24 April Wednesday

വി ശിവദാസനും ബ്രിട്ടാസും പത്രിക നൽകി ; വിജയികളായി പ്രഖ്യാപനം 23ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


തിരുവനന്തപുരം
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളായ വി ശിവദാസനും ജോൺബ്രിട്ടാസും നാമനിർദേശ പത്രിക നൽകി. വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ്‌ വി ഉണ്ണിക്കൃഷ്‌ണൻ നായർ മുമ്പാകെയാണ്‌ ഇരുവരും ഒരുമിച്ചെത്തി പത്രിക നൽകിയത്‌.  എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്ഥാന  സെക്രട്ടറി കാനം  രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പാർലമെന്റിൽ ഇരുവരും കേരളത്തിന്‌ വേണ്ടി ശക്തമായി ഇടപെടുമെന്നും രാജ്യത്തിന്റെ  മതനിരപേക്ഷത സംരക്ഷിക്കാൻ പോരാടുമെന്നും പിന്നീട്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇരുവരുടെയും അനുഭവ സമ്പത്ത്‌ കേരളത്തിന്‌ മുതൽകൂട്ടാകുമെന്ന്‌ കാനം രാജേന്ദ്രൻ പറഞ്ഞു.

യുഡിഎഫ്‌ സ്ഥാനാർഥിയായി പി വി അബ്‌ദുൾ വഹാബ്‌ നേരത്തെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നിലവിലെ കക്ഷിനില അനുസരിച്ച്‌ എൽഡിഎഫിന്‌ രണ്ടുപേരെയും യുഡിഎഫിന്‌ ഒരാളെയും വിജയിപ്പിക്കാം.  ഡോ. പത്മരാജനും പത്രിക നൽകിയിട്ടുണ്ട്‌. എന്നാൽ എംഎൽഎമാരുടെ പിന്തുണയില്ലാത്തതിനാൽ സൂക്ഷ്‌മ പരിശോധനയിൽ ഇത്‌ തള്ളും.

നിയമപ്രകാരം 10 എംഎൽഎമാരുടെ പിന്തുണ വേണം. ബുധനാഴ്‌ചയാണ്‌ സൂക്ഷ്‌മ പരിശോധന. 23ന്‌ വൈകിട്ട്‌ മൂന്ന് ‌വരെ പത്രിക പിൻവലിക്കാം. തുടർന്ന്‌ നാലോടെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, പി വി അബ്ദുൾവഹാബ്‌ എന്നിവരെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top