്ര ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ് . അതുറപ്പ് വരുത്താനുള്ള കടമ   റെയിൽവെയ്ക്കുണ്ട്. ആ കടമ നിർവഹിക്കുന്നുണ്ട് എന്നുറപ്പ് വരുത്തണമെന്നും ഡോ വി ശിവദാസൻ എംപി പ്രസ്താവനയിൽ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top